കുരങ്ങിണിയിൽ ഉരുൾപൊട്ടി; മലയിടുക്കിൽ കുടുങ്ങിയ പത്തുപേരെ രക്ഷിച്ചു
text_fieldsഅടിമാലി: തമിഴ്നാട് അതിർത്തിയിലെ കുരങ്ങിണി മേഖലയിൽ തിങ്കളാഴ്ച വൈകീട്ടുണ്ടായ കനത്ത മഴയിൽ ഉരുൾപൊട്ടി. മലയിടുക്കിൽ കുടുങ്ങിയ 10 തൊഴിലാളികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
കൊളുക്കുമല, ടോപ് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളുടെ താഴ്ഭാഗത്തുള്ള കുരങ്ങിണിയിലെ എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്നവരെയാണ് ബോഡിനായ്ക്കന്നൂരിൽ നിന്നുള്ള അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്. തേനി ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
തിങ്കളാഴ്ച ഉച്ചമുതൽ പ്രദേശത്ത് കനത്ത മഴ പെയ്തു. തുടർന്ന് പലസ്ഥലങ്ങളിലും ഉരുൾപൊട്ടി മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയും തൊഴിലാളികൾ ജോലിസ്ഥലത്ത് കുടുങ്ങുകയുമായിരുന്നു.
തൊഴിലാളികൾ അറിയിച്ചതിനെത്തുടർന്ന് പൊലീസ്, റവന്യൂ അധികൃതരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. മലവെള്ളപ്പാച്ചിലിൽപെട്ടുപോയ ജയപ്രകാശ് (50), രാജേന്ദ്രൻ (55), ഭാര്യ ലക്ഷ്മി (50), രാജ (55), ഭാര്യ വനം (40) എന്നിവരെ അഗ്നിരക്ഷാസേന കയർ ഉപയോഗിച്ച് സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. കനത്ത മഴ തുടരുന്നതിനാൽ തൊഴിലാളികൾ ഇവിടേക്ക് പോകരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.