ഓടകളിലും തോടുകളിലും കക്കൂസ് മാലിന്യം; അടിമാലി പകർച്ചവ്യാധി ഭീഷണിയിൽ
text_fieldsഅടിമാലി: നിയമങ്ങൾ കാറ്റിൽ പറത്തി വൻകിട വ്യാപാര സ്ഥാപനങ്ങൾ കക്കൂസ് മാലിന്യം തള്ളുന്നത് ടൗണിലെ ഓടകളിലും തോടുകളിലും. ഇതോടെ ടൗൺ ദുർഗന്ധപൂരിതമാണ്. ദേവിയാർ പുഴയുടെ ഉത്ഭവ കേന്ദ്രമായ അടിമാലി തോട്ടിൽ ഇടപ്പാട്ട് ടെക്സ്റ്റയിൽസിന് സമീപം ഓടയിലൂടെ തോട്ടിലൂടെ ഒലിച്ചിറങ്ങുന്നതിൽ കൂടുതലും കക്കൂസ് മാലിന്യമാണ്. സമീപത്തെ വ്യാപാരികൾ നിരവധി തവണ പഞ്ചായത്തിലും പൊതുജനാരോഗ്യ വിഭാഗത്തിലും നിരവധി പരാതികൾ നൽകിയിട്ടും നടപടിയില്ല. ഹോട്ടലുകൾ, വൻകിട വ്യാപാര സ്ഥാപനങ്ങൾ എന്നിവയിൽ നിന്നാകാം ഇവ ഓടയിലേക്ക് തിരിച്ച് വെച്ചിരിക്കുന്നതെന്നാണ് നിഗമനം. ഓടകൾ കോൺക്രീറ്റ് ചെയ്ത് മുകൾ ഭാഗം മൂടുകയും അതിന് മുകളിൽ ടൈൽ വിരിക്കുകയും ചെയ്തിരിക്കുന്നതിനാൽ മൊത്തം ഉയർത്തി നോക്കാതെ മാലിന്യം തള്ളുന്ന വ്യാപാരികളെ കണ്ടെത്തുക പ്രയാസമാണ്. മൂന്നു വർഷം മുമ്പ് ഇത് സംബന്ധിച്ച റിപ്പോർട്ട് പൊതുജനാരോഗ്യ വിഭാഗം നൽകിയതാണ്. എന്നാൽ, പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ല. കല്ലാർകുട്ടി റോഡിൽ അഞ്ച് വർഷം മുമ്പ് പഞ്ചായത്ത് ഓടകളുടെ സ്ലാബ് ഉയർത്തിയിരുന്നു.
ഈ സമയം നാല് ഹോട്ടലുകൾ, ആറ് ബഹുനില കെട്ടിടങ്ങൾ എന്നിവയിലെ കക്കൂസ് മാലിന്യം നേരെ ഓടയിലേക്ക് തിരിച്ച് വെച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അറിയിച്ചിരുന്നു. എന്നാൽ ഒന്നുമുണ്ടായില്ല. രാത്രി ഒമ്പത് കഴിഞ്ഞാൽ കല്ലാർകുട്ടി റോഡിൽ അതിരൂക്ഷ ദുർഗന്ധം ഉയരുന്നതായി നാട്ടുകാർ പറയുന്നു. രാത്രി മാലിന്യങ്ങൾ ഓടയിലൂടെ ഒഴുക്കുന്നതാണ് കാരണം. കഴിഞ്ഞ ദിവസം മാർക്കറ്റിലെ ആധുനിക അറവുശാലയിൽ നിന്നും കാലികളെ അറുക്കുന്നതിന്റെ രക്തം ഉൾപ്പെടെ തോട്ടിലേക്ക് ഒഴുക്കുന്നത് കണ്ടെത്തിയിരുന്നു. പരാതിയെ തുടർന്ന് പഞ്ചായത്ത് സ്വന്തം സ്ഥാപനം അടച്ചിട്ടുണ്ട്. മേഖലയിൽ നിന്ന് ഉയരുന്ന ദുർഗന്ധം ടൗണിലാകെ പടരുന്നു. കോടതി റോഡിലൂടെ ഒഴുകുന്ന തോട്ടിൽ ആശുപത്രി മാലിന്യം ഉൾപ്പെടെ തള്ളുന്നുണ്ട്. ഇവയെല്ലാം ഒലിച്ചെത്തുന്നത് ദേവിയാർ പുഴയിലേക്കാണ്. പഞ്ചായത്തിലെ ഏറ്റവും കൂടുതൽ ജനം ഉപയോഗിക്കുന്ന ദേവിയാർ പുഴ ഇതോടെ മാലിന്യ വാഹിനിയായി. ലൈബ്രറി റോഡിൽ വൻകിട കെട്ടിടങ്ങളിൽ നിന്ന് മാലിന്യ പൈപ്പുകൾ ഓടകളിലേക്ക് തിരിച്ചു വെച്ചിരിക്കുന്നതായി നിരവധി പരാതികൾ അധികാരികൾക്ക് മുന്നിലുണ്ട്. നേരത്തെ പലകുറി നടപടി നേരിട്ട സ്ഥാപനങ്ങൾ വരെ ഇപ്പോഴും മാലിന്യങ്ങൾ ഓടയിലേക്കാണ് തിരിച്ചുവെച്ചത്. അടിമാലി ബസ് സ്റ്റാൻഡിന് സമീപത്തെ വൻകിട ഹോട്ടലുകളിൽ നിന്ന് മാലിന്യക്കുഴൽ ഓടയിലേക്ക് വെച്ചിരിക്കുന്നതായി നാട്ടുകാർ പറയുന്നു. പ്രശ്നത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.