പാൽ ഉൽപാദനം പ്രതിസന്ധിയിൽ; ക്ഷീരസംഘങ്ങൾക്ക് പൂട്ട് വീഴുന്നു
text_fieldsഅടിമാലി: ഉൽപാദനച്ചെലവിനനുസരിച്ച് പാലിന് വില ലഭിക്കാത്തതിനാൽ ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയിൽ. പലരും കാലിവളര്‍ത്തല്‍ ഉപേക്ഷിക്കുകയാണ്.ഇതോടെ പാല്‍ ഉൽപാദനം കുറഞ്ഞു. ഏഴു മാസത്തിനിടെ 17 ക്ഷീരസഹകരണ സംഘങ്ങളാണ് പൂട്ടിയത്. മില്‍മയുടെ കീഴിലെ 14 സംഘങ്ങളും എല്ലക്കല്‍ മില്‍ക്ക് സൊസൈറ്റിയുടെ കീഴിലെ മൂന്ന് പാല്‍ സംഭരണ കേന്ദ്രങ്ങളും പൂട്ടി.
ജില്ലയില്‍ മില്‍മയുടെ കീഴില്‍ 209 സംഘങ്ങങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം തുടക്കത്തില്‍ 192 സംഘങ്ങള്‍ കര്‍ഷകരില്‍നിന്ന് പാല്‍ ശേഖരിച്ചിരുന്നെങ്കിലും ഇപ്പോള്‍ 178 എണ്ണം മാത്രമാണ് പാല്‍ ശേഖരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാല്‍ ഉൽപാദിപ്പിച്ചിരുന്ന ഇടുക്കി ജില്ല ഇപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
സര്‍ക്കാര്‍ നല്‍കിയിരുന്ന അനുകൂല്യങ്ങൾ പിന്‍വലിച്ചതും കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച നാല് രൂപ ഇന്‍സെന്റിവ് ലഭിക്കാതെ വന്നതും പ്രതിസന്ധിയുടെ ആക്കം വർധിപ്പിച്ചതായി കര്‍ഷകര്‍ പറയുന്നു. 50 കിലോ കാലിത്തീറ്റക്ക് 1450 രൂപയാണ് വില. വയ്ക്കോല്‍ ഉൾപ്പെടെയുള്ളവക്കും വില ക്രമാതീതമായി ഉയര്‍ന്നു. തമിഴ്‌നാട്ടില്‍ കാലിത്തീറ്റക്കും വയ്ക്കോലിനും വില കേരളത്തിലേതിനെക്കാള്‍ 60 ശതമാനം കുറവാണ്. അടുത്തിടെ മില്‍മ ഉൽപന്നങ്ങള്‍ക്ക് വില വർധിപ്പിച്ചിരുന്നു. എന്നാല്‍, കര്‍ഷകര്‍ക്ക് ലഭിക്കുന്ന ശരാശരി വില 36 രൂപയാണ്. സൊസൈറ്റികള്‍ പാല്‍ ചില്ലറ വില്‍ക്കുന്നത് 46 രൂപക്കാണ്.
പ്രളയവും കോവിഡും ഇതര പ്രതിസന്ധികളും വരുമ്പോള്‍ ജില്ലയിലെ കര്‍ഷകരെ താങ്ങിനിര്‍ത്തിയത് ക്ഷീരമേഖലയായിരുന്നു. കാലികളിലെ രോഗങ്ങളും ചികിത്സ സൗകര്യങ്ങളുടെ കുറവും പ്രതിസന്ധി വർധിപ്പിക്കുന്നു. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളില്‍ എട്ടിടങ്ങളില്‍ മൃഗ ഡോക്ടർമാരില്ല. പാൽ ഉല്‍പാദനത്തില്‍ മുന്നിലുള്ള മാങ്കുളത്ത് ഒരു വര്‍ഷമായി മൃഗഡോക്ടറില്ല. മറയൂര്‍, കാന്തല്ലൂര്‍, ശാന്തന്‍പാറ, രാജകുമാരി മൃഗാശുപത്രികളിലും ഡോക്ടറില്ല.
ഉത്തരവാദി സർക്കാർ -അസോസിയേഷൻ
അടിമാലി: കാലിത്തീറ്റ വില വർധിപ്പിച്ചും കർഷകർക്ക് ആനുകൂല്യങ്ങൾ നിഷേധിച്ചും ക്ഷീരമേഖലയെ തകർക്കുന്നത് സർക്കാറാണെന്ന് കേരള സ്റ്റേറ്റ് മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് പി.ആര്‍. സലീംകുമാര്‍ പറഞ്ഞു.
പാല്‍വില വർധിപ്പിച്ചും കാലിത്തീറ്റക്ക് സബ്‌സിഡി നല്‍കിയും കര്‍ഷകരെ സംരക്ഷിക്കണം. സമസ്ത മേഖലകളിലെല്ലാം വന്‍ വില കയറ്റമാണ്. എന്നാല്‍, പാലിന് മാത്രം വില ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാൽ വരവ് കുറഞ്ഞത് തിരിച്ചടിയായി
അടിമാലി: നാലര പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന എല്ലക്കല്‍ മില്‍ക്ക് സൊസൈറ്റിയുടെ പാല്‍ സംഭരണ കേന്ദ്രങ്ങള്‍ പൂട്ടി. ക്ഷീരകര്‍ഷകര്‍ കാലി കൃഷിയില്‍നിന്ന് പുറകോട്ടുപോയതുമൂലം ഡിപ്പോയില്‍ പാല്‍ വരവ് കുറഞ്ഞതിനാലാണ് കുഞ്ചിത്തണ്ണി, സൗത്ത് മാങ്കടവ്, പവര്‍ഹൗസ് എന്നിവിടങ്ങളിലെ പാല്‍ സംഭരണ കേന്ദ്രങ്ങള്‍ പൂട്ടിയത്. ക്ഷീരകര്‍ഷകന് കൂലിപ്പണിക്കാരന്‍റെ വരുമാനം പോലും ലഭിക്കാതെ വന്നതോടെയാണ് പലരും ഇതിൽനിന്ന് പിൻമാറിയതെന്ന് സൊസൈറ്റി ഭരണസമിതി ഭാരവാഹികൾ പറയുന്നു.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഹൈറേഞ്ചില്‍ 90 ശതമാനം വീടുകളിലും മറ്റ് കൃഷിയോടൊപ്പം കന്നുകാലി വളര്‍ത്തലും പാല്‍ ഉല്‍പാദനവും ഉണ്ടായിരുന്നു. 1974 മാര്‍ച്ച് ഒന്നിനാണ് എല്ലക്കല്‍ മില്‍ക്ക് സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് 1999ല്‍ ഹൈറേഞ്ച് ഡെയറിയെന്ന പേരില്‍ മുതുവാന്‍കുടിയില്‍ പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.