സംരക്ഷണമില്ല; വൈദ്യുതി വകുപ്പ് ക്വാര്‍ട്ടേഴ്സുകള്‍ നശിക്കുന്നു
text_fieldsഅടിമാലി: സംരക്ഷണമില്ലാതെ വൈദ്യുതി വകുപ്പിന്റെ ക്വര്‍ട്ടേഴ്സുകള്‍ നശിക്കുന്നു. ജലവൈദ്യുതി നിലയങ്ങളും അണക്കെട്ടുകളും നിര്‍മിച്ചപ്പോള്‍ ജീവനക്കാര്‍ക്ക് താമസിക്കാന്‍ നിര്‍മിച്ച ആയിരത്തിന് മുകളില്‍ ക്വാര്‍ട്ടേഴ്സുകളാണ് നശിക്കുന്നത്. പൊന്മുടി, ചെങ്കുളം, മാട്ടുപ്പെട്ടി, കുണ്ടള, ആനയിറങ്കല്‍, പള്ളിവാസല്‍, നേര്യമംഗലം, ലോവര്‍പെരിയാര്‍ അണക്കെട്ടുകളോടനുബന്ധിച്ചുള്ള ക്വര്‍ട്ടേഴ്സുകളാണ് നശിക്കുന്നത്. പൊന്മുടിയില് 97 ശതമാനം ക്വാര്‍ട്ടേഴ്സുകളും ഉപയോഗപ്രദമല്ലാതെ നശിച്ചു. ചിത്തരപുരത്തും മൂന്നാറിലും 50 ശതമാനത്തിലേറെ ക്വാര്‍ട്ടേഴ്സും നശിച്ചു. ബാക്കിയുള്ള സ്ഥലത്തും ഇത് തന്നെയാണ് അവസ്ഥ. ഈ സാഹചര്യത്തില്‍ വിനോദസഞ്ചാര മേഖലയിലേക്ക് ഇവ തിരിച്ചുവിടണം. എല്ലാ ഡാമുകളിലും ബോട്ടിങ് ഉള്‍പ്പെടെയുള്ള സൗകര്യമുണ്ട്. പൊന്മുടി, കല്ലാര്‍കുട്ടി, വെള്ളത്തൂവല്‍ എന്നിവിടങ്ങളില്‍ താമസിക്കാന്‍ മറ്റ് സൗകര്യമൊന്നുമില്ല.
ഈ ഡാമുകളോട് ചേര്‍ന്ന് നിരവധിയായ ക്വാര്‍ട്ടേഴ്സുകളാണ് സംരക്ഷണമില്ലാതെ നശിക്കുന്നത്. ഇവ നവീകരിക്കുകയും വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കുകയും ചെയ്താന്‍ നല്ല വരുമാനം വൈദ്യുതി ബോര്‍ഡിന് ഉണ്ടാക്കാം. വെള്ളത്തൂവല്‍, ചിത്തിരപുരം, മൂന്നാര്‍, മാട്ടുപ്പെട്ടി, ലോവര്‍പെരിയാര്‍,കത്തിപ്പാറ, പൊന്മുടി തുടങ്ങി വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നൂറുകണക്കിന് ക്വാര്‍ട്ടേഴ്സുകളാണ് സംരക്ഷണമില്ലാതെ നശിക്കുന്നത്.
പൊന്മുടിയില് നൂറിലേറെ ക്വാര്ട്ടേഴ്സുകളുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ അവശേഷിക്കുന്നത് 20ല്‍ താഴേയാണ്. ഇവയാണെങ്കില്‍ ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലുമാണ്.
ചുറ്റും കാട്ടുചെടികൾ
കെട്ടിടങ്ങള്‍ക്ക് ചുറ്റുമായി കാട്ടുചെടികളുംമറ്റും വളര്‍ന്ന് പന്തലിച്ച് നില്ക്കുന്നു. പാഴ്മരങ്ങളും കാട്ടുചെടികളും വളര്‍ന്ന് കെട്ടിടത്തിന് മുകളില്‍ വരെയെത്തി. കാടുകള്‍ക്കിടയില്‍ ഇഴജന്തുക്കളുടെ ശല്യവും വർധിച്ചിട്ടുണ്ട്. റോഡിലേക്കും കാടുകള്‍ വളര്‍ന്ന് നില്ക്കുന്നതിനാല് യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. വെള്ളത്തൂവലില്‍ പന്നിയാര്‍, ചെങ്കുളം വൈദ്യുതി നിലയങ്ങളുടെ ക്വാര്‍ട്ടേഴ്സുകളാണുള്ളത്.
ഇതില്‍ ഏതാനും ക്വാര്‍ട്ടേഴ്സുകളില്‍ മാത്രമാണ് ജീവനക്കാര്‍ താമസമുള്ളത്. ചില ക്വാര്‍ട്ടേഴ്സുകള്‍ മറ്റ് സര്‍വിസ് ജീവനക്കാര്‍ക്ക് നല്‍കിയിരുന്നെങ്കിലും അറ്റകുറ്റപ്പണിയില്ലാതായതോടെ ഇവരും ഉപേക്ഷിച്ചു. മാട്ടുപ്പെട്ടി, മൂന്നാര്‍, ചിത്തിരപുരം കോളനികളിലെ കെട്ടിടങ്ങള്‍ പൂര്‍ണമായും നാശത്തിന്റെ വക്കിലാണ്. കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണി നടത്താത്തതാണ് നശിക്കാന്‍കാരണം.ഇതുമൂലം ലക്ഷക്കണക്കിനു രൂപയാണ് വൈദ്യുതി ബോര്‍ഡിന് നഷ്ടം ഉണ്ടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.