കൊച്ചി-ധനുഷ്കോടി ദേശീയപാത; മരം മുറിച്ചില്ല; ഡി.എഫ്.ഒയെ രക്ഷിച്ച് കലക്ടർ
text_fieldsഅടിമാലി: മരം മുറിച്ചില്ലെങ്കിലും ഡി.എഫ്.ഒയെ രക്ഷിച്ച് കലക്ടർ. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് മുൻ കലക്ടർ ഇറക്കിയ ഉത്തരവാണ് ഇപ്പോഴത്തെ കലക്ടർ ഒഴിവാക്കി ഡി.എഫ്.ഒയെ രക്ഷിച്ചത്. നേര്യമംഗലം മുതൽ വാളറവരെ റോഡരികിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് മുൻ കലക്ടർ മൂന്നാർ ഡി.എഫ്.ഒക്ക് നൽകിയ ഉത്തരവിലെ പ്രസക്തഭാഗങ്ങൾ ഒഴിവാക്കി ഇപ്പോഴത്തെ കലക്ടർ ഉത്തരവിൽ മാറ്റം വരുത്തുകയായിരുന്നു. കൂടാതെ വനം വകുപ്പിനെ വെള്ളപൂശിയും കലക്ടർ ഇറക്കിയ ഉത്തരവാണ് വിവാദമായത്.
അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ച് മാറ്റിയെന്ന വ്യാജ റിപ്പോർട്ട് ഉണ്ടാക്കി ജനങ്ങളെ വെല്ലുവിളിക്കുന്ന നടപടിയാണ് ഇതെന്നാണ് ആക്ഷേപം. ഇതോടെ ഹൈവേ സംരക്ഷണ സമിതി സമരം കടുപ്പിക്കാനുള്ള ഒരുക്കത്തിലാണ്. മരങ്ങൾ വീണുണ്ടാകുന്ന അപകടങ്ങൾക്കും കഷ്ടനഷ്ടങ്ങൾക്കും മൂന്നാർ ഡി.എഫ്.ഒ ഉത്തരവാദി ആയിരിക്കുമെന്ന ഉത്തരവാണ് പുതിയ കലക്ടർ വി. വിഘ്നേശ്വരി ഒഴിവാക്കിയത്.
നേര്യമംഗലം റേഞ്ച് ഓഫിസർ നൽകിയ റിപ്പോർട്ടിൽ മരങ്ങൾ വ്യാപകമായി വീഴുന്നത് ദുരന്തത്തിന് കാരണമാകുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതേതുടർന്ന് ഗതാഗതം നിരോധിച്ച് ഉത്തരവ് ഇറക്കി. ഇത് വലിയ വിവാദത്തിന് വഴിവെച്ചു.
ഇതോടെയാണ് 30 ദിവസത്തിനകം അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുഴുവൻ മുറിച്ച് മാറ്റണമെന്നും അല്ലെങ്കിൽ മൂന്നാർ ഡി.എഫ്.ഒ ഉത്തരവാദിയായിരിക്കുമെന്നും മുൻ കലക്ടർ ഉത്തരവിറക്കിയത്.
ദേശീയ പാതയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കിയിട്ടുണ്ടെന്നും ഏതെങ്കിലും മരങ്ങൾ അപകടാവസ്ഥയിൽ ആകുകയാണെങ്കിൽ പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് പ്രാദേശിക ട്രീ കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായും മരങ്ങൾ മുറിച്ചുനീക്കുന്നതിനുള്ള ചുമതല നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടറെ ഏൽപിച്ചതായുമാണ് 20ന് പുറത്തിറക്കിയ പുതിയ ഉത്തരവിലുള്ളത്.
നേര്യമംഗലം മുതൽ വാളറവരെ 14.5 കിലോമീറ്റർ ദൂരത്തിലെ മരം മുറി വിഷയത്തിൽനിന്ന് വനം- റവന്യൂ വകുപ്പുകൾ തന്ത്രപരമായി പിന്മാറിയതായാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്. നേര്യമംഗലം വനമേഖലയിൽ 14.5 കിലോമീറ്റർ ദൂരത്തിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കുന്നതു സംബന്ധിച്ച് ഹൈകോടതി ഡിവിഷൻ ബെഞ്ച് വനം-റവന്യൂ വകുപ്പുകളെ കക്ഷിചേർത്ത് രണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതു സംബന്ധിച്ച് കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നങ്കിലും തൃപ്തികരമായ മറുപടി നൽകാൻ വകുപ്പുകൾക്ക് കഴിഞ്ഞില്ല.
വനംവകുപ്പ് തന്നെ നടത്തിയ സർവേയിൽ 259 മരങ്ങൾ അപകടാവസ്ഥയിൽ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. വിവരാവകാശ മറുപടിയിൽ ഡി.എഫ്.ഒയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ, 25ൽ താഴെ മരങ്ങൾ മുറിച്ചിട്ടാണ് അപകടാവസ്ഥയിലായ മുഴുവൻ മരങ്ങളും മുറിച്ച് മാറ്റിയതായ റിപ്പോർട്ട് നൽകിയത്. മരങ്ങൾ മുറിച്ചു നീക്കിയതായി ഡി.എഫ്.ഒയും സംയുക്ത പരിശോധന സമിതിയും റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട്ഹൈവേ ജാഗ്രത സമിതി അടുത്ത മാസം എട്ടിന് ദേവികുളം താലൂക്കിൽ പൊതുപണിമുടക്കിന് അഹ്വാനം ചെയ്തിതിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.