വഴിതെളിയാതെ മാങ്കുളത്തുകാർ
text_fieldsഅടിമാലി: മൂന്നാർ പഞ്ചായത്ത് വിഭജിച്ച് മാങ്കുളം പഞ്ചായത്തുണ്ടാക്കിയപ്പോൾ വികസനത്തിന്റെ വഴി വെട്ടിത്തുറക്കുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. എന്നാൽ, മാങ്കുളം പഞ്ചായത്ത് കൊണ്ട് വികസിച്ചത് രാഷ്ട്രീയക്കാരുടെയും കരാറുകാരുടെയും പോക്കറ്റുകളാണെന്ന് ഇവിടത്തുകാർ അടക്കംപറയുന്നു. വഴിയും വെള്ളവും അടക്കം എല്ലാ അടിസ്ഥാന സൗകര്യങ്ങളും നിഷേധിക്കപ്പെട്ട് ഇപ്പോഴും ശിലായുഗത്തിലെന്ന പോലെ കഴിയാനാണ് മാങ്കുളത്തുകാരുടെ വിധി.
സഞ്ചാരയോഗ്യമായ വഴിതന്നെയാണ് എന്നും മാങ്കുളത്തുകാരുടെ വലിയ ആവശ്യം. ആനക്കുളത്ത് നിന്ന് തുടങ്ങി മാങ്കുളം വഴി കല്ലാറിൽ അവസാനിക്കുന്ന റോഡ് മാത്രമാണ് സഞ്ചാരയോഗ്യമായ ഏകവഴി. ബാക്കി ഗ്രാമപ്രദേശങ്ങളിലേക്കുള്ള റോഡുകൾ എല്ലാം തകർന്ന് കാൽനട യാത്രക്ക് പോലും കൊള്ളാത്ത അവസ്ഥയാണ്. താളുംകണ്ടം-താളുംകണ്ടം കുടി റോഡ്, വേലിയാംപാറ-വിരിഞ്ഞപാറ റോഡ്, പാമ്പുങ്കയം-സുകുമാരൻകട റോഡ്, അമ്പതാംമൈൽ- ആറാംമൈൽ - കള്ളകുട്ടി കുടി റോഡ്, ആനക്കുളം-കോഴിയള കുടി റോഡ്, കുവൈറ്റ് സിറ്റി -96- ആനക്കുളം റോഡ്, വിരിപാറ- ലക്ഷ്മി-മൂന്നാർ റോഡ് തുടങ്ങി പഞ്ചായത്തിലെ ചെറുതും വലുതുമായ എല്ലാ റോഡുകളും തകർന്നു തരിപ്പണമായി കിടക്കുന്നു.
ഇതിൽ ഏറ്റവും മോശം വിരിപാറയിൽ നിന്ന് ലക്ഷ്മി വഴി മൂന്നാറിലേക്കുള്ള റോഡാണ്. 20 കിലോമീറ്ററിലധികം വരുന്ന റോഡ് പൂർണമായി തകർന്ന് കിടക്കുന്നു. പലയിടത്തും റോഡ് ഒലിച്ച് പോയി. കുണ്ടും കുഴിയും നിറഞ്ഞ ഈ പാതയിൽ രണ്ട് കലുങ്കുകൾ ഏത് നിമിഷവും തകർന്ന് ഗതാഗതം നിലക്കാവുന്ന അവസ്ഥയിലാണ്. മൂന്നാറിൽ നിന്ന് മാങ്കുളത്തേക്കും തിരിച്ചും ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ നിത്യവും ഉപയോഗിക്കുന്ന പാതയിലൂടെ ഒരിക്കൽ സഞ്ചരിച്ചവർ പിന്നെ വരില്ല. അത്രയും മോശമാണ് റോഡിന്റെ അവസ്ഥ. കെ.എസ്.ആർ.ടി.സിയുടെ ജംഗിൾ സവാരി ബസുകൾ അടക്കം കടന്നുപോകുന്ന പാത നവീകരിക്കാൻ ഡിപ്പോ അധികൃതർ വരെ ആവശ്യപ്പെട്ടിട്ടും അധികാരികളുടെ കണ്ണ് തുറന്നിട്ടില്ല. രണ്ടു വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്ന റോഡ് ഗതാഗത യോഗ്യമായാൽ മാങ്കുളത്ത് വികസനം വേഗത്തിവാകും.
2018ലെ പ്രളയത്തിലാണ് അമ്പതാംമൈൽ-ആറാംമൈൽ-കള്ളകുട്ടി കുടി റോഡ് തകർന്നത്. റീബിൽഡ് കേരള പദ്ധതിയിൽ പെടുത്തി റോഡ് നിർമാണം ആരംഭിച്ചെങ്കിലും ഒച്ചിഴയുന്ന വേഗമാണ്. കഴിഞ്ഞ കാലവർഷത്തിൽ നവീകരണം നടത്തിയപ്പോൾ റോഡ് തന്നെ ഇടിഞ്ഞ് ഗതാഗതം മാസങ്ങൾ തടസപ്പെട്ടതടക്കം നാട്ടുകാർക്ക് പറയാനുള്ളത് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കഥകൾ മാത്രം. സോളിങ് നടത്തിയെങ്കിലും മെറ്റലുകൾ ഇളകി ചിന്നിച്ചിതറി കിടക്കുന്നു. പഞ്ചായത്തിലെ ആറു വാർഡുകളിലെ ജനങ്ങൾ ഉപയോഗിക്കുന്ന റോഡ് അഞ്ച് ആദിവാസി കോളനികളിലേക്കുള്ള ഏക പാതയുമാണ്. പലയിടത്തും റോഡിന്റെ അരിക് ഇടിഞ്ഞ് അപകടാവസ്ഥയിൽ നിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.