മാങ്കുളം സർക്കാർ ആശുപത്രിയിൽ ഒ.പി. മുടങ്ങി; ചികിത്സ കിട്ടാതെ രോഗികൾ മടങ്ങി
text_fieldsഅടിമാലി: ആദിവാസികളുടെയും കുടിയേറ്റ കർഷകരുടെയും ഏക ആശ്രയമായ മാങ്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ വെള്ളിയാഴ്ച ഒ.പി. മുടങ്ങി. ആദിവാസികൾ അടക്കം രോഗികൾ ചികിത്സ കിട്ടാതെ മടങ്ങി. രണ്ടു മാസം മുമ്പ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ ആശുപത്രിയാണ് ഡോക്ടർമാർ ഇല്ലാതെ അടച്ചിടേണ്ടി വന്നത്. താൽക്കാലികക്കാരായ രണ്ട് ഡോക്ടർമാരാണ് ഈ ആശുപത്രിയിലുള്ളത്. ഇതിൽ ഒരാൾക്ക് ആഴ്ചയിൽ മൂന്നുദിവസം കല്ലാർ പി.ച്ച്.സിയിൽ പോകണം. ഒരാൾക്ക് മെഡിക്കൽ ക്യാമ്പ്, പൊതുജനാരോഗ്യ പ്രവർത്തനം മുതലായവയിലേക്കും മാറണം. ഇതോടെ ഒ.പി നോക്കാൻ പറ്റാത്ത സാഹചര്യമാണ് ഇവിടെ നില നിൽക്കുന്നത്. വെള്ളിയാഴ്ച രാവിലെ തന്നെ ഡോക്ടർമാർ പോയതോടെ ജീവനക്കാർ ആശുപത്രി തുറന്നതുമില്ല.
മാങ്കുളം പഞ്ചായത്തിൽ 13 ആദിവാസി സങ്കേതങ്ങളും അടിമാലി പഞ്ചായത്തിലെ കുറത്തികുടി ആദിവാസി കോളനിയിൽ ഉള്ളവരും ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ മൂന്ന് വാർഡുകളിലെ ആദിവാസികളും മാങ്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയാണ് ചികിത്സ തേടുന്നത്. ശരാശരി 150 രോഗികൾ ചികിത്സക്കെത്തുന്നു. ഇതിൽ 90 ശതമാനവും ആദിവാസികളുമാണ്.
രാവിലെ എട്ടു മുതൽ വൈകീട്ട് 5 വരെയാണ് ഒ.പി നടത്തേണ്ടത്. ഇപ്പോൾ രണ്ടു മണിയോടെ താഴു വീഴും. പഞ്ചായത്താണ് ഒരു ഡോക്ടറെ നിയമിക്കേണ്ടത്. ഇത് ചെയ്യാത്തതാണ് സായാഹ്ന ഒ.പിക്ക് തടസ്സം. ഇതിനിടെയാണ് ഡി.എം.ഒ ഡോക്ടർമാരെ പലയിടങ്ങളിലേക്ക് മാറ്റി അധിക ഡ്യൂട്ടി നൽകി ആശുപത്രി പ്രവർത്തനം പ്രതിസന്ധിയിലാക്കിയത്. 10 മുതൽ 40 കിലോമീറ്റർ സഞ്ചരിച്ചു വേണം ആദിവാസികൾ മാങ്കുളത്തെ ആശുപത്രിയിൽ എത്താൻ . ഇവിടെ ഡോക്ടർ ഇല്ലെങ്കിൽ 50 കിലോമീറ്റർ അകലെ അടിമാലിയിൽ എത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.