മുക്കുടം വൈദ്യുതി പദ്ധതി പ്രവർത്തനം തുടങ്ങി
text_fieldsഅടിമാലി: ജില്ലയിലെ അഞ്ചാമത്തെ സ്വകാര്യ വൈദ്യുതി പദ്ധതിയായ മുക്കുടം പദ്ധതി പ്രവർത്തനം തുടങ്ങി. മുക്കുടം ജലവൈദ്യുതി നിലയം (നാല് മെഗാവാട്ട്) വൈദ്യുതിയാണ് ഉൽപാദിപ്പിക്കുക. രണ്ട് ജനറേറ്ററുകളിൽനിന്നായിട്ടാണ് വൈദ്യുതി ഉൽപാദിപ്പിക്കുക. കേരളത്തിലെ പന്ത്രണ്ടാമത്തെ സ്വകാര്യ ജലവൈദ്യുതി നിലയമാണിത്. കൊന്നത്തടി പഞ്ചായത്തിലെ പണിക്കൻകുടി മേഖലയിൽനിന്ന് ഉത്ഭവിച്ച് പുല്ലുകണ്ടം, പാറത്തോട്, കമ്പിളികണ്ടം, മുക്കുടം പ്രദേശങ്ങളിലൂടെ ഒഴുകി പനംകുട്ടിക്ക് സമീപം മുതിരപ്പുഴയാറിൽ ചേരുന്ന പാറത്തോട് തോട്ടിലെ ജലം ഉപയോഗിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്.
മുക്കുടത്തിനു പടിഞ്ഞാറു ഭാഗത്തായുള്ള ചതുരക്കള്ളിപ്പാറയിൽ നിർമിച്ച 10 മീറ്റർ ഉയരവും 29.45 മീറ്റർ നീളവുമുള്ള അണക്കെട്ടിൽനിന്ന് 323.7 മീറ്റർ (1068 അടി) താഴ്ചയിലുള്ള പവർ ഹൗസിലേക്ക് 1310 മീറ്റർ (1.31 കിലോമീറ്റർ) നീളമുള്ള പെൻസ്റ്റോക്ക് പൈപ്പിലൂടെ വെള്ളമെത്തിച്ച് രണ്ട് മെഗാവാട്ട് ശേഷിയുള്ള രണ്ട് ടർബൈനുകൾ ചലിപ്പിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്.
ഉൽപാദിപ്പിക്കുന്ന വൈദ്യുതി രണ്ട് കിലോമീറ്റർ അകലെയുള്ള കെ.എസ്.ഇ.ബിയുടെ നേര്യമംഗലം പവർ ഹൗസിലേക്ക് പുതുതായി വലിച്ച ലൈൻ വഴി എത്തിച്ചാണ് ഗ്രിഡിലേക്ക് നൽകുന്നത്.
അങ്കമാലി എഫ്.ഐ.എസ്.എ.ടി എൻജിനീയറിങ് കോളജിൽനിന്ന് 2006ൽ എൻജിനീയറിങ് ബിരുദം പൂർത്തിയാക്കി ഇന്ത്യക്ക് അകത്തും പുറത്തുമായി വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്തിരുന്ന ഏഴ് യുവ എൻജിനീയർമാരാണ് സംരംഭത്തിന് പിന്നിൽ.
കമ്പനിയുടെ സി.എം.ഡിയും കമ്പിളികണ്ടം സ്വദേശിയുമായ രാകേഷ് റോയി ആണ് 2014 ജൂണിൽ ഇവിടെ ഇങ്ങനെ ഒരു പദ്ധതിയുടെ സാധ്യത തിരിച്ചറിഞ്ഞതും സുഹൃത്തുക്കളെകൂട്ടി മുക്കുടം ഇലക്ട്രോ എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രൂപവത്കരിച്ച് 2015 ഡിസംബറിൽ ഒരുമെഗാവാട്ട് ശേഷിയുള്ള പദ്ധതി റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കുകയും ചെയ്തത്.
ഒരു മെഗാവാട്ടിന് 2018 മാർച്ചിൽ സർക്കാർ അനുമതി ലഭിച്ചു. 2016 ജൂൺ മുതൽ തുടർച്ചയായി മൂന്ന് വർഷം പദ്ധതി പ്രദേശത്തെ ജലലഭ്യത നിരീക്ഷിച്ച് രേഖപ്പെടുത്തിയതിൽനിന്ന് ഇവിടെ നാല്മെഗാവാട്ട് ശേഷിയുള്ള പദ്ധതി സ്ഥാപിക്കുകയാണ് ഉചിതം എന്ന് മനസ്സിലാവുകയും പുതുക്കിയ പദ്ധതി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
2021 ഫെബ്രുവരിയിൽ അനുമതി ലഭ്യമാവുകയും ചെയ്തു. 2019 ഫെബ്രുവരി മൂന്നിന് അന്നത്തെ വൈദ്യുതി മന്ത്രി എം.എം. മണി നിർമാണ ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് കാലത്തെ പ്രതിസന്ധികളും തരണം ചെയ്താണ് നാലരവർഷം കൊണ്ട് പദ്ധതി കമീഷൻ ചെയ്തത്. പ്രതിവർഷം 11 ദശലക്ഷം (1.1 കോടി) യൂനിറ്റ് വൈദ്യുതി ഇവിടെ ഉൽപാദിപ്പിക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഉടനുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.