നെയ്ത്തിനെ ചേർത്തുനിർത്തി കാർത്യായനി
text_fieldsഅടിമാലി: അന്യംനിന്നുകൊണ്ടിരിക്കുന്ന ഈറ്റ ഉൽപന്നങ്ങളുടെ നിർമാണം ഇപ്പോഴും കുലത്തൊഴിലാക്കി ഉപജീവന മാർഗം കണ്ടെത്തുകയാണ് കൊച്ചുവീട്ടിൽ കാർത്യായനി. അടിമാലി പതിനാലാം മൈൽ ശ്രീലക്ഷ്മി കുടുംബശ്രീ കൂട്ടായ്മയിലെ ഏക നെയ്ത്തുകാരിയാണിവർ. ഈറ്റകൊണ്ട് കൊട്ടയും വട്ടിയും പൂക്കുടയുമൊക്കെ മനോഹരമായി നെയ്തെടുക്കാൻ 55 വയസ്സിലും കാർത്യായനിക്ക് പ്രത്യേക കഴിവാണ്. അതുകൊണ്ട് തന്നെ നെയ്ത്ത് ഉൽപന്നങ്ങൾക്ക് ആവശ്യക്കാരുമുണ്ട്.
ഉൽപന്നങ്ങൾക്ക് കുടുംബശ്രീ വഴിയാണ് വിപണി കണ്ടെത്തുന്നത്. കാർത്യായനി ഉണ്ടാക്കുന്ന മുറങ്ങൾ കടകളിലും വിൽപനക്ക് നൽകുന്നു. പുറത്തുനിന്ന് ഓർഡറുകളും ലഭിക്കുന്നുണ്ട്. ഈറ്റ ഉൽപന്നങ്ങൾക്ക് വിപണിയിൽ ഡിമാൻഡ് കുറഞ്ഞതോടെ മേഖലയിൽ ആയിരങ്ങൾ ഈ തൊഴിൽ ഉപേക്ഷിച്ച് പോയെങ്കിലും കാർത്യായനി മാത്രം നെയ്ത്ത് ഉപേക്ഷിച്ചില്ല. ഭർത്താവ് കുഞ്ഞന്റെ വേർപാടിലും താങ്ങായത് ഈ ജോലിയാണെന്ന് കാർത്തിയാനി പറയുന്നു.
മച്ചിപ്ലാവ് ചാറ്റുപാറ മേഖലയിൽ തമിഴ്നാട്ടിൽനിന്നെത്തിയ പരമ്പരാഗത ഈറ്റനെയ്ത്തുകാരുണ്ട്. എന്നാൽ, കാർത്യായനിയെ പോലെ ഈ മേഖലയിൽ നിൽക്കുന്നവർ കുറവാണ്. തമിഴർ പ്രധാനമായി വിനോദസഞ്ചാരികളെ ലക്ഷ്യമാക്കി ടേബിൾ ലാംപ് ഷെയ്ഡ്, വീടുകളിലെ ലൈറ്റുകളുടെ ഷെയ്ഡ്, അലങ്കാര വസ്തുക്കൾ എന്നിവ നിർമിക്കുമ്പോഴാണ് ഉപകാരപ്രദമായ വസ്തുക്കൾ ആവശ്യക്കാർക്ക് നൽകി കാർത്യായനി വരുമാനം കണ്ടെത്തുന്നത്. ഈറ്റ കിട്ടാത്തതാണ് ഇപ്പോൾ ഇവരെ വിഷമത്തിലാക്കുന്നത്. നെയ്ത്തിന് പുറമെ തൊഴിലുറപ്പ് ജോലിക്കും കാർത്യായനി പോകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.