ഫണ്ടില്ല; എസ്.പി.സി പ്രവർത്തനവും പ്രതിസന്ധിയിൽ
text_fieldsഅടിമാലി: സ്റ്റുഡന്റ് പൊലീസ് കാഡറ്റ് (എസ്.പി.സി) ഫണ്ട് വലിയ രീതിയിൽ വെട്ടിക്കുറച്ചതോടെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്.
കഴിഞ്ഞ സാമ്പത്തിക വർഷം 60,000 രൂപവരെ ലഭിച്ചിരുന്ന ഭക്ഷണ ഫണ്ട് ഇക്കുറി 19,750 രൂപയാക്കിയിരിക്കുകയാണ്. ജില്ലയിൽ 46 സ്കൂളുകളിലായി 3900 കാഡറ്റുകളാണുള്ളത്. ഫണ്ട് വെട്ടിക്കുറച്ചതിനാൽ ഒരു കാഡറ്റിന് ഭക്ഷണത്തിന് 3.37 രൂപ മാത്രമേ ലഭിക്കൂ. 88,000 രൂപ യൂനിഫോമിനുമാണ്. 2015-17ൽ 2.25 ലക്ഷംവരെ ഒരു സ്കൂളിന് അനുവദിച്ചിരുന്നു. ഇതാണ് കുറഞ്ഞത്.
2010ൽ പദ്ധതി തുടങ്ങുമ്പോൾ ഒരുകുട്ടിക്ക് ദിവസം ഭക്ഷണത്തിന് 16 രൂപവരെ കിട്ടിയിരുന്നു. 13 വർഷത്തിനുശേഷം സാധനവില ഇരട്ടിയിലേറെ എത്തിയപ്പോൾ ഈ തുക 3.37 രൂപയിലേക്ക് കുറഞ്ഞു. കഴിഞ്ഞ വർഷം സർക്കാർ സ്കൂളിന് 60,000 രൂപയും എയ്ഡഡ് സ്കൂളിന് 30,000 രൂപയും ഭക്ഷണത്തിന് അനുവദിച്ചിരുന്നു. ഒരു സ്കൂളിൽ 88 എസ്.പി.സി കാഡറ്റുകളാണുള്ളത്. ഒരു അധ്യയനവർഷം 65 ദിവസമാണ് പരിശീലനം. സ്കൂളുകൾ കൂടിയതും അതനുസരിച്ച് ആകെ തുക ഉയർത്താത്തതുമാണ് പ്രധാന പ്രശ്നം.
ബുധൻ, ശനി ദിവസങ്ങളിലാണ് എസ്.പി.സി പരിശീലനം. ശനിയാഴ്ച രാവിലെ ഏഴിന് പരിശീലനം തുടങ്ങും.
ഇതിനിടക്ക് കുട്ടികൾക്ക് ഭക്ഷണം നൽകണം. പല സ്കൂളുകളിലും ചുമതലക്കാർ കൈയിൽനിന്ന് പണമെടുത്താണ് ചെലവ് കണ്ടെത്തുന്നത്. സ്കൂളുകളിലെ ഉച്ചഭക്ഷണ ഫണ്ട് തന്നെ മാസങ്ങൾ കുടിശ്ശിക വന്നതിന് പുറമെ എസ്.പി.സി ഫണ്ട് കുറഞ്ഞത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതോടെ പല സ്കൂളുകളും എസ്.പി.സി ഒഴിവാക്കി നൽകണമെന്ന ആവശ്യവുമായി രംഗത്ത് വന്നു കഴിഞ്ഞു. ഉച്ചക്കഞ്ഞിക്ക് പുറമെ മുട്ടയും പാലും പദ്ധതി നടപ്പാക്കി.
ഇതിനാവശ്യമായ തുക സർക്കാർ തരുന്നില്ല. ഇത്തരത്തിൽ പി.ടി.എ കമ്മിറ്റികൾക്ക് വലിയ ബാധ്യത അടിച്ചേൽപിക്കപ്പെട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.