പാഴ്വസ്തുവല്ല, എല്ലാം ശ്രേയക്ക് കാൻവാസ്
text_fieldsഅടിമാലി: പാഴ്വസ്തുക്കളിൽ കരവിരുതും വർണങ്ങളിൽ വിസ്മയവും ഒരുക്കി ശ്രദ്ധ നേടുകയാണ് ശ്രേയ എന്ന കൊച്ചുകലാകാരി. ചുമരിലെ ചിത്രങ്ങളില്‍ വര്‍ണം പകര്‍ന്നും പാഴ് വസ്തുക്കള്‍, കുപ്പികള്‍, തുണികള്‍ എന്നിവയില്‍ കലാചാതുര്യം തെളിയിച്ചും ഈ എട്ടാംക്ലാസുകാരി കാഴ്ചക്കാരുടെ മനംകവരുന്നു.
പണിക്കന്‍കുടി ഗവ. ഹൈസ്കൂൾ വിദ്യാർഥിനിയായ ശ്രേയ മുനിയറ പാറക്കല്‍ സുഗതന്റെയും ഇന്ദുവിന്റെയും മകളാണ്. ബോട്ടില്‍ ആര്‍ട്ട്, അക്രിലിക് പെയിന്റിങ്, ഫാബ്രിക് പെയിന്റിങ്, വാട്ടര്‍ കളര്‍ എന്നിവയെല്ലാം ഈ കൊച്ചുമിടുക്കിക്ക് അനായാസം വഴങ്ങും. കോവിഡ് കാലത്താണ് വർണങ്ങളുടെയും കരവിരുതിന്റെയും ലോകത്ത് ശ്രേയ ശ്രദ്ധകേന്ദ്രീകരിച്ചത്. നൂറോളം കുപ്പികള്‍ ബോട്ടില്‍ ആര്‍ട്ടിലൂടെ മനോഹരമാക്കി. മുതിര്‍ന്ന കലാകാരന്മാരുടേതിനെക്കാൾ മനോഹരമായ പെയിന്റിങ്ങുകള്‍ക്കൊപ്പം ചുരിദാര്‍ ടോപ്പ്, ബനിയന് എന്നിവയിലും മനോഹരമായ ചിത്രപ്പണികൾ നടത്താന്‍ ശ്രേയക്കറിയാം. തുണികളില്‍ പൂക്കള്‍ തുന്നിച്ചേര്‍ത്തും ആകർഷകമാക്കുന്നു.
ശ്രേയയും പത്താം ക്ലാസുകാരനായ സഹോദരന് രാഹുലും ചേർന്നാണ് വീടിന്റെ രണ്ടുമുറികള്‍ പെയിന്റ് ചെയ്തത്. പഠനത്തിലും മിടുക്കിയായ ശ്രേയക്ക് ഈ വര്‍ഷം യു.എസ്.എസ് സ്കോളര്‍ഷിപ്പും ലഭിച്ചു. പിതാവ് സുഗതന് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരനാണ്. മാതാവ് ഇന്ദു കോതമംഗലം താലൂക്ക് ഓഫിസില്‍ ജോലിചെയ്യുന്നു. ഏകസഹോദരന് രാഹുല്‍ പണിക്കന്‍കുടി ഗവ. സ്കൂൾ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.
മാതാപിതാക്കളുടെയും ബന്ധുക്കളുടെയും പ്രോത്സാഹനമാണ് കലയിൽ തന്റെ കരുത്തെന്ന് ശ്രേയ പറയുന്നു. സ്കൂൾ അധികൃതരും നാട്ടുകാരുംകൂടി കട്ട സപ്പോര്‍ട്ട് നല്‍കിയതോടെ പഠനത്തോടൊപ്പം പാഴ് വസ്തുക്കളില്‍ കൂടുതല്‍ പരീക്ഷണത്തിനൊരുങ്ങുകയാണ് ശ്രേയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.