കനത്ത മഴ; ശാന്തൻപാറയിൽ നിരവധിയിടങ്ങളിൽ ഉരുൾ പൊട്ടി; ഒരു മരണം
text_fieldsഅടിമാലി: ശാന്തൻപാറ പേത്തട്ടിയിൽ ഞായറാഴ്ച രാത്രി ഉണ്ടായ ഉരുൾപൊട്ടലിൽ 50 ഏക്കറോളം സ്ഥലത്തെ കൃഷി നശിച്ചു. മണ്ണിടിഞ്ഞ് വീണ് ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചേരിയാർ തങ്കപ്പൻപാറ സ്വദേശി പാപ്പച്ചന്റെ മകൻ റോയി (55) ആണ് മരിച്ചത്. ഭാര്യയും മൂന്ന് മക്കളും മറ്റൊരു വീട്ടിലാണ് താമസം. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണായിരുന്നു അപകടം.
പേത്തൊട്ടി, ദളം, അയ്യൻപാറ എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലുകൾ ഉണ്ടായത്. ശനിയാഴ്ച രാത്രിയും പ്രദേശത്ത് കനത്ത മഴയാണ് പെയ്തത്. ഞായറാഴ്ച വൈകിട്ട് 3 മുതൽ ചെറിയതോതിൽ മഴ തുടങ്ങിയിരുന്നു. പിന്നീട് മഴയുടെ ശക്തി കൂടി ചെറിയ തോടുകളെല്ലാം കരകവിഞ്ഞൊഴുകി. രാത്രി 11 വരെ മഴ തുടർന്നു എന്നാണ് നാട്ടുകാർ പറയുന്നത്. രാത്രി 9 നാണ് കച്ചിറയിൽ മിനി ബെന്നിയുടെ വീട്ടിലേക്ക് ഉരുൾപൊട്ടി മലവെള്ളം ഒഴുകിയെത്തിയത്. മിനിയും മക്കളായ അഭിജിത്ത് അജിത്ത് മരുമകൾ സിൻഷ എന്നിവർ ഈ സമയം വീട്ടിലുണ്ടായിരുന്നു. ഇവർ അറിയിച്ചതിനെ തുടർന്ന് നാട്ടുകാരിൽ ചിലർ ഓടിയെത്തി മിനിയെയും കുടുംബാംഗങ്ങളെയും സമീപത്തെ മറ്റൊരു വീട്ടിലേക്ക് മാറ്റി. മിനിയുടെ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും മലവെള്ളപ്പാച്ചിൽ ഒലിച്ചുപോയി.
പേത്തൊട്ടിയിൽ നിന്ന് ദളം ഭാഗത്തേക്ക് പോകുന്ന വഴിയിലും ഉരുൾപൊട്ടൽ ഉണ്ടായി. ഉരുൾപൊട്ടലിൽ ദളം സ്വദേശി ലിംഗേശ്വരന്റെ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്വാമിരാജ് എന്നയാളുടെ വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ചെട്ടിപ്പറമ്പിൽ ബെന്നി, വനരാജ് എന്നിവരുടെ കൃഷിയിടങ്ങളും നശിച്ചു. അയ്യൻപാറക്ക് സമീപം ഉരുൾപൊട്ടി രാംദാസ് എന്നയാളുടെ വീട്ടിലേക്ക് മലവെള്ളം ഇരച്ചെത്തി. രാംദാസും കുടുംബവും ഈ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല.
പേത്തൊട്ടി സ്വദേശികളായ മുത്തയ്യ-പാലീശ്വരി ദമ്പതികളുടെ വീടിന് കനത്ത നാശനഷ്ടം ഉണ്ടായി. ലിംഗരാജ്, നീലമേഘം, രാംദാസ് , പനീർ എന്നിവരുടെ ഏലത്തോട്ടങ്ങളാണ് ഉരുൾപൊട്ടി എത്തിയ മലവെള്ളപ്പാച്ചിലിൽ നശിച്ചത്.
ഉരുൾപൊട്ടൽ ഉണ്ടായ പേത്തൊട്ടി, ദളം ഭാഗങ്ങളിൽ ജില്ല കലക്ടർ ഷീബ ജോർജ് സന്ദർശനം നടത്തി. അപകട ഭീഷണിയുള്ള സ്ഥലങ്ങളിൽ താമസിക്കുന്ന 25 കുടുംബങ്ങളെ മാറ്റി താമസിപ്പിക്കുമെന്ന് കലക്ടർ പറഞ്ഞു. മൂന്നാർ - കുമളി സംസ്ഥാന പാതയിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള ചേരിയാർ മുതൽ ഉടുമ്പൻചോല വരെയുള്ള റോഡിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ രാത്രികാല ഗതാഗതം നിരോധിച്ചെന്നും ഗതാഗതം തടസ്സപ്പെട്ട മറ്റ് സ്ഥലങ്ങളിൽ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായും കലക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.