വനം വകുപ്പിന്റേത് കരിനിയമങ്ങൾ; ജീവിതം പ്രതിസന്ധിയിലെന്ന് കുടിയേറ്റ കർഷകർ
text_fieldsഅടിമാലി: ഹൈറേഞ്ചിലെ കുടിയേറ്റ കർഷകരോട് സംസാരിച്ചാൽ അവർ പറയുന്നത് വനംവകുപ്പ് കർഷകരെ ദ്രോഹിക്കാൻ ഗവേഷണം നടത്തുന്നുവെന്നാണ്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി അവർ പറയുന്നത് പട്ടയഭൂമിയിൽ കർഷകൻ നട്ടുവളർത്തിയ മരമാണെങ്കിൽപോലും മുറിൻ പാടില്ലെന്ന ഉത്തരവാണ്.
മന്നാങ്കണ്ടം വില്ലേജിൽ ബ്ലോക്ക് നമ്പർ നാലിൽ ‘മലയാറ്റൂർ വനം ഡിവിഷൻ’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഭൂമിയിലെ മരങ്ങൾ മുറിക്കരുതെന്നാണ് നേര്യമംഗലം റേഞ്ച് ഓഫിസറുടെ പുതിയ നിർദേശം. കർഷകർ നട്ടുവളർത്തിയ മരങ്ങൾ വിലയ്ക്ക് വാങ്ങിയ കച്ചവടക്കാർ കട്ടിങ് പെര്‍മിഷനുവേണ്ടി വനംവകുപ്പിനെ സമീപിച്ചപ്പോഴാണ് റേഞ്ച് ഓഫിസറുടെ ഉത്തരവ് പുറത്തറിഞ്ഞത്. കൈവശ ഭൂമിയിലാണെങ്കിൽകൂടി ചന്ദനം, ഈട്ടി, തേക്ക് ഉൾപ്പെടെ 14 ഇനം മരങ്ങൾ ഒഴികെ കർഷകർ നട്ടുവളര്‍ത്തിയ മറ്റെല്ലാ മരങ്ങളും അനുമതിയില്ലാതെ മുറിക്കാമെന്ന് സർക്കാർ ഉത്തരവുള്ളപ്പോഴാണ് വനം വകുപ്പിന്റെ ഈ നിലപാട്.
1977ന് മുമ്പ് കുടിയേറിയ എല്ലാ കർഷകർക്കും സുപ്രീംകോടതിയുടെ അനുമതിയോടെയാണ് സംസ്ഥാന സർക്കാർ പട്ടയം നല്‍കിയത്. വനം-റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനയും പട്ടയം നല്‍കുന്നതിന് മുന്നോടിയായി നടത്തി. അതിനു ശേഷമാണ് 1993ൽ പട്ടയം നല്കാൻ സംസ്ഥാന സര്‍ക്കാർ തീരുമാനിച്ചത്.
പട്ടയം നല്കിയപ്പോൾ വസ്തുവിൽ സംരക്ഷിക്കേണ്ട എത്ര മരങ്ങൾ നില്‍ക്കുന്നുണ്ടെന്ന് പട്ടയത്തിൽതന്നെ രേഖപ്പെടുത്തിയിരുന്നു. ഈ മരങ്ങൾ ഭൂവുടമകള്‍ക്ക് വെട്ടാനും അവകാശമില്ല. എന്നാൽ റബർ, പ്ലാവ്, മാവ്, വിവിധയിനം ഗ്രാന്റീസ് മരങ്ങൾ എന്നിവയൊന്നും നടാനോ മുറിക്കാനോ തടസ്സമില്ല. ഇത്തരം മരങ്ങള്‍പോലും മുറിക്കാൻ പാടില്ലെന്നാണ് ഇപ്പോൾ വനം വകുപ്പിന്റെ നിലപാട്. ഇത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന ഉത്തരവാണെന്നും ഈ ഉത്തരവ് പിന്വലിക്കണെമെന്നുമാണ് കുടിയേറ്റ കർഷകരുടെ ആവശ്യം. വീടുവെക്കാൻ മണ്ണ് ക്രമപ്പെടുത്താൻപോലും തടസ്സമായി പുതിയ നിയമം മാറിയെന്ന് അവർ കുറ്റപ്പെടുത്തുന്നു. ഇതോടെ കുടിയേറ്റ കര്‍ഷകര്‍ക്ക് മക്കളുടെ വിവാഹം, പഠനം എന്നിവക്കും നട്ടുവളർത്തിയ മരങ്ങൾ വിൽക്കാൻ പാടില്ലെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയതായി അവർ പറയുന്നു.
വിവാദങ്ങളിൽ നേര്യമംഗലം റേഞ്ച് ഓഫിസർ
അടിമാലി: ഈ കാലവർഷത്തിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഗതാഗതം നിരോധിക്കണമെന്ന് കാട്ടി കലക്ടര്‍ക്ക് നേര്യമംഗലം റേഞ്ച് ഓഫിസർ കത്ത് നല്‍കിയത് വിവാദമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുൻ ജില്ല കലക്ടർ പൊതുഗതാഗതം നിരോധിച്ച് ഉത്തരവുമിറക്കി.
