വൈദ്യുതിയില്ലാതെ മാങ്കുളം; ജന ജീവിതം ദുരിതത്തിൽ
text_fieldsഅടിമാലി: സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് വിതരണം ചെയ്ത് ചരിത്രത്തിൽ ഇടം പിടിച്ച മാങ്കുളം പഞ്ചായത്തിൽ വെദ്യുതിയില്ലാതെ ജനം ദുരിതത്തിൽ. കഴിഞ്ഞ പത്ത് ദിവസമായി പഞ്ചായത്തിൽ വൈദ്യുതി കൃത്യമായി ലഭിക്കുന്നില്ല. വല്ലപ്പോഴും വിരുന്നുകാരനായി എത്തുന്ന വൈദ്യുതി രാത്രിയായാൽ പൂർണമായി മുടങ്ങും.
ചിത്തിരപുരം ഇലക്ട്രിക്കൽ മേജർ സെക്ഷന് കീഴിൽ വരുന്നതാണ് ഇവിടം. ചിത്തിരപുരത്തുനിന്നു വൈദ്യുതി എത്തിച്ച് തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾ കൂടുതലായത്. നേരത്തെ അടിമാലിയിൽനിന്നും തലമാലി പ്ലാമല ഫീഡറിൽനിന്നും എത്തിച്ചപ്പോൾ ഇത്രയും പ്രശ്നങ്ങൾ ഇല്ലായിരുന്നു. ഇപ്പാൾ ദിവസത്തിൽ നാലോ അഞ്ചോ മണിക്കൂറിൽ താഴെയാണ് ലഭിക്കുന്നത്. ഇതോടെ ഹോട്ടൽ, റിസോർട്ട്, വ്യാപാരികൾ എന്നുവേണ്ട എല്ലാവരും ദുരിതത്തിലാണ്. രാത്രി വെദ്യുതിയില്ലാത്തത് വിദ്യാർഥികളെയും പ്രതികൂലമായി ബാധിക്കുന്നു. ബാറ്ററി ചാർജ് ഇറങ്ങി മൊബൈൽ ടവറുകളും പ്രവർത്തനരഹിതമായതോടെ പലപ്പാഴും പുറംലോകവുമായുള്ള ബന്ധവും ഇല്ലാതാകുന്നു.
മാങ്കുളത്ത് വൈദ്യുതി വകുപ്പിന് ഓഫിസുണ്ടെങ്കിലും ജീവനക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും വൈദ്യുതി വകുപ്പിന് മാങ്കുളത്തോട് അവഗണനയാണെന്നും നാട്ടുകാർ ആരോപിക്കുന്നു. മുൻ മന്ത്രി എം.എം. മണി കല്ലാർ മുതൽ വിരിപാറ വരെ മണ്ണിനടിയിലൂടെ കേബിൾ ഇട്ട് വെദ്യുതി എത്തിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. മാങ്കുളത്തെ വൈദ്യുതി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികൾ. പ്രത്യക്ഷ സമരത്തിന് വ്യാഴാഴ്ച തുടക്കം കുറിക്കാനും തീരുമാനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.