പാർക്കിങ്ങിന് സ്ഥലമില്ല; ഗതാഗതക്കുരുക്കിൽ വലഞ്ഞ് അടിമാലി
text_fieldsഅടിമാലി: മലയോര മേഖലയിലെ പ്രധാന പട്ടണമായ അടിമാലിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. പാർക്കിങ്ങിന് സ്ഥലമില്ലാത്തതിനാൽ റോഡരികിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
ഇത് ഇവിടെ എത്തുന്നവരെ വലക്കുന്നു. നിരവധി സ്കൂളുകളും സർക്കാർ ഓഫിസുകളും ആരാധനാലയങ്ങളുമുള്ള ഹൈറേഞ്ചിന്റെ സംഗമകേന്ദ്രവുമായ അടിമാലി വിനോദസഞ്ചാരികളുടെ ഇടത്താവളവുമാണ്.
ഗതാഗതക്കുരുക്ക് മൂലം വിദ്യാർഥികൾ അടക്കമുള്ളവർ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. മൂന്നാർ, ഇടുക്കി, കോതമംഗലം റോഡുകൾ സംഗമിക്കുന്ന സെൻട്രൽ ജങ്ഷനിലാണ് ഏറ്റവും തിരക്ക്. പ്രൈവറ്റ് ബസ്സ്റ്റാൻഡിൽനിന്ന് വാഹനങ്ങൾ പുറത്തേക്ക് വരുന്ന ഹിൽഫോർട്ട് ജങ്ഷനിലാണ് തിരക്ക് അനുഭവപ്പെടുന്ന മറ്റൊരു പ്രദേശം. കല്ലാർകുട്ടി റോഡിലും മൂന്നാർ റോഡിലും അമ്പലപ്പടി, കാംകോ ജങ്ഷനുകളിലും ഗതാഗതതടസ്സവും നിത്യസംഭവമാണ്. കല്ലാർകുട്ടി റോഡിലും മുസ്ലിം പള്ളിപ്പടി ഭാഗത്തും ഹിൽഫോർട്ട് ജങ്ഷനിലും രാവിലെ മുതൽ വ്യാപാരികളുടെയും ഉദ്യോഗസ്ഥരുടെയും വാഹനങ്ങൾ സ്ഥാനം പിടിക്കും.
കൂടാതെ ചരക്ക് വാഹനങ്ങൾ നിയന്ത്രണമില്ലാതെ കയറ്റിറക്കും കൂടിയാകുമ്പോൾ റോഡ് മാത്രമാണ് കാൽനടക്കാർക്കും വിദ്യാർഥികൾക്കും ആശ്രയം. ഇതോടെ അപകടങ്ങളും പതിവായി.
കാൽനടക്കാർക്ക് സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും വഴിവാണിഭക്കാരും സ്വകാര്യ വാഹന ഉടമകളും വാഹനം പാർക്ക് ചെയ്യുന്നത് പരിമിതമായ ഈ സ്ഥലത്താണ്. ഓട്ടോ-ടാക്സി-ഗുഡ്സ് വാഹനങ്ങൾക്കും പാർക്കിങ് സൗകര്യമില്ല. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
തലതിരിഞ്ഞ പരിഷ്കാരങ്ങൾ; പ്രൈവറ്റ് ബസ്സ്റ്റാൻഡിലും പ്രശ്നങ്ങൾ
അടിമാലി പ്രൈവറ്റ് ബസ്സാറ്റാൻഡിൽ എന്നും പ്രശ്നങ്ങളാണ്. അടിക്കടി സ്വകാര്യ ബസ് ഉടമകൾ കൊണ്ടുവരുന്ന പരിഷ്കാരമാണ് സ്റ്റാൻഡിനെ വീർപ്പുമുട്ടിക്കുന്നതിൽ പ്രധാനം. കൂടാതെ അനധികൃത പാർക്കിങ്ങും. ഇതോടെ യാത്രക്കാർക്ക് സമാധാനമായി വെയ്റ്റിങ് ഷെഡിൽപോലും ഇരിക്കാൻ കഴിയാറില്ല. സ്റ്റാൻഡിലെയും ഹിൽഫോർട്ട് ജങ്ഷനിലെയും തിരക്ക് ഒഴിവാക്കാൻ നിലവിലെ വൺവേ മാറ്റി വി.ടി ജങ്ഷൻ വഴിയാക്കിയാൽ പ്രശ്നങ്ങൾ പരിഹാരമാകും. സ്റ്റാൻഡിലെ അനധികൃത പാർക്കിങ്ങിനും പരിധിവരെ പരിഹാരമാകും. ലൈബ്രറി റോഡിലും കുരുക്ക്
വൺവേ നടപ്പാക്കിയ ലൈബ്രറി റോഡിലും നിയമം പാലിക്കപ്പെടുന്നില്ല. വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുന്നതിനാൽ എപ്പോഴും ഈറോഡിൽ കുരുക്കാണ്. ഈ പ്രശ്നം പരിഹരിക്കാൻ വൺവേ കൃത്യമായി നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഗതാഗതം പരിഷ്കരിച്ചിട്ട് 15 വർഷം
പഞ്ചായത്ത് ഭരണ സമിതികൾ മാറിമാറി വരുന്നുണ്ടെങ്കിലും ടൗണിലെ ഗതാഗത പ്രശ്നം പരിഹരിക്കാൻ കാര്യമായ ഇടപെടൽ നടത്തുന്നില്ല. 15 വർഷത്തിലേറെയായി ട്രാഫിക് പരിഷ്കരിച്ചിട്ട്. പൊലീസാകട്ടെ ഇതു ചൂണ്ടിക്കാട്ടി നടപടിയിൽനിന്ന് മാറിനിൽക്കുന്നു. വ്യാപാര സ്ഥാപനങ്ങളെയും ബാധിക്കുകയാണ് ഗതാഗതക്കുരുക്ക്. പേ ആൻഡ് പാർക്കിന് സൗകര്യമില്ലെന്നാണ് ഈ വിഷയത്തിൽ പഞ്ചായത്ത് നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.