തിരക്കിൽ മൂന്നാർ; ദീപാവലി കഴിഞ്ഞും വാഹനക്കുരുക്ക്
text_fieldsഅടിമാലി: വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതോടെ മൂന്നാറില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. ദീപാവലി അവധി ദിനങ്ങളില്‍ സകല റെക്കോര്‍ഡും ഭേദിച്ചാണ് മൂന്നാറിലേക്ക് സഞ്ചാരികള്‍ ഒഴുകിയത്. മൂന്നാര്‍ ടൗണ്‍, രാജമല ദേശീയോദ്യാനം, മാട്ടുപ്പെട്ടി റോഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. മൂന്നാറിന്റെ കവാടമായ ആനച്ചാലിലും സമാന രീതിയിലായിരുന്നു തിരക്ക്. ഗതാഗതക്കുരുക്കുണ്ടാക്കിയ വഴിയോര വ്യാപാര സ്ഥാപനങ്ങള്‍ കുറെയേറെ പൊളിച്ച് നീക്കിയെങ്കിലും മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ സാധിച്ചില്ല.
മൂന്നാറിൽ ദീപാവലി ദിനങ്ങളിലും തുടർന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇതര ജില്ലകളിലും നിന്നുമുള്ള സഞ്ചാരികളുടെ വന്‍ തിരക്കാണ്. എത്ര സഞ്ചാരികള്‍ വന്നാലും ഇരവികുളം ദേശീയോദ്യാനത്തിന്റെ കവാടമായ അഞ്ചാം മൈലില്‍ ഒരുവര്‍ഷമായി കാര്യമായ തിരക്ക് അനുഭവപ്പെടാറില്ല. എന്നാല്‍, ഇവിടെ ഗതാഗത നിയന്ത്രണത്തിന് ചുമതലപ്പെടുത്തിയ ജീവനക്കാരെ വനംവകുപ്പ് പെട്ടെന്ന് പിന്‍വലിച്ചത് ഇവിടെ പ്രതിസന്ധിയായി.
വഴിയോര കച്ചവടക്കാരെ നീക്കിയപ്പോള്‍ ഗതാഗതം സുമഗമാകുമെന്ന് കണക്കുകൂട്ടിയതാണ് പിഴച്ചത്. മൂന്നാര്‍ - മറയൂര്‍ പാതയില്‍ രൂക്ഷമായ ഗതാഗത പ്രശ്നമുണ്ട്. ശനിയാഴ്ച ആംബുലന്‍സ് പോലും ഇവിടെ കുടുങ്ങി. നാലു മണിക്കൂറിലധികം വാഹനങ്ങള്‍ കുടുങ്ങി കിടന്നു. പൊലീസ് എത്തിയെങ്കിലും ഗതാഗത കുരുക്ക് അഴിക്കാന്‍ കഴിഞ്ഞില്ല. ബസുകളുടെ ട്രിപ്പ് മുടങ്ങി. വഴിയോരക്കച്ചവടക്കാരുടെ വർധനവാണ് ഗതാഗത പ്രശ്നത്തിന് കാരണമെന്ന് പറഞ്ഞ് നിരവധി പേരെ കുടിയൊഴിപ്പിച്ചിട്ടും പരിഹാരമാകാത്തത് വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ഒഴിപ്പിക്കല്‍ അടുത്ത ദിവസം മുതല്‍ തുടരുമെന്നാണ് അധികൃതര്‍ പറയുന്നത്.
എന്നാല്‍, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും ഒഴിപ്പിക്കലിനെതിരെ രംഗത്തെത്തിയത് തുടര്‍നടപടി എങ്ങനെയെന്ന സംശയവും ഉണ്ടാക്കിയിട്ടുണ്ട്. മാട്ടുപ്പെട്ടി റോഡിലും ദേവികുളം റോഡിലും വലിയ ഗതാഗത പ്രശ്നമാണ് ഇപ്പോഴുള്ളത്. ടൗണിലെ ഓട്ടോ, ഇതര ടാക്സി സ്റ്റാൻഡുകള്‍ മാറ്റുകയും വിനോദ സഞ്ചാരികള്‍ എത്തുന്ന വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേകം സൗകര്യം ഒരുക്കുകയും ചെയ്താലേ ഗതാഗത പ്രശ്നത്തിന് പരിഹാരമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.