ഒരു നാടിനും റോഡിനും വരരുതേ ഈ ഗതി; പത്താംമൈൽ-ദേവിയാർ കോളനി റോഡിൽ ദുരിതയാത്ര
text_fieldsഅടിമാലി: ഒരു നാടിനും റോഡിനും ഈ ഗതി വരരുതേയെന്നാണ് അടിമാലി പഞ്ചായത്തിലെ ദേവിയാർ കോളനി നിവാസികളുടെ പ്രാർഥന. പത്താംമൈലിൽനിന്ന് തുടങ്ങി വൈദ്യുതി വകുപ്പിന്റെ തൊട്ടിയാർ അണക്കെട്ട് വരെ മൂന്ന് കിലോ മീറ്റർ റോഡ് കണ്ടാൽ ആരും ഇങ്ങനെ പറഞ്ഞുപോകും. കുണ്ടും കുഴിയും വൻ ഗർത്തങ്ങളും മാത്രമായ റോഡിൽ യാത്ര വലിയ ദുരിതമാണ്. നാട്ടുകാരുടെ ദുരിതം കണ്ടറിഞ്ഞ് മാധ്യമങ്ങളിൽ പലകുറി വാർത്തയാകുകയും വലിയ ജനരോഷത്തിന് ഇടയാവുകയും ചെയ്തിരുന്നു. ഇതോടെ രംഗത്തെത്തിയ വൈദ്യുതി ബോർഡ് റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കുമെന്ന് അറിയിച്ചു. തുടർന്ന് പത്താംമൈൽ പാലം മുതൽ റോഡിൽ കുഴിയുള്ള ഭാഗങ്ങളിൽ മണ്ണും മെറ്റലും ഇറക്കി. ഇതോടെ അറ്റകുറ്റപ്പണി എങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ, രണ്ടാഴ്ച കഴിഞ്ഞിട്ടും റോഡ് നിർമാണം ആരംഭിച്ചില്ല. ഇറക്കിയ മണ്ണും മെറ്റലും റോഡിലാകെ നിരന്നു. കാൽനടക്കാർക്ക് ഇത് വലിയ ഭീഷണിയാണ്. ഇതിന് മുകളിലൂടെ വാഹനം പോകുമ്പോൾ മെറ്റൽ ഇളകിത്തെറിക്കുന്നു. കൂടാതെ പൊടിശല്യവും നാട്ടുകാരെ വലക്കുന്നു.
20 വർഷം മുമ്പ് വൈദ്യുതി വകുപ്പിന്റെ രംഗപ്രവേശത്തോടെയാണ് സർക്കാർ കുടിയിരുത്തിയ ദേവിയാർ കോളനി നിവാസികൾക്ക് യാത്ര ദുരിതമായത്. മൂന്ന് കിലോമീറ്റർ റോഡ് ഉന്നത നിലവാരത്തിൽ ടാറിങ് നടത്തുമെന്ന് തൊട്ടിയാർ പദ്ധതിയുടെ നിർമാണോദ്ഘാടന സമ്മേളനത്തിൽ മന്ത്രിയാണ് പ്രഖ്യാപിച്ചത്. പിന്നീട് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ല. ഗവ. ഹൈസ്കൂൾ, ഗവ. ആശുപത്രി, അംഗൻവാടികൾ എന്നിവയൊക്കെ ഈ റോഡോരത്താണ് പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.