സാമഗ്രികൾ കിട്ടാനില്ല; നിർമാണമേഖല വൻ പ്രതിസന്ധിയിൽ
text_fieldsഅടിമാലി: ഉയർന്ന വില നൽകിയാലും നിർമാണ വസ്തുക്കൾ കിട്ടാനില്ല. കരിങ്കല്ല്, മെറ്റൽ, മണൽ തുടങ്ങിയ വസ്തുക്കൾക്കാണ് കടുത്ത ക്ഷാമം. പരിസ്ഥിതി പ്രശ്നത്തിന്റെ പേരിൽ ഹൈറേഞ്ചിൽ പാറ ഖനനമില്ല. പുഴകളിൽ നിന്നും മണൽ വാരാനും അനുമതിയില്ല. മറ്റ് ജില്ലകളിൽ നിന്നും ഇവ കൊണ്ടുവരാമെന്ന് വെച്ചാൽ അമിതമായ വില ഇതിനും തടസ്സമാകുന്നു. അടിമാലി പഞ്ചായത്തിൽ 100 അടി കരിങ്കല്ലിന് 6000 രൂപയാണ് വില. മെറ്റലിനും എം. സാന്റ് മണലിനും ഒരടിക്ക് ശരാശരി 70 രൂപ വിലയുണ്ട്. മറ്റ് പഞ്ചായത്തുകളിലെത്തുമ്പോൾ 20 രൂപ വരെ വർധനവ് ഉണ്ടാകുന്നു. ഇതോടെ കെട്ടിട നിർമാണം, വിവിധ കരാർ പ്രവർത്തനങ്ങൾ എല്ലാം നിലച്ചിരിക്കുകയാണ്. പഴയ രീതിയിലെ എസ്റ്റിമേറ്റാണ് എൻജിനീയർമാർ എടുക്കുന്നത്. നിലവിലെ അവസ്ഥയിൽ 40 ശതമാനത്തിലേറെ വ്യത്യാസം വരുന്നതിനാൽ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും കരാർ എടുക്കുന്നവരും വിട്ട് നിൽക്കുകയാണ്. സിമന്റ്, കമ്പി എന്നിവക്കും വൻതോതിൽ വില ഉയർന്നിട്ടുണ്ട്. ഒരു ചാക്ക് സിമന്റിന് 430 രൂപയാണ് വില. കമ്പി വില ശരാശരി 73 രൂപയിൽ നിൽക്കുന്നു.
ജില്ലാ ഭരണകൂടം 13 പഞ്ചായത്തുകളിൽ നിർമാണ നിരോധനം കൊണ്ടു വന്നിരുന്നു. ഇതേ തുടർന്നാണ് പുഴകളിൽ നിന്നും മണൽ വാരുന്നതിനും പാറപൊട്ടിക്കുന്നതിനും നിരോധനം കൊണ്ടുവന്നത്. പിന്നീട് മറ്റ് ജില്ലകളിലെ പാറ -ക്വാറി ഉടമകൾ സ്വാധീനമുപയോഗിച്ച് നിരോധനം നീട്ടിക്കൊണ്ടുപോകുന്നതായി ആക്ഷേപമുണ്ട്. തൊടുപുഴ താലൂക്കിലെ ചില മേഖലകൾ ഒഴിച്ച് ജില്ലയിലെ മറ്റിടങ്ങളിൽ പാറപൊട്ടിക്കൽ നിരോധനമുണ്ട്. ഇതോടെ ആയിരക്കണക്കിന് നിർമാണ തൊഴിലാളികൾ തൊഴിൽ പ്രതിസന്ധിയിലാണ്. ഇപ്പോൾ നാല് ലക്ഷം രൂപയാണ് നിർധനർക്ക് വീട് വെക്കാൻ സർക്കാർ നൽകുന്നത്.
450 ചതുരശ്ര അടിയുള്ള വീട് നിർമിക്കണമെങ്കിൽ 10 ലക്ഷമെങ്കിലും ചിലവ് വരും. സർക്കാരിന്റെ പണം വാങ്ങിയവരും ഇപ്പോൾ പ്രതിസന്ധിയിലാണ്. നിർമാണത്തിന് ആവശ്യമായ മറ്റ് സാധനങ്ങൾക്കും 20 മുതൽ 35 രൂപവരെ വില ഉയർന്നിട്ടുണ്ട്. മറ്റ് ജില്ലകളിൽ പാറ പൊട്ടിക്കുന്നതിന് നൽകുന്ന അനുമതി ദേവികുളം, ഇടുക്കി, ഉടുമ്പൻചോല, പീരുമേട് താലൂക്കുകളിലും കൊണ്ടുവരണമെന്നും നിർമാണ വസ്തുക്കളുടെ വില ഏകീകരിക്കണമെന്നും ഈ മേഖലയിലുള്ളവർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.