ഈ വാരിക്കുഴികളാണ് നാടിന്റെ വഴി
text_fieldsഅടിമാലി: വെള്ളത്തൂവല്‍ പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന മുതുവാന്‍കുടി-ശല്യാംപാറ റോഡ് സഞ്ചാരയോഗ്യമല്ലാത്തവിധം തകര്‍ന്നു. വന്‍കുഴികള്‍ നിറഞ്ഞ ഈ പാതയിലൂടെ സഞ്ചരിച്ചാല്‍ നടുവൊടിയുമെന്നതില് സംശയം വേണ്ട.
ശല്യാംപാറ പോസ്റ്റ് ഓഫിസ് ജങ്ഷനില്‍നിന്ന് കുത്തനയുള്ള കയറ്റം കയറിവേണം ചെങ്കുളത്തേക്കുള്ള റോഡിലൂടെ സഞ്ചരിക്കാന്‍. കയറ്റത്തിലും കൊടുംവളവുകളിലും റോഡിലാകമാനം വാരിക്കുഴികളാണ്. ഇതോടെ ഈ പാതയില്‍ വാഹനങ്ങൾ അപകടത്തില്‍പെടാത്ത ദിവസങ്ങളില്ല.
ഒരു കല്ലില്‍നിന്ന് മറ്റൊരു കല്ലിലേക്ക് ചാടിയാണ് വാഹങ്ങള്‍ പോകുന്നത്. ചെറിയൊരു അശ്രദ്ധ ഉണ്ടായാല്‍ അപകടം ഉറപ്പ്. ബൈക്ക് യാത്രക്കാരാണ് കൂടുതലും അപകടത്തില്‍പെടുന്നത്. കഴിഞ്ഞ ദിവസം ഒരുമണിക്കൂര്‍ വ്യത്യാസത്തിലാണ് രണ്ട് ബൈക്കുകള്‍ അപകടത്തില്‍പെട്ടത്.
ടാക്സി ഓട്ടോകള്‍ ഈ പാതയിലൂടെ ഓടുന്നില്ല. ഇതോടെ രോഗികളടക്കമുള്ളവര്‍ വലിയ ദുരിതമാണ് നേരിടുന്നത്. കാര്‍ഷിക വിളകള്‍ ചന്തയിലേക്ക് കൊണ്ടുപോകണമെങ്കില്‍ തലച്ചുമട് തന്നെ വേണം. മൂന്നാര്‍, കുഞ്ചിത്തണ്ണി, ബൈസണ്‍വാലി, പള്ളിവാസല്‍ മേഖലകളിലുള്ളവര്‍ ജില്ല ആസ്ഥാനമായ ഇടുക്കിയിലേക്ക് എത്തുന്നതിന് എളുപ്പമാര്‍ഗമായി ഉപയോഗിക്കുന്ന പാതകളിലൊന്നാണ് ഈ റോഡ്.
ഇതോടെ യാത്രക്കാര്‍ കൂടുതലുള്ള റോഡായി ഇത് മാറിയിരുന്നു. നാലര കിലോമീറ്റര്‍ ദൂരമാണ് തകര്‍ന്ന് കിടക്കുന്നത്. 2015ലാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതിനുശേഷം അറ്റകുറ്റപ്പണിക്കായി ഒരു പ്രവര്‍ത്തനവും നടത്താത്തതാണ് റോഡ് തകര്‍ച്ചക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.