താൽക്കാലികമായി തുറന്ന ജനമൈത്രി പൊലീസ് കാൻറീനുകൾ അടച്ചു
text_fieldsഅടിമാലി: ഡി.ജി.പി താൽക്കാലികമായി തുറക്കാൻ അനുവദിച്ച ജനമൈത്രി പൊലീസ് കാൻറീനുകൾ അടച്ചു. അടിമാലി, മൂന്നാർ, കട്ടപ്പന, പീരുമേട്, തൊടുപുഴ, നെടുങ്കണ്ടം പൊലീസ് സ്റ്റേഷനുകളോട് ചേർന്ന് പ്രവർത്തിച്ചിരുന്ന പൊലീസ് കാൻറീനുകളാണ് അടച്ചത്.
ജില്ല പൊലീസ് മേധാവിയുടെ ഉത്തരവിനെ തുടർന്ന് നവംബർ 26നാണ് പൊതുജനങ്ങളെ വിലക്കി ജില്ല പൊലീസ് മേധാവി ഉത്തരവിറക്കിയത്. ഇതോടെ പൊലീസ് അസോസിയേഷൻ തീരുമാനപ്രകാരം കാൻറീനുകൾ പൂർണമായി അടച്ചിരുന്നു. ജില്ല പൊലീസ് മേധാവിയുടെ നടപടി വിവാദമായതോടെ വിഷയത്തിൽ ഇടപെട്ട ഡി.ജി.പി സ്റ്റേഷൻ ഹൗസ് ഓഫിസർമാരെ വിളിച്ചുവരുത്തി വിശദാംശങ്ങൾ തേടിയിരുന്നു.
തുടർന്ന് ഡിസംബർ 20വരെ താൽക്കാലികമായി തുറക്കാൻ അനുമതി നൽകുകയും ചെയ്തു. ഇതിനുശേഷം വേറെ ഉത്തരവ് ഉണ്ടാകാത്തതാണ് കാൻറീനുകൾ വീണ്ടും അടക്കേണ്ടി വന്നത്. അതേസമയം, കാൻറീനുകളുടെ നടത്തിപ്പ് സംബന്ധിച്ച് ഗുരുതര പിഴവുകൾ കണ്ടെത്തിയതായി വിവരമുണ്ട്. ഭൂരിഭാഗം കാൻറീനുകളും നിയമപരമല്ലാതെയാണ് പ്രവർത്തിച്ചത്.
പലയിടത്തും വരവുചെലവ് കണക്കുകൾപോലും ഇല്ലായിരുന്നു. ചില പൊലീസുകാർ കാൻറീനുകളുടെ പ്രവർത്തനത്തിനായി മാത്രം പ്രവർത്തിച്ചു. കൂടാതെ വിനോദസഞ്ചാരികളെ ഉൾപ്പെടെ ആകർഷിക്കാൻ ചില കാൻറീനുകളിൽ വമ്പൻ സന്നാഹങ്ങളും ഒരുക്കി. ഇതിനായി പൊലീസുകാരിൽനിന്ന് പിരിവെടുക്കുകയും വലിയ തുകകൾ ലോൺ എടുക്കുകയും ചെയ്തിട്ടുണ്ട്. ചിലയിടങ്ങളിൽ വൈദ്യുതി, വെള്ളം എന്നിവ ഉപയോഗിച്ച വകയിൽ വകുപ്പിനു വലിയ നഷ്ടമുണ്ടാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.