മാതൃകയായി കല്ലാർകുട്ടി
text_fieldsഅടിമാലി: പ്ലാസ്റ്റിക് ഉൾപ്പെടെ ജൈവവും അജൈവവുമായ മാലിന്യം ഗ്രാമത്തിൽനിന്ന് എങ്ങനെ പടിയിറക്കാം എന്ന് തെളിയിക്കുകയാണ് വെള്ളത്തൂവൽ പഞ്ചായത്തിലെ കല്ലാർകുട്ടി എന്ന ഗ്രാമം. കമനീയ ഗ്രാമം എന്ന പദ്ധതിയിലൂടെ ഗ്രാമത്തിലെ എല്ലാ കുടുംബങ്ങളെയും അംഗങ്ങളാക്കി വ്യക്തി ശുചിത്വം മുതൽ പരിസര ശുചിത്വം വരെ എല്ലാവരെയും ബോധവത്കരിച്ച് പൂർണ വിജയത്തിലേക്ക് ഗ്രാമത്തെ കൈപിടിച്ച് ഉയർത്തുകയാണ് മുൻ പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ ടി.ആർ. ബിജിയുടെ നേതൃത്വത്തിൽ. വാർഡിനെ മാലിന്യ മുക്തമാക്കാൻ 51 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. രാഷ്ട്രീയ- സാമൂഹിക- സന്നദ്ധ പ്രവർത്തകരെയും സ്കൂൾ- കോളജ് വിദ്യാർഥികളെയും ആരോഗ്യ- അംഗൻവാടി- എ.ഡി.എസ്- സി.ഡി.എസ് പ്രവർത്തകർ തുടങ്ങി എല്ലാ മേഖലയിലെയും പ്രവർത്തകരെയും യോജിപ്പിച്ചുള്ള പ്രവർത്തനം ഗ്രാമത്തെതന്നെ മാറ്റിമറിച്ചു.
ജൈവമാലിന്യം ഉറവിടത്തിൽ സംസ്കരിക്കാൻ ബയോബിൻ വിതരണം ചെയ്തും അജൈവ മാലിന്യം ശേഖരിച്ച് നാട്ടിൽനിന്ന് ഒഴിവാക്കിയും പദ്ധതി നടപ്പാക്കി. രണ്ട് മാസംകൊണ്ട് അഞ്ച് ടൺ പ്ലാസ്റ്റിക്കാണ് ഈ ഗ്രാമത്തിൽനിന്നും നീക്കിയത്. വാർഡിലെ മുഴുവൻ വഴിയോരങ്ങൾ ശുചീകരിച്ചു. വീടുകളുടെ പരിസരം മുഴുവൻ വൃത്തിയാക്കി. കത്തിപ്പാറ മുതൽ പനംകുട്ടി വരെ അഞ്ച് കിലോമീറ്റർ ദേശീയപാത ശുചീകരിച്ചു. മാലിന്യം കൂടുതൽ തള്ളുന്ന സ്ഥലങ്ങളിൽ പൂന്താട്ടം സ്ഥാപിച്ചു. ഔഷധസസ്യങ്ങളും ഇലച്ചെടികളും വെച്ചുപിടിപ്പിച്ചു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സഹകരണവും പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജുവിന്റെ നേതൃമികവും നാടിന്റെ കൂട്ടായ്മയുമാണ് നേട്ടത്തിന് കാരണമെന്ന് പഞ്ചായത്തംഗം ബിജി പറഞ്ഞു.
സ്വരാജ് ട്രോഫി സംസ്ഥാനത്തെ പഞ്ചായത്തുകളുടെ പ്രവർത്തന മികവിൽ 914ൽ 24ാം സ്ഥാനവും നേടി. ജില്ലയിലെ സി.ഡി.എസിൽ നാലാം സ്ഥാനവും വെള്ളത്തൂവലിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.