കുറത്തിക്കുടിയിലെ കുട്ടികൾ അക്ഷരവെളിച്ചത്തിന് പുറത്ത്
text_fieldsഅടിമാലി: പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെട്ടതും അവികസിത ആദിവാസി സങ്കേതമായ കുറത്തിക്കുടിയിലെ കുട്ടികൾ പരിധിക്ക് പുറത്താണെന്ന് അധികാരികൾ അറിയുന്നുണ്ടോ. ഒന്നു മുതൽ 12 വരെ ക്ലാസുകളിലായി പഠിക്കുന്ന 50ൽപരം കുട്ടികൾ ഇവിടെയുണ്ട്. ഇവർക്ക് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ മൊെബെൽ കവറേജില്ല.
അധ്യയന വർഷാരംഭത്തിൽ കലക്ടർ പറഞ്ഞതാണ് ഇവിടെ മൊെബെൽ കവറേജ് എത്തിക്കുമെന്ന്. എന്നാൽ, ഒരു നടപടിയും പിന്നീട് ഉണ്ടായിട്ടില്ല.
കഴിഞ്ഞ അധ്യയന വര്‍ഷം കുടിയിലെ കുട്ടികൾ പഠിച്ചിരുന്നില്ല. പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കുട്ടികളുടെ പഠനം കടലാസില്‍ ഒതുങ്ങും. തൊട്ടടുത്ത മാങ്കുളത്ത് ടവർ സ്ഥാപിക്കാൻ പഞ്ചായത്തും ജില്ല ഭരണകൂടവും ബി.എസ്.എന്‍.എല്‍ അടക്കം മൊബൈല്‍ കമ്പനികളുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഇവിടെ പുതിയ ടവർ സ്ഥാപിച്ചാൽ കുറത്തിക്കുടിയിൽ മൊെബെൽ കവറേജ് എത്തിക്കാൻ സാധിക്കും. ചില കമ്പനികൾ ടവർ സ്ഥാപിക്കാൻ തയാറാണെങ്കിലും സര്‍ക്കാര്‍ സഹായം വേണമെന്നാണ് ആവശ്യം. കുറത്തിക്കുടിക്ക് പുറമെ മാങ്കുളം പഞ്ചായത്തിലെ അമ്പതാംമൈല്‍, സിങ്കുകുടി, കള്ളക്കുട്ടികുടി, വേലിയാംപാറ, താളുംകണ്ടം, കോഴിയള മുതലായ ആദിവാസി കോളനികളും പരിധിക്ക് പുറത്താണ്.
ഇൻറര്‍നെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ വില്‍ഫോണുകള്‍ വേണമെന്നാണ് ആവശ്യം. ഒരു വര്‍ഷം മുമ്പുവരെ കുറത്തിക്കുടിയിലടക്കം വില്‍ഫോണുകള്‍ ഉണ്ടായിരുന്നു. നഷ്ടക്കണക്ക് നിരത്തി ബി.എസ്.എന്‍.എല്‍ ഇത് നിര്‍ത്തലാക്കുകയായിരുന്നു. വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾക്ക് പുറമെ സ്കൂളുകള്‍ കേന്ദ്രീകരിച്ചും ഒാൺലൈൻ ക്ലാസുകള്‍ നടക്കുമ്പോള്‍ ഇൻറര്‍നെറ്റ് ലഭ്യമല്ലാത്ത കുട്ടികളുടെ ഭാവി തന്നെ അവതാളത്തിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.