ചൂടേറിയ വിഷയങ്ങൾ ചർച്ചചെയ്ത് ജനകീയ സദസ്സ്
text_fieldsഅടിമാലി: സമരാഗ്നി യാത്രയുടെ ഭാഗമായി നടന്ന ജനകീയ ചര്‍ച്ചാ സദസ്സില്‍ ഉയർന്നത് ഭൂമി-പട്ടയം, വന്യജീവി ശല്യം മൂലം കാര്‍ഷിക മേഖല നേരിടുന്ന വെല്ലുവിളികൾ അടക്കം ജനകീയ പ്രശ്നങ്ങൾ. ബുധനാഴ്ച രാവിലെ പത്ത് മുതൽ അടിമാലി ക്ലബിലാണ് ജനകീയ ചർച്ച സദസ്സ് നടന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും വിവിധ തുറകളിലുള്ളവരുമായി സംവദിച്ചു.
തോട്ടം തൊഴിലാളികൾ, വന്യമൃഗ ആക്രമണങ്ങളിൽ പരിക്കേറ്റവർ, പട്ടയം ലഭിക്കാത്ത കുടിയേറ്റ കർഷകർ, ഇറക്കി വിടപ്പെട്ട വ്യാപാരികൾ, പെൻഷൻ നിഷേധിക്കപ്പെട്ടവർ, റബർ കർഷകർ എന്നിങ്ങനെ ജില്ലയുടെ എല്ലാ പ്രദേശങ്ങളിൽ നിന്നും എത്തിച്ചേർന്ന 374 പേർ രണ്ടരമണിക്കൂറോളം ഇരു നേതാക്കളുമായി ചർച്ച നടത്തി.
പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ മാങ്കുളം ചിക്കണംകുടി ഗോപാലൻ സദസ്സിലെത്തിയിരുന്നു. ജോലിക്ക് പോകുന്നതിനിടെയാണ് പുലി ആക്രമിച്ചത്. ഒരു വർഷം കഴിഞ്ഞിട്ടും ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് ഗോപാലൻ ആരോപിച്ചു. നഷ്ടപരിഹാരം ലഭ്യമാക്കാനും വന്യജീവി ശല്യം തടയാനുള്ള നടപടി സ്വീകരിക്കാനും സഹായിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
വന്യജീവി ശല്യം പരിഹരിക്കാൻ അനുയോജ്യമായ പദ്ധതികൾ നടപ്പാക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞു. പട്ടയവുമായി ബന്ധപ്പെട്ട പ്രശ്നം അവതരിപ്പിക്കാനാണ് ഇരട്ടയാർ മുളന്താശേരി സോമൻ എത്തിയത്. 40 വർഷമായി പട്ടയം കിട്ടിയിട്ടില്ല.
പട്ടയത്തിന് അസൈൻമെന്റ് ഓഡർ ലഭിച്ചു. ചലാനും അടച്ചു. എൽ.എ ഓഫീസിൽ നിന്ന് സർക്കാരിന്റെ 500 രൂപയുടെ സ്റ്റാമ്പ് മേടിപ്പിക്കുകയും ചെയ്തു. വ്യാഴാഴ്ചത്തെ പട്ടയമേളയിൽ പട്ടയം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. അന്വേഷിച്ചപ്പോൾ 1964 ലെ നിയമപ്രകാരമുള്ള പട്ടയ വിതരണം കോടതി തടഞ്ഞുവെന്നും കിട്ടില്ലെന്നും അറിഞ്ഞു.
പട്ടയം കിട്ടാൻ സഹായിക്കണമെന്നാണ് ആവശ്യം. ജില്ലയിലെ ആയിരകണക്കിന് കർഷകരെ ബാധിക്കുന്ന വിഷയമാണിതെന്നും ആവശ്യമെങ്കിൽ നിയമപരമായ സഹായം നൽകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രളയം വീടും ഭൂമിയും കവർന്നതിന്റെ സങ്കടവുമായാണ് സതീശൻ പനംകുട്ടി സദസിൽ എത്തിയത്. 2018 ലെ പ്രളയത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ടു. പകരം കിട്ടിയ ഭൂമിയിൽ വഴിയും വെള്ളവും ഇല്ല. വീട് പണി പാതി വഴിയിലാണ്. വെള്ളം വിലക്ക് വാങ്ങിയാണ് പണി നടത്തിയത്. ഒരു നിവൃത്തിയും ഇല്ല. നാല് വർഷമായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുകയാണ്.
