കള്ളകുട്ടിക്ക് വേണം ഒരു പാലം
text_fieldsഅടിമാലി: കാലവർഷം ശക്തമായതോടെ ഭീതിയിലാണ് മാങ്കുളം പഞ്ചായത്തിലെ കള്ളകുട്ടി ആദിവാസി ഗ്രാമം. പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക ഈറ്റപ്പാലം തകരരുതെന്ന പ്രാർഥന മാത്രമാണ് കുടിയിലുള്ളവർക്ക്. 2018 ജൂലൈ അവസാന ആഴ്ചയിലാണ് കോരിച്ചൊരിയുന്ന മഴയും ഉരുള്‍പൊട്ടലും ഈ ആദിവാസി കോളനിയെ തകിടംമറിച്ചത്. കോളനിയെ ജനവാസ മേഖലയുമായി ബന്ധിപ്പിക്കുന്ന പാലം ഒഴുകിപ്പോയതോടെ ഇവിടം ഒറ്റപ്പെട്ടു. പുതിയപാലം ആവശ്യപ്പെട്ട് പലകുറി അധികാര കേന്ദ്രങ്ങള്‍ കയറിയിറങ്ങിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. മുളയും ഈറ്റയും കൊണ്ട് സ്വന്തമായി നിർമിച്ച പാലത്തിലൂടെയാണ് ഇവരുടെ യാത്ര. കരിന്തിരി പുഴക്ക് കുറുകെയാണ് പാലം. കനത്ത മഴപെയ്താല്‍ കരിന്തിരി പുഴയില്‍ ഏത് നിമിഷവും വെള്ളം ഉയരും. അതോടെ തങ്ങള്‍ ഒറ്റപ്പെടുമെന്നാണ് ആദിവാസികള്‍ പറയുന്നത്. മുതുവാന്‍ സമുദായത്തിൽപെട്ട 28 കുടുംബങ്ങളാണ് ഇവിടെയുള്ളത്. അരിയുള്‍പ്പെടെ അവശ്യവസ്തുക്കള്‍ കോളനിയില്‍ എത്തിക്കാനുള്ള ഒരേഒരു മര്‍ഗം ഈ പാലമാണ്.
ഒരോ കാലവര്‍ഷവും തങ്ങള്‍ക്ക് ദുരിതം മാത്രം നല്‍കിയാണ് കടന്നുപോകുന്നതെന്നാണ് ഇവിടത്തുകാര്‍ പറയുന്നത്. പാലം ഇല്ലാതായതോടെ വനത്തിനുള്ളില്‍ ദ്വീപില്‍ അകപ്പെട്ട അവസ്ഥയാണ് ഇവിടെയുള്ളത്. പ്രളയ ശേഷം പുഴ മുറിച്ചുകടക്കാൻ ആദിവാസികള്‍ തന്നെ കമ്പിയും ഈറ്റയും ഉപയോഗിച്ച് രണ്ട് മരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് തൂക്കുപാലം നിർമിച്ചിരുന്നു. വേനല്‍ പിന്നിട്ടതോടെ ഈ പാലത്തിനും ബലക്ഷയം സംഭവിച്ചു. ഇനി പുതിയപാലം അല്ലാതെ ഇവര്‍ക്ക് പുറംനാട്ടിലെത്താന് കഴിയില്ല. റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി പുതിയ പാലം നിർമിക്കാന്‍ 75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. എന്നാല്‍, പാലം പണിയാന്‍ മാത്രം നടപടിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.