മരം വീണ് ഒരാൾ മരിക്കുകയും പതിവായി ദേശീയപാതയിൽ മരം വീഴുകയും ചെയ്തതാണ് ഉത്തരവിന്റെ അടിസ്ഥാനം. എന്നാൽ, മനഃപൂർവം കലക്ടറെ തെറ്റിദ്ധരിപ്പിച്ചാതാണെന്ന് വ്യക്തമായതോടെ 15 ദിവസത്തിനകം നേര്യമംഗലം മുതൽ വാളറ വരെ അപകടാവസ്ഥയിൽ നില്ക്കുന്ന മരങ്ങൾ മുറിച്ചുനീക്കാൻ കലക്ടർ മൂന്നാർ ഡി.എഫ്.ഒക്ക് നിർദേശം നല്കി. ഇല്ലെങ്കിൽ ഉത്തരവാദി ഡി.എഫ്.ഒ മാത്രമാണെന്നും ഉത്തരവിറക്കി. ഇതോടെ വെട്ടിലായ വനംവകുപ്പ് പത്തിൽ താഴെ മരങ്ങൾ വെട്ടുകയും ചില മരങ്ങളുടെ ചില്ല ഇറക്കുകയും ചെയ്തു. തുടര്‍ന്ന് പുതിയ കലക്ടറെ തെറ്റിദ്ധരിപ്പിച്ച് മുൻ കലക്ടറുടെ ഉത്തരവ് റദ്ദാക്കി. സ്ഥലത്തുപോലും എത്താതെ ജില്ല മണ്ണ് സംരക്ഷണ ഓഫിസറുടെ ഉത്തരവുകൂടി കലക്ടറെ തെറ്റിദ്ധരിപ്പിക്കാൻ വനംവകുപ്പ് ഉപയോഗിച്ചതായി കർഷകർ പറയുന്നു. ഇതിന് ശേഷം ദേശീയപാത വികസനം തടസ്സപ്പെടുന്ന പ്രവര്‍ത്തനമാണ് കണ്ടത്.
കോടതി ഇടപെട്ട കേസിൽ വനംവകുപ്പിന് തിരിച്ചടി നേരിട്ടു. പിന്നീട് മരങ്ങൾ മുറിക്കുന്നതിലെ തടസ്സവാദവുമായി വനംവകുപ്പ് രംഗത്തുവന്നു. വനംവകുപ്പ് തന്നെ നടത്തിയ സർവേയിൽ 259 മരങ്ങള്‍ മുറിക്കാനുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത് മുറിക്കാതെ വികസനം തടസ്സപ്പെടുത്താൻ കോടതിയിൽ തടസ്സ ഹരജി നൽകിയിരിക്കുകയാണ്. ഈ പാതയിൽ കാട്ടാനകളുടെ സാന്നിധ്യമുണ്ടെന്നും വാഹന വേഗ നിയന്ത്രണം വേണമെന്ന നിലപാടും വനപാലകർ എടുത്തു. ഇതും ഇപ്പോൾ വിവാദമാണ്. കൂടാതെ ആറാംമൈൽ, പഴമ്പിപിള്ളിച്ചാൽ, കുറത്തികുടി വഴി ആനകുളത്ത് എത്തുന്ന പഴയ ആലുവ-മൂന്നാർ രാജപാതക്കും നേര്യമംഗലം റേഞ്ച് ഓഫിസ് തന്നെയാണ് മുഖ്യ തടസ്സം. നേരത്തേ വാളറ വനമേഖലയിൽ വാഹനങ്ങൾ നിർത്തരുതെന്ന വിവാദ ഉത്തരവ് വൻ ജനകീയ പ്രതിഷേധത്തെ തുടർന്നാണ് വനംവകുപ്പ് പിൻവലിച്ചത്.
വാളറയിൽ ഹൈവേ ഉപരോധവും മരം മുറിക്കൽ സമരവും ഇന്ന്
അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള 15 കിലോമീറ്ററിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കാത്തതിൽ പ്രതിഷേധിച്ച് ദേശീയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച വാളറയിൽ ദേശീയപാത ഉപരോധവും മരം മുറിക്കൽ സമരവും നടത്തും. രാവിലെ 10.30ന് വാളറയിലാണ് സമരം. ഇതോടനുബന്ധിച്ച് ദേവികുളം താലൂക്കിൽ പൊതുപണിമുടക്കും നടക്കും. കടകൾ തുറക്കാതെയും വാഹനങ്ങൾ നിരത്തിലിറക്കാതെയും കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരും സമരത്തിൽ പങ്കെടുക്കുമെന്ന് ചെയർമാന് പി.എം. ബേബി മറ്റ് സമരസമിതി ഭാരവാഹികളായ കോയ അമ്പാട്ട്, ബാബു കുര്യാക്കോസ്, എം.ബി. സൈനുദ്ദീൻ, എൽദോസ് വാളറ, പി.സി. രാജൻ, നവാസ് ഹൈടെക് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.