സംരക്ഷണമില്ല; മൂന്നാറിലെ അപ്സൈക്കിൾഡ് ഉദ്യാനം നശിക്കുന്നു
text_fieldsഅടിമാലി: മാലിന്യ വസ്തുക്കൾ ഉപയോഗിച്ച് വിവിധ ശിൽപങ്ങൾ അടക്കം നിർമിച്ച് ഉദ്ഘാടനം ചെയ്ത ഉദ്യാനം സംരക്ഷണമില്ലാതെ നശിക്കുന്നു. പഴയ മൂന്നാറിൽ നിർമിച്ച ജില്ലയിലെ ആദ്യ അപ്സൈക്കിൾഡ് ഉദ്യാനമാണ് കാടുകയറി നശിക്കുന്നത്. പഴയ മൂന്നാർ ബൈപാസ് പാലത്തിന് സമീപമാണ് പാർക്കാണ് പാർക്ക് സ്ഥാപിച്ചത്.
യു.എൻ.ഡി.പി, ഹിൽ ധാരി, മൂന്നാർ പഞ്ചായത്ത്, മൂന്നാർ ബയോഡൈവേഴ്സിറ്റി റിസർച് ആൻഡ് കൺസർവേഷൻ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച പാർക്ക് 2022 നവംബറിൽ മന്ത്രി എം.വി. രാജേഷാണ് ഉദ്ഘാടനം ചെയ്തത്. കാടുകയറിയും നിർമിതികൾ കനത്ത കാറ്റിൽ നിലംപതിച്ചും നശിച്ചു.
മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് വിശ്രമിക്കുന്നതിനും തണുപ്പ് ആസ്വദിക്കുന്നതിനുമുള്ള പ്രധാന കേന്ദ്രമായി ഇതു മാറിയിരുന്നു. എന്നാൽ ഉദ്യാനം ആരും പരിചരിക്കാതെ വന്നതോടെ കാടുകയറി. മാലിന്യ വസ്തുക്കൾക്കൊണ്ട് നിർമിച്ച പല ശിൽപങ്ങളും അറ്റകുറ്റപ്പണികൾ നടത്താതെയും കനത്ത കാറ്റിൽ നിലംപൊത്തി തുടങ്ങി. സന്ധ്യയായാൽ തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായിരിക്കുകയാണ് ലക്ഷങ്ങൾ ചെലവിട്ടു നിർമിച്ച ഉദ്യാനം. പഴയ പ്ലാസ്റ്റിക്, ടയറുകൾ, സ്ക്രാപ്, ഓട്ടമൊബീൽ അവശിഷ്ടങ്ങൾ, ഇലക്ട്രോണിക് വേസ്റ്റ് എന്നിവ ഉപയോഗിച്ചാണ് പാർക്ക് നിർമിച്ചത്.
പഴയ ടയറുകൾ ഉപയോഗിച്ച് നിർമിച്ച ടൈലുകൾ പാകിയ നടപ്പാത, 70 കിലോ വീതം പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമിച്ച ഇരിപ്പിടങ്ങൾ, പ്ലാസ്റ്റിക് കുപ്പികൾ നിറച്ച ആനയുടെ കൂറ്റൻ പ്രതിമ, തവളകൾക്കും മറ്റും വസിക്കുന്നതിനുള്ള കുളം, മൂന്നാറിൽ മാത്രം കണ്ടുവരുന്ന അപൂർവ സസ്യങ്ങൾ, ചെടികൾ, പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമിച്ച വലിയ പൂക്കൾ എന്നിവയെല്ലാമായിരുന്നു ഉദ്യാനത്തിലെ പ്രത്യേകതകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.