കുടിവെള്ളത്തിനായി നെട്ടോട്ടം: പാഴായി ജലസ്രോതസ്സുകള്‍; തകര്‍ന്നുകിടക്കുന്നത് നൂറുകണക്കിന് പദ്ധതികള്‍
text_fieldsഅടിമാലി: കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന നാട്ടില്‍ നവീകരണമില്ലാതെ തകര്‍ന്നുകിടക്കുന്നത് നൂറുകണക്കിന് കുടിവെള്ള പദ്ധതികള്‍. അടിമാലി, ദേവികുളം ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലെ പഞ്ചായത്തുകളില്‍ 2000ഓളം ജലസേചന പദ്ധതികളാണ് ഉപയോഗമില്ലാതെ കിടക്കുന്നത്.
ഉപയോഗിക്കാതെ കിടക്കുന്ന കുഴല്‍ക്കിണറുകൾ ധാരാളം വേറെയുണ്ട്. വിവിധ പഞ്ചായത്തുകളില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ജലനിധി, ജപ്പാന് പദ്ധതി ഉൾപ്പെടെ പരാജയമാണ്. വേനല്‍ കനത്തതോടെ പല മേഖലയും വരള്‍ച്ചയുടെ പിടിയിലമരുകയാണ്. കോവിലൂര്‍ പോലെയുള്ള മേഖലയില്‍ ഇപ്പോള്‍തന്നെ ജനം കുടിവെള്ളത്തിനായി പരക്കം പായുന്നു.
ജലസേചന വകുപ്പ് ദേവികുളം താലൂക്കില്‍ 200ലേറെ വന്‍കുളങ്ങള്‍ പല വർഷങ്ങളായി തീര്‍ത്തിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ എലക്കാടുകളിലും തേയിലത്തോട്ടങ്ങളിലുമാണ് ഇവയില്‍ ഭൂരിഭാഗവും. ഇതൊക്കെ സ്വകാര്യ വ്യക്തികള്‍ സ്വന്തമാക്കി വെച്ചിരിക്കുന്നു. മറ്റിടങ്ങളില്‍ വെള്ളമില്ലാതെ നിരവധി കുളങ്ങളുണ്ട്. വെള്ളമുണ്ടെങ്കിലും ഉപയോഗിക്കാന്‍ കഴിയാത്തവയും ധാരാളം.
വേനല്‍ കടുക്കുന്നതോടെ കുളങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന പമ്പ് ഹൗസുകളുടെ പ്രവര്‍ത്തനം ഭൂരിഭാഗവും നിലക്കും. 21 വാര്‍ഡുകളിലായി 15ഓളം കുളങ്ങളുള്ള അടിമാലി പഞ്ചായത്തില്‍ ഭൂരിഭാഗവും നാശോന്മുഖമായിട്ട് വര്‍ഷങ്ങളായി. ഗ്രാമീണമേഖലകളിലെ ജലക്ഷാമം പരിഹരിക്കാന്‍ തദ്ദേശീയ സ്രോതസ്സുകള്‍ നവീകരിച്ച് സംരക്ഷിക്കണമെന്ന നിര്‍ദേശങ്ങള്‍ പഞ്ചായത്തുകള്‍ പാലിക്കാത്തതാണ് കുളങ്ങളുടെ ദുരവസ്ഥക്ക് കാരണം.
വേനല്‍ കനത്താല്‍ ടാങ്കറില്‍ വെള്ളമെത്തിക്കേണ്ടിവരുന്ന സ്ഥലങ്ങലുടെ കണക്കെടുപ്പ് പഞ്ചായത്തുകള്‍ ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ മുടങ്ങിക്കിടക്കുന്ന പദ്ധതികൾ ശരിയാക്കാന്‍ നടപടിയില്ല.
കൊന്നത്തടി, വെള്ളത്തൂവല്‍, വട്ടവട, കാന്തലൂര്, മറയൂര്‍ പഞ്ചായത്തുകളിലെ സ്ഥിതിയും വിഭിന്നമല്ല. വികസനപദ്ധതികളുടെ മറവില്‍ അനാവശ്യ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തിടുക്കം കാട്ടുന്ന തദ്ദേശസ്ഥാപനങ്ങള്‍ ഉപയോഗപ്രദമല്ലാതെ കിടക്കുന്ന കുടിവെള്ള പദ്ധതികളുടെ കാര്യം വിസ്മരിക്കുന്നു. കോടികള്‍ മുടക്കിയ ജലനിധി പദ്ധതികളും മിക്ക പഞ്ചായത്തുകളിലും അവതാളത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.