ജൽ ജീവൻ മിഷൻ; പൈപ്പ് കത്തിനശിച്ച സംഭവത്തിൽ അന്വേഷണം വൈകുന്നു
text_fieldsഅടിമാലി: പൂപ്പാറയിൽ ജൽ ജീവൻ മിഷന്റെ പൈപ്പ് കത്തിനശിച്ച സംഭവത്തിൽ റവന്യൂ, ഫയർഫോഴ്സ് വകുപ്പുകൾ ജലവിഭവ വകുപ്പിന് റിപ്പോർട്ട് നൽകിയെങ്കിലും പൊലീസ് അന്വേഷണ റിപ്പോർട്ട് വൈകുന്നു. ഇതുമൂലം തുടർനടപടികളും വൈകുന്നു. സാമ്പിളുകളുടെ ഫോറൻസിക് പരിശോധന ഫലം ലഭിക്കാത്തതാണ് അന്വേഷണ റിപ്പോർട്ട് വൈകാൻ കാരണമെന്നാണ് ശാന്തൻപാറ പൊലീസ് നൽകുന്ന വിശദീകരണം. മാർച്ച് ഒന്നിനാണ് എസ്റ്റേറ്റ് പൂപ്പാറയിൽ വില്ലേജ് ഓഫിസിന് സമീപം മൈതാനത്ത് സൂക്ഷിച്ചിരുന്ന 70 കിലോമീറ്റർ നീളം വരുന്ന പൈപ്പ് കത്തിനശിച്ചത്.
നെടുങ്കണ്ടം, മൂന്നാർ എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേന യൂനിറ്റുകളും നാട്ടുകാരും ചേർന്ന് രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് തീ കെടുത്തിയത്. 2.60 കോടി രൂപയുടെ പൈപ്പുകൾ കത്തിനശിച്ചതായാണ് ജലവിഭവ വകുപ്പ് അധികൃതർ പറയുന്നത്. മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ തീപിടിക്കാത്തതും ഭാഗികമായി കത്തിയതുമായ പൈപ്പുകൾ ഇവിടെനിന്ന് മാറ്റിയെങ്കിലും ഇതിൽ അഞ്ച് കിലോമീറ്റർ പൈപ്പ് മാത്രമാണ് പുനരുപയോഗിക്കാൻ കഴിയുകയെന്ന് ജലവിഭവ വകുപ്പ് കണ്ടെത്തിയിരുന്നു. ഹൈ ഡെൻസിറ്റി പോളിത്തിലീൻ പൈപ്പുകൾ (എ.ച്ച്.ഡി.പി.ഇ) ആയതിനാൽ ചൂടേറ്റാൽ ഘടനയിൽ മാറ്റംവരും. അതുകൊണ്ടുതന്നെ ശുദ്ധജല വിതരണത്തിന് ഈ പൈപ്പുകൾ ഉപയോഗിക്കാൻ കഴിയില്ല. സമീപത്തുണ്ടായ കാട്ടുതീ പൈപ്പുകൾ സൂക്ഷിച്ചിരുന്ന മൈതാനത്തേക്ക് പടർന്നതാണ് അപകടത്തിന് കാരണമെന്നാണ് റവന്യൂ, ഫയർ ഫോഴ്സ് വിഭാഗങ്ങൾ നൽകിയ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ എക്സിക്യൂട്ടിവ് എൻജിനീയർ ജലവിഭവ വകുപ്പ് മാനേജിങ് ഡയറക്ടർക്ക് വിശദമായ റിപ്പോർട്ട് നൽകി. എന്നാൽ, പൊലീസ് അന്വേഷണം പൂർത്തിയായാൽ മാത്രമേ സംഭവത്തിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്ന് വ്യക്തമാകൂ എന്നാണ് ജലവിഭവ വകുപ്പ് അധികൃതർ പറയുന്നത്.
എറണാകുളം സ്വദേശിയാണ് ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി ശാന്തൻപാറ ഉൾപ്പെടെ പഞ്ചായത്തുകളിൽ പൈപ്പുകൾ സ്ഥാപിക്കാൻ കരാറെടുത്തിരിക്കുന്നത്. കത്തിനശിച്ച പൈപ്പുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരുന്നില്ല. പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ നഷ്ടം ആരാണ് വഹിക്കേണ്ടതെന്ന കാര്യത്തിൽ ജലവിഭവ വകുപ്പിന് അന്തിമ തീരുമാനമെടുക്കാൻ കഴിയൂ. എങ്കിലും കത്തിയ പൈപ്പുകൾക്ക് പകരം പൈപ്പുകൾ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നുണ്ട്. പൈപ്പുകൾ കത്തിയതിന് ശേഷം ശാന്തൻപാറ പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം നിർത്തിവെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.