അവഗണനയിൽ കുത്തുങ്കല്‍ വെള്ളച്ചാട്ടം
text_fieldsഅടിമാലി: സാഹസിക വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ കുത്തുങ്കല്‍ വെള്ളച്ചാട്ടം അവഗണനയില്‍. അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെ ഇവിടെ വികസനമെത്തിക്കുന്നതില്‍ അധികൃതര്‍ വീഴ്ചകാട്ടുന്നതായാണ് ആക്ഷേപം. രാജാക്കാട്ടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ഈ വെള്ളച്ചാട്ടം. നേരത്തേ ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികളിലേറെയും ഇവിടെ എത്തിയിരുന്നു.
കുത്തുങ്കലില്‍ ജലവൈദ്യുതി പദ്ധതി വന്നതോടെ വെള്ളംകുറയുകയും ഇതുവഴി വിനോദ സഞ്ചാരികള്‍ കുറയുകയും ചെയ്തിരുന്നു. ഇതോടെ, വിവിധ വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് വെള്ളച്ചാട്ടം വികസിപ്പിക്കുമെന്ന് അധികൃതര്‍ പലകുറി അറിയിച്ചെങ്കിലും ഒന്നുമുണ്ടായില്ല.
കുത്തുങ്കല്‍ ജലവൈദ്യുതി പദ്ധതിക്കായി പന്നിയാര്‍ പുഴക്ക് കുറുകെ അണക്കെട്ട് നിര്‍മിച്ചതോടെയാണ് കുത്തുങ്കലിനു സമീപത്തെ വെള്ളച്ചാട്ടം ഇല്ലാതായത്. 2001ലാണ് കുത്തുങ്കല്‍ പദ്ധതി കമീഷന് ചെയ്തത്. എങ്കിലും മഴക്കാലത്ത് അണക്കെട്ട് കവിഞ്ഞൊഴുകുന്ന വെള്ളം 40 മീറ്ററോളം ഉയരത്തില്‍നിന്ന് താഴേക്ക് പതിക്കുന്നത് മനോഹര കാഴ്ചയാണ്.
സൗന്ദര്യംകൊണ്ട് ഇടുക്കിയുടെ അതിരപ്പിള്ളി എന്നാണ് കുത്തുങ്കല്‍ വെള്ളച്ചാട്ടം അറിയപ്പെടുന്നത്. വേനലില്‍ വെള്ളച്ചാട്ടത്തിെൻറ ശക്തി കുറയുമ്പോള്‍ നിരവധി സാഹസിക സഞ്ചാരികളാണ് ട്രക്കിങ്ങിനായി ഇവിടെയെത്തുന്നത്. കുത്തുങ്കല്‍ കേന്ദ്രീകരിച്ച് സാഹസിക വിനോദ സഞ്ചാരപദ്ധതി ആരംഭിച്ചാല്‍ അത് ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തില്‍ പ്രത്യേക ഇടം നേടുമെന്നുറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.