കാട്ടാന ശല്യം ; നേര്യമംഗലം റേഞ്ച് ഓഫിസ് ഉപരോധിച്ചു പൊലീസ് സമരക്കാരെ തടഞ്ഞു
text_fieldsഅടിമാലി: വാളറ, കുളമാംകുഴി, കാഞ്ഞിരവേലി, കമ്പിലൈൻ മേഖലയിലെ രൂക്ഷമായ കാട്ടാന ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ ജനങ്ങൾ നേര്യമംഗലം റേഞ്ച് ഓഫിസ് ഉപരോധിച്ചു.
അടിമാലി പഞ്ചായത്തിലെ ജനങ്ങൾ കക്ഷി രാഷ്ട്രീയത്തിനതീതമായി നേര്യമംഗലം ടൗണിൽ ഒത്തുചേർന്ന് പ്രകടനമായി റേഞ്ച് ഓഫിസിലേക്ക് എത്തുകയായിരുന്നു. റേഞ്ച് ഓഫിസിന് മുന്നിൽ പൊലീസ് സമരക്കാരെ തടഞ്ഞു. നൂറുകണക്കിന് വരുന്ന കർഷകർ പൊലീസ് വലയം ഭേദിച്ച് റേഞ്ച് ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചെങ്കിലും ജനപ്രതിനിധികൾ ഇടപെട്ട് കർഷകരെ ശാന്തരാക്കുകയായിരുന്നു.
കർഷകർ ഉൽപാദിപ്പിക്കുന്നതെന്തും കാട്ടാനകൾ നശിപ്പിക്കുന്നു. ജീവനും സ്വത്തിനും ഭീഷണിയായ കാട്ടാനകളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വനം വകുപ്പിനെ സമീപിച്ചെങ്കിലും നടപടി ഉണ്ടാകാത്തതിനാലാണ് ജനങ്ങൾ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് പ്രത്യക്ഷ സമരത്തിന് ഇറങ്ങിയതെന്ന് നേതാക്കൾ പറഞ്ഞു.
ഉപരോധസമരം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. വന്യമൃഗങ്ങളെ കാടിനുള്ളിൽ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം വനപാലകർക്കാണെന്ന് എം.പി പറഞ്ഞു.
വന്യമൃഗങ്ങൾ നാട്ടിലിറങ്ങാതിരിക്കാൻ പദ്ധതി സമർപ്പിച്ചെന്ന് പറയുന്നവർ കൃത്യമായ സമയത്ത് അനുമതി ലഭിച്ചില്ലെങ്കിൽ ജനപ്രതിനിധികളെ അറിയിക്കണം. അല്ലാതെ വർഷങ്ങൾ ഇതിനായി കാത്തിരിക്കരുത്. യോഗത്തിൽ എ. രാജ എം.എൽ.എ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് മെംബർ സോളി ജീസസ്, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ കെ. കൃഷ്ണമൂർത്തി, എം.എ അൻസാരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ, മെംബർമാരായ ദീപ രാജീവ്, രേഖ രാധാകൃഷ്ണൻ വിവിധ രാഷ്ട്രീയ നേതാക്കൾ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.