നിർമാണ നിരോധന ഉത്തരവ് മൂലം ജില്ല പ്രതിസന്ധിയിലാണെന്ന് മർച്ചന്റ് അസോസിയേഷൻ നേതാവ് പി.എം. ബേബി സദസിൽ വിഷയം ഉന്നയിച്ചു. സർക്കാർ കൊണ്ടുവന്ന നിയമഭേദഗതികൊണ്ട് ഈ വിഷയം പരിഹരിക്കാൻ കഴിയില്ല. ക്രമവത്കരണത്തിന്റെ പേരിൽ വൻ തുക പിഴയീടാക്കാനാണ് സർക്കാർ നീക്കം. ഇത് വൻ അഴിമതിക്കുള്ള നീക്കമാണ്. ഈ വിഷയത്തിൽ ഇടപെടണമെന്നും ഇദ്ദേഹം പറഞ്ഞു.
സി.എച്ച്.ആർ മേഖലയിലെ പ്രശ്നം പരിഹരിക്കാൻ ഇടപെടണമെന്നാണ് പി.ആർ. സന്തോഷ് ചൂണ്ടിക്കാട്ടിയത്. ഏലം സ്റ്റോർ പണിയാൻ പോലും അനുമതി കിട്ടുന്നില്ലെന്ന് ഇദ്ദേഹം പറഞ്ഞു. വട്ടവടയിലെ പച്ചക്കറി കൃഷികർക്ക് ഹോർട്ടികോർപ്പ് രണ്ട് വർഷമായി സംഭരണവില നൽകുന്നില്ലെന്നും ഇത് മൂലം കർഷകർ ദുരിതത്തിലാണെന്നും രാമയ്യ എന്ന കർഷകൻ ചൂണ്ടിക്കാട്ടി.
തുടർ കൃഷി ചെയ്യാൻ പണമില്ല. ഈ വിഷയം പരിഹരിക്കാൻ സഹായിക്കണമെന്നും ഇദ്ദേഹം പറഞ്ഞു. ഭൂ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ യഥാർഥകാര്യങ്ങൾ കേടതിയെ ബോധ്യപ്പെടുത്തുന്നതിൽ സർക്കാർ അഭിഭാഷകർ ഗുരുതര വീഴ്ച വരുത്തുന്നവെന്ന ആരോപണമാണ് മർച്ചന്റ് അസോസിയേഷൻ ജില്ല വർക്കിങ് പ്രസിഡന്റ് കെ ആർ വിനോദ് ഉന്നയിച്ചത്.
പട്ടയ വിതരണം തടഞ്ഞുള്ള ഹൈകോടതി ഉത്തരവ് ഉൾപ്പെടെ ജില്ലയെ പ്രതികൂലമായി ബാധിക്കുന്ന എല്ലാ ഉത്തരവുകൾക്കും കാരണം കേസ് നടത്തിപ്പിലുള്ള സർക്കാരിന്റെ വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ഈ വിഷയം നിയമസഭയിൽ കൊണ്ടുവരുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
കെ.പി.സി സി.ജന:സെക്രട്ടറിയും ജനകീയ ചർച്ച സദസ്സിന്റെ സംസ്ഥാന തല ചെയർമാനുമായ പഴകുളം മധു അധ്യക്ഷത വനിച്ചു. ഡീൻ കുര്യാക്കോസ് എം.പി, ജോസി സെബാസ്റ്റ്യൻ, ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യു, കെ.പി.സി.സി.ഭാരവാഹികളായ എസ്.അശോകൻ, പി എം. നിയാസ്, ഏ.കെ. മണി, ജോയി തോമസ് റോയി കെ. പൗലോസ് സദസിന്റെ ജില്ലാ തല ചെയർമാൻ എ.പി. ഉസ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഇടുക്കിയുടെ പ്രശ്നങ്ങൾ സർക്കാർ അവഗണിക്കുന്നു -പ്രതിപക്ഷ നേതാവ്
അടിമാലി: ഇടുക്കിയുടെ സമ്പദ് ഘടന തകിടം മറിയുമ്പോഴും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജില്ലയുടെ പ്രശ്നങ്ങള്‍ അവഗണിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
സമരാഗ്നി യാത്രയുമായി ബന്ധപ്പെട്ട് അടിമാലിയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1964 ലെ ഭൂപതിവ് ചട്ടം അനുസരിച്ചുള്ള പട്ടയങ്ങള്‍ നല്‍കരുതെന്ന ഹൈകോടതി വിധിയെ തുടർന്ന് വ്യാഴാഴ്ച വിതരണം ചെയ്യാനിരുന്ന 3000 പട്ടയങ്ങള്‍ ഒഴിവാക്കി.
