കാഴ്ചയുടെ വിരുന്നൊരുക്കി കുതിരകുത്തി വ്യൂ പോയന്റ്
text_fieldsഅടിമാലി: ഇവിടെ പ്രഭാത-സായാഹ്നങ്ങള്‍ അതിമനോഹരം. മഞ്ഞും മേഘക്കൂട്ടവും സുവര്‍ണശോഭയില്‍ ഉദിച്ചുയരുന്നതും അസ്തമയവും കാഴ്ചയുടെ വിരുന്നൊരുക്കുന്നു.
അടിമാലിക്കടുത്ത് കുതിരകുത്തിയെന്ന വ്യൂപോയന്റ് ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍ ഇതാണ്. പരന്നൊഴുകുന്ന പെരിയാറും ജലവൈദ്യുതി നിലയങ്ങളും കൊച്ചിയിലെ അമ്പലമുകള്‍വരെ ഭാഗങ്ങളും കുതിരകുത്തിയിലെത്തിയാല്‍ കാണാം.
കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ വാളറ പത്താംമൈലില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുതിരകുത്തിയിലെത്താം. ദൂരെ നിന്ന് കുതിരകുത്തിയെ വീക്ഷിക്കുന്നത് കൗതുകക്കാഴ്ചയാണ്. ഒരു ഭീമന് മലയോടു ചേര്‍ന്ന ഭാഗം താഴേക്കു ചാഞ്ഞ് പെരിയാറിനോട് ഉരുമ്മിനില്ക്കുന്നു. മുകള്‍ഭാഗത്ത് കുതിരയുടെ കുളമ്പുകള്‍ക്ക് സാമ്യമായ രീതിയില്‍ പാറയില്‍ കാല്പാടുകള് കാണുന്നതിനാലാണ് കുതിരകുത്തിയെന്ന പേര് ലഭിച്ചത്.
സഞ്ചാരയോഗ്യമായ റോഡില്ലാത്തതിനാല്‍ അരകിലോമീറ്ററോളം നടന്ന് വേണം ഇവിടെയെത്താനെന്നു മാത്രം. സമീപത്ത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ആദിവാസി ഗോത്രാചാരപ്രകാരം ഉത്സവം നടക്കുന്നുണ്ട്. കാട്ടമ്പലം എന്നറിയപ്പെടുന്ന ഇവിടെ നൂറുകണക്കിന് വിശ്വാസികളാണ് എത്തുന്നത്.
കുതിരകുത്തിയെ ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. കുതിരകുത്തിയെ വിനോദസഞ്ചാര പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 2018ല്‍ അടിമാലി പഞ്ചായത്ത് ബന്ധപ്പെട്ടവര്‍ക്ക് നിർദേശം സമര്‍പ്പിച്ചിരുന്നു. സാഹസിക വിനോദ സഞ്ചാരത്തിനും അനുകൂലമാണിവിടം.
ടൂറിസം പാക്കേജില്‍ ഉള്‍പ്പെട്ടാല്‍ അതിവേഗം വികസിക്കാൻ സാധ്യതയുള്ള പ്രദേശമാണ്. വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടമുള്ള ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍ക്ക് സമീപമാണ് കുതിരകുത്തി. പരന്നൊഴുകുന്ന ദേവിയാര്‍ പുഴയും കുതിരകുത്തിയുടെ ഭാഗമാണ്.
തൊട്ടിയാര്‍ ജലവൈദ്യുതി പദ്ധതിക്കായി ഡാമിന്റെ നിര്‍മാണം ഇവിടെ പൂർത്തിയായി. ബോട്ടിങ് ഉള്‍പ്പെടെ സൗകര്യം ഒരുക്കിയാല്‍ ജില്ലയുടെ പ്രധാന ടൂറിസം കേന്ദ്രമായി കുതിരകുത്തിയെ മാറ്റാന്‍ സാധിക്കും
ചില്ലിത്തോട് വെള്ളച്ചാട്ടം
ഇടുക്കിയില്‍ അധികമാരും അറിയാതെ കിടക്കുന്ന വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് അടിമാലി ഇരുമ്പുപാലത്തിന് സമീപത്തെ ചില്ലിത്തോട് വെള്ളച്ചാട്ടം. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍ പിന്നിട്ട് ഇരുമ്പുപാലം ടൗണില്‍ എത്തണം. ഇവിടെ നിന്ന് പടിക്കപ്പ് റോഡിലൂടെ അരകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചില്ലിത്തോട് വെള്ളച്ചാട്ടമായി. ദേവിയാര്‍ പുഴയിലേക്ക് ഒലിച്ചിറങ്ങിയെത്തുന്ന ഈ വെള്ളച്ചാട്ടം ചീയപ്പാറ വെള്ളച്ചാട്ടത്തോളം ഭംഗിയുള്ളതാണ്. 200 അടിയിലേറെ ഉയരത്തില്‍നിന്ന് ഒലിച്ചിറങ്ങുന്ന ജലപാതം ആകർഷകമാണ്.
എന്നാല്‍, ഇവിടെയിറങ്ങാൻ കഴിയില്ല. ദേവിയാര്‍ പുഴക്ക് കുറുകെ പാലം നിര്‍മിക്കുകയും അടിസ്ഥാന സൗകര്യം ഒരുക്കുകയും ചെയ്താല്‍ ജില്ലയിലെ മികച്ച വെള്ളച്ചാട്ടങ്ങളുടെ ഗണത്തിലേക്ക് ഇതിനെയും ഉൾപ്പെടുത്താം. മുൻ പഞ്ചായത്ത് ഭരണസമിതി ഉത്തരവാദിത്ത ടൂറിസം പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ മുന്തിയ പരിഗണന നല്‍കിയതാണ്. ഡി.ടി.പി.സിയുമായി ചേര്‍ന്ന് പദ്ധതിയും തയാറാക്കി. പടിക്കപ്പ് പെരുമഞ്ഞച്ചാല് വനത്തില്‍നിന്ന് ഉത്ഭവിച്ചൊഴുകുന്ന തോടിന്റെ ഭാഗമാണ് വെള്ളച്ചാട്ടം. വര്‍ഷത്തില്‍ എട്ടു മാസമാണ് ഇവിടെ നീഴൊഴുക്കുള്ളത്. മുകള്‍ ഭാഗത്ത് തടയണ ഉള്‍പ്പെടെ നിർമിച്ചാല്‍ എല്ലാ സമയവും വെള്ളച്ചാട്ടം നിലനിര്‍ത്താന്‍ സാധിക്കും. ഇതിന്റെ എതിര് ദിശയിലെ പാതയിലൂടെ ഒന്നരകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മുടിപ്പാറച്ചാല്‍ വ്യൂ പോയന്റിലുമെത്താം. തൊട്ടടുത്ത പടിക്കപ്പ്, കമ്പിലൈന്‍ മേഖലകളും പ്രകൃതി മനോഹരമായ ഇടങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.