കോവിഡ്: ഇടുക്കിയിലെ വിനോദ സഞ്ചാര മേഖലക്ക് പൂട്ടുവീണു
text_fieldsഅടിമാലി: കോവിഡിെൻറ രണ്ടാം വ്യാപനത്തോടെ തകര്‍ന്ന് ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര മേഖല. കഴിഞ്ഞ വര്‍ഷം കോവിഡ് ആരംഭത്തില്‍ തന്നെ അടച്ചിട്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നാലു മാസം മുമ്പാണ് തുറന്നത്. വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ വന്നതോടെ വിനോദ സഞ്ചാരികളെ മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന ഹോംസ്റ്റേ, സ്പൈസസ്, വസ്ത്രം തുടങ്ങി എല്ലാ സ്ഥാപനങ്ങളും അടച്ച് പൂട്ടേണ്ടി വന്നു. പൂര്‍ണമായും അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശമില്ലെങ്കിലും പ്രാദേശിക കോവിഡ് ജാഗ്രത സമിതികള്‍ നല്കുന്ന റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് അടക്കുന്നത്.
ജില്ലയില്‍ കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന മൂന്നാര്‍, ചിന്നക്കനാല്‍ തുടങ്ങിയ പ്രദേശങ്ങൾ സഞ്ചാരികളില്ലാതെ വിജനമായ അവസ്ഥയിലാണ്. കൂടുതല്‍ സഞ്ചാരികളെത്തുന്നത് ശനി, ഞായര്‍ ദിവസങ്ങളിലാണ്. ലോക്ഡൗണിന് സമാന നിയന്ത്രണം വന്നേപ്പാൾ പ്രദേശവാസികൾപോലും പുറത്തിറങ്ങാതെ വീടുകളില്‍ തങ്ങിയതോടെ ഹര്‍ത്താലിന് സമാനമാണ്.
തിരക്കേറിയ ഇടങ്ങളില്‍ ആളുകള്‍ പ്രവേശിക്കുന്നത് തടയാൻ പൊലീസും രംഗത്തുണ്ട്. ഇതോടെ ടൂറിസം രംഗത്തെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്കും തിരിച്ചടിയായി. പൂര്‍ണമായും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടുന്നത്, ഇവ നശിക്കാന്‍ ഇടയാക്കുമെന്ന ആശങ്കയുമുണ്ട്.
കഴിഞ്ഞ വര്‍ഷം അടച്ചിട്ടതിനാല്‍ റിസോര്‍ട്ടുകള്‍ അടക്കം പുതുക്കിപ്പണിതും മറ്റുമാണ് തുറന്നത്. ഇതിനു തന്നെ വലിയ തുകയാണ് ചെലവഴിച്ചത്. ജില്ലയില്‍ പ്രതിദിന കോവിഡ് കേസുകള്‍ തുടർച്ചയായി 500ന് മേല്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എല്ലാ മേഖലയിലും കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. തൊഴില്‍ നഷ്ടം കുടുംബങ്ങളെയും പട്ടിണിയിലാക്കുന്നു
വിനോദ സഞ്ചാര കേന്ദ്രങ്ങൾ നിശ്ചലമായതോടെ സംജാതമായ തൊഴില്‍ നഷ്ടം തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലാക്കുന്നു. ശുചീകരണ, പാചക, തൊഴിലാളികള്‍ ഉൾപ്പെടെ ആയിരക്കണക്കിന് പേര്‍ക്കാണ് തൊഴില്‍ നഷ്ടമാകുന്നത്.
പ്രാദേശിക തൊഴിലാളികളും ഇതരദേശങ്ങളില്‍നിന്ന് വരുന്ന തൊഴിലാളികളുമടക്കം മടങ്ങി പോകുകയാണ്. വലിയ റിസോര്‍ട്ടുകളില്‍ കുറഞ്ഞത് 100 തൊഴിലാളികളെങ്കിലും ജോലിക്കുണ്ടാവും. ഇവരില്‍ 10 ശതമാനമൊഴികെ ബാക്കിയുള്ളവര്‍ക്ക് നിര്‍ബന്ധിത ലീവ് നല്കി മാറ്റി നിര്‍ത്തിയിരിക്കുകയാണ്.
