സ്കൂള്‍ യൂനിഫോമിന് നൽകിയ പണവും ലഭിച്ചില്ല; കടക്കെണിയിൽ അധ്യാപകർ
text_fieldsഅടിമാലി: അധ്യയനവര്‍ഷം പകുതി പിന്നിടുമ്പോഴും യൂനിഫോം അലവന്‍സ് സര്‍ക്കാര്‍ നല്കാത്തതിനാൽ പ്രഥമ അധ്യാപകർ കടക്കെണിയിൽ. കുട്ടികൾക്ക് ഉച്ചഭക്ഷണം ഒരുക്കാൻ നാട്ടുകാരിൽനിന്ന് കടം എടുത്ത് വലയുന്നവരാണ് യൂനിഫോമിന്റെ പേരിലും വലയുന്നത്. യൂനിഫോം കൈപ്പറ്റിയവര്‍ ഇതിന്റെ തുകയായ 600 രൂപ തിരിച്ചടക്കാന്‍ സ്കൂൾ അധികൃതർ തുടരെ ആവശ്യപ്പെടുന്നതായും ആക്ഷേപമുണ്ട്. 2023-24 വര്‍ഷം പ്രവേശനം നേടിയ കുട്ടികള്‍ക്ക് യൂനിഫോം അഡ്വാന്‍സായി നല്‍കിയിരുന്നു. എന്നാല്‍, ഇന്നുവരെ ആ തുക സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല.
ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ലഭിച്ച യൂനിഫോമിന്റെ തുകയായ 600 രൂപ എത്രയും പെട്ടെന്ന് ക്ലാസ് ടീച്ചറെ ഏൽപ്പിക്കണമെന്നാണ് പല പ്രഥമ അധ്യാപകരും അറിയിച്ചിരിക്കുന്നത്. സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് യൂനിഫോം അലവന്‍സ് നല്‍കാനും തടസ്സമായത്.
യൂനിഫോം അലവന്‍സിനായി ബജറ്റില്‍ തുക അനുവദിക്കാറുണ്ടെങ്കിലും രക്ഷകര്‍ത്താക്കളുടെ കൈകളില്‍ ഇനിയും ഈ തുക എത്തിയിട്ടില്ലെന്നും പരാതിയുണ്ട്. മുട്ടയും പാലും ഉച്ചക്കഞ്ഞിയും ഉൾപ്പെടെ വാങ്ങി കടക്കെണിയിലായ അധ്യാപകർ യൂനിഫോം ബാധ്യത കൂടി തലയിൽ ചുമക്കണം. സർക്കാർ ഫണ്ട് നൽകാത്തതിനാൽ ജില്ലയിലെ ഭൂരിഭാഗം സ്കൂളുകളിലും ഈ വർഷം യൂനിഫോം വിതരണം ചെയ്തിട്ടില്ല. പാചക തൊഴിലാളികൾക്ക് മൂന്ന് മാസത്തെ ശമ്പളം കുടിശ്ശികയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.