കൈയേറ്റ ഭൂമിയില്‍ ഒരു പട്ടയവും നല്‍കിയിട്ടില്ലെന്നും കൈയേറ്റക്കാര്‍ ഉണ്ടാക്കിയ വ്യാജ പട്ടയങ്ങള്‍ റദ്ദാക്കിയതിന്റെ പട്ടികയും സര്‍ക്കാര്‍ കോടതിയില്‍ നല്‍കണമായിരുന്നു. അറിയപ്പെടുന്ന സി.പി.എം നേതാക്കള്‍ ആ പട്ടികയിലുള്ളത് കൊണ്ടാണ് സര്‍ക്കാര്‍ അങ്ങനെയൊരു നിലപാട് സ്വീകരിക്കാതിരുന്നും സതീശൻ കുറ്റപ്പെടുത്തി.
പട്ടയവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ പാസാക്കിയ നിയമത്തിന് ചട്ടം വന്നിട്ടില്ല. ഫീസ് ഈടാക്കാന്‍ ശ്രമിച്ചാല്‍ ഗുരുതര ഭവിഷ്യത്ത് ഉണ്ടാകുമെന്ന ആശങ്ക യു.ഡി.എഫ് നിയമസഭയില്‍ ഉന്നയിച്ചിട്ടുണ്ട്. പട്ടയ ഭൂമിയില്‍ ഇനിയും നിർമിതികള്‍ വന്നാല്‍ വില്ലേജ് ഓഫീസ് മുതല്‍ കലക്ടറേറ്റ് വരെ കയറി ഇറങ്ങേണ്ടി വരും.
ചിന്നക്കനാലില്‍ വനഭൂമിയായി പ്രഖ്യാപിച്ച സ്ഥലം ഡീ നോട്ടിഫൈ ചെയ്യാനുള്ള ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. സി.പി.എം നേതാക്കള്‍ ഇടുക്കിയില്‍ വന്ന് പറയുന്നതിന് വിരുദ്ധമായ നിലപാടാണ് സര്‍ക്കാര്‍ പ്ലീഡര്‍മാര്‍ കോടതിയില്‍ സ്വീകരിക്കുന്നത്.
വന്യമൃഗ ശല്യത്തില്‍ കാര്‍ഷിക നാശവും ജീവഹാനിയും ഉണ്ടായ 7000 കുടുംബങ്ങള്‍ക്ക് ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ല. വട്ടവടയിലെ പച്ചക്കറി ഹോട്ടികോര്‍പ് സംഭരിക്കുന്നില്ല. 50 ലക്ഷം രൂപയാണ് വട്ടവടയിലെ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. പ്രതിപക്ഷമെന്ന നിലയിലുള്ള പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഓരോ പ്രശ്നങ്ങള്‍ക്കും സമരം ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ പരിഹാരമുണ്ടാക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വന്യജീവികളും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാന്‍ ഇത്തവണത്തെ ബജറ്റില്‍ 48 കോടി മാത്രമാണ് നീക്കി വെച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഉദാസീനമായാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.
സമരാഗ്നി മുന്നോട്ട് പോകുന്നത് സാധാരണക്കാരുടെ കണ്ണീർ കണ്ട് -കെ.സുധാകരൻ
അടിമാലി: പിണറായി പോലെ സമ്പന്നരുടെ തലോടൽ കണ്ടല്ല സാധാരണക്കാരുടെ കണ്ണുനീർ കണ്ടാണ് സമരാഗ്നി മുന്നോട്ട് പോകുന്നതെന്ന് കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരൻ എം.പി. സമരാഗ്നി പ്രക്ഷോഭയാത്രക്ക് അടിമാലിയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കാത്ത ക്രൂരതയുടെ പര്യായമായി മുഖ്യമന്ത്രിയും മന്ത്രിമാരും മാറി. ശിവശങ്കരൻ ജയിലിൽ കിടന്നത് പിണറായിക്ക് വഴിയൊരുക്കാനാണെന്നും പിണറായിയും മകൾ വീണയും ജയിലിൽ കിടക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം ചെയർമാൻ എ.കെ.മണി അധ്യക്ഷത വഹിച്ചു.അഡ്വ: ഡീൻ കുര്യാക്കോസ് എം.പി., അഡ്വ:മാത്യു കുഴൽ നാടൻ എം.എൽ.എ, അഡ്വ: ജെബി മേത്തർ എം.പി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.