അന്തർസംസ്ഥാന സഞ്ചാരികളും വിദേശികളും ഇല്ല. ആഭ്യന്തര- വിദേശ സഞ്ചാരികള്‍ ആരും ഹോം സ്റ്റേയിലോ റിസോര്‍ട്ടുകളിലോ ഇല്ല. ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ ക്ലാസിഫിക്കേഷന്‍ അനുമതിയുള്ള 700ഓളം റിസോര്‍ട്ടുകളും ഹോം സ്റ്റേകളുമാണ് പ്രവര്‍ത്തിക്കാതെ കിടക്കുന്നത്.
കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി വിദേശികള്‍ ആരും ഇങ്ങോട്ടു വന്നിട്ടില്ല. പ്രധാനമായും വിദേശികളെ ആശ്രയിച്ചാണ് ഹോം സ്റ്റേയുടെ നടത്തിപ്പ്. കര്‍ണാടക ഉള്‍പ്പെടെ ഇതര സംസ്ഥാന സഞ്ചാരികള്‍ രണ്ടുമാസം മുമ്പുവരെ എത്തിയിരുന്നു. തെക്കന്‍ മേഖലകളില്‍നിന്ന് അടക്കം ആഭ്യന്തര സഞ്ചാരികളും കുടുംബമായി എത്തിയിരുന്നു. ഇപ്പോള്‍ ഇവരും ഇല്ലാതായി. ഹോം സ്റ്റേക്ക് വായ്പ അനുവദിച്ചിരുന്നെങ്കിലും ബാങ്കുകളില്‍നിന്ന് വായ്പ ലഭിക്കാത്ത സ്ഥിതിയാണെന്ന് ഹോം സ്റ്റേ നടത്തിപ്പുകാര്‍ പറയുന്നു.
ടാക്സി വാഹന ഡ്രൈവർമാരും പ്രതിസന്ധിയില്‍. വിനോദ സഞ്ചാര മേഖലകളില്‍ സഞ്ചാരികളെ മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ടാക്സി വാഹന ഡ്രൈവർമാരും പ്രതിസന്ധിയില്‍.
മൂന്നാര്‍, ആനച്ചാല്‍, മാങ്കുളം, മറയൂര്‍, തേക്കടി, രാമക്കല്‍മേട്, നെടുങ്കണ്ടം, ചിന്നക്കനാല്‍ തുടങ്ങി എല്ലാ മേഖലയിലും ഇതാണ് സ്ഥിതി. നേരത്തേ ബുക്ക് ചെയ്ത ട്രിപ്പുകള്‍ എല്ലാം ഒഴിവാക്കി. രണ്ടാഴ്ച മുമ്പുവരെ പ്രാദേശികമായെങ്കിലും ആളുകള്‍ വന്നിരുന്നു. ഇപ്പോള്‍ അതുമില്ല.
അണക്കെട്ടുകളും ജലാശയങ്ങളും കേന്ദ്രീകരിച്ച് നടന്നിരുന്ന ബോട്ട് സർവിസുകളും നിലച്ചു. ദേവികുളം താലൂക്കില്‍ കല്ലാര്‍കുട്ടി, ചെങ്കുളം, മാട്ടുപ്പെട്ടി, കുണ്ടള, ഉടുമ്പന്‍ചോല താലൂക്കില്‍ പൊന്മുടി, ആനയിറങ്ങൽ അണക്കെട്ടുകളിലും മുല്ലപ്പെരിയാര്‍ ഇടുക്കി അണക്കെട്ടുകളിലും ബോട്ട് സർവിസുകൾ നിലച്ചിരിക്കുകയാണ്. പല പാര്‍ക്കുകളും അടച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.