അനധികൃത ട്രക്കിങ് വ്യാപകം: സുരക്ഷ പരിരക്ഷയില്ല, റോഡിലും കുരുക്ക്
text_fieldsഅടിമാലി: മലമുകളിലും അപകട സാധ്യതയുള്ള പാറപ്പുറങ്ങളിലും ഓഫ് റോഡ് സവാരികള്‍ നിയമവിരുദ്ധം. എന്നാൽ, നിയമം നോക്കാതെ സാഹസിക അഭ്യാസ പ്രകടനത്തിന് വാഹനങ്ങളുമായെത്തുന്നവർ നിരവധി. മൂന്നാർ, രാമക്കൽമേട് അടക്കം പ്രദേശങ്ങളാണ് ട്രക്കിങ്ങിന് തെരഞ്ഞെടുക്കുന്നത്.
ടാക്സികള്‍ക്ക് പെര്‍മിറ്റ് നല്കുമ്പോള് ഓള് ഫിറ്റ് റോഡുകളില്‍ മാത്രമേ സര്‍വിസുകള്‍ പാടുള്ളൂവെന്ന നിബന്ധന ഉണ്ടെങ്കിലും ഇതൊന്നും വകവെക്കാതെയാണ് ടാക്സി വാഹനങ്ങള്‍ എത്തുന്നത്. ഇടുക്കിയില്‍ ഫിറ്റ്നസ് ഇല്ലാത്ത സ്ഥലമായ മുരുകന്മലയില് ഓഫ് റോഡ് സവാരി കലക്ടര്‍ നിരോധിച്ചതും ഈ നിയമം മുന്‍നിര്‍ത്തിയാണ്. ജീപ്പുകളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാന്‍ പെര്‍മിറ്റുള്ളത്. ഇത് പെര്‍മിറ്റിലും ആര്.സി ബുക്കിലും രേഖപ്പെടുത്തിയിട്ടുമുണ്ട്.
എന്നാല്‍, ടാക്സി വാഹനങ്ങളിലെ പെര്‍മിറ്റിന് വിരുദ്ധമായി ഇരട്ടിയിലേറെ യാത്രക്കാരെ കുത്തിനിറച്ചാണ് അപകടമേഖലയിലൂടെ ഇത്തരം വാഹനങ്ങള്‍ ഓടുന്നത്. മാങ്കുളം, മൂന്നാര്‍, മറയൂര്‍, ചിന്നക്കനാല്‍, രാമക്കൽമേട്, കുമളി, കട്ടപ്പന, അടിമാലി, ആനച്ചാല്‍ മേഖലയിലാണ് ട്രക്കിങ് വാഹനങ്ങള്‍ കൂടുതലുളളത്. മാങ്കുളത്ത് ചിലയിടങ്ങളിലെ ട്രക്കിങ്ങിന് വനം വകുപ്പ് നിയന്ത്രണം കൊണ്ടുവന്നു.
ഇതിന് പുറമെ സ്വകാര്യ വാഹനങ്ങളും വിദേശികള്‍ അടക്കമുള്ള സഞ്ചാരികളെ ഓഫ് റോഡ് സവാരികള്‍ നടത്തുന്നുണ്ട്. ഒറ്റപ്പെട്ട നിലയില്‍ മോട്ടോര്‍ വാഹന വകുപ്പ് കേസ് എടുക്കുന്നുണ്ടെങ്കിലും ദുരുപയോഗത്തിനെതിരെ കാര്യമായ നടപടിയില്ല. പൊലീസ് ഈ വിഷയത്തില്‍ ഇടപെടല്‍ നടത്തിയാല്‍ പരിധിവരെ ഇത് തടയാന്‍ കഴിയും. നെടുങ്കണ്ടത്ത് ഓഫ് റോഡ് ട്രക്കിങ്ങിന് എത്തിയവരുടെ വാഹനങ്ങള്‍ മലമുകളിൽ കുടുങ്ങി സംഭവം അതീവ ഗുരുതരമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്.
പുഷ്പക്കണ്ടത്തെ മലയിലാണ് 27 വാഹനങ്ങള്‍ കുടുങ്ങിയത്. കര്‍ണാടകയില്‍നിന്നുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങളാണ് കുടുങ്ങിയത്. ശനിയാഴ്ച ഉച്ചയോടെയാണ് ഇവര്‍ ഓഫ് റോഡ് വാഹനങ്ങളില്‍ മലക്ക് മുകളില്‍ കയറിയത്. ഇവരെത്തുമ്പോള്‍ സ്ഥലത്ത് മഴയുണ്ടായിരുന്നില്ല. 40 അംഗ സംഘമാണ് എത്തിയത്. അനധികൃതമായി യാത്ര ചെയ്ത സംഘത്തിനെതിരെ കേസ് എടുക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്കി. ഇത്തരം ട്രക്കിങ് വാഹനങ്ങൾ റോഡിലും കുരുക്കുണ്ടാക്കുന്നു. കൂട്ടമായും അലക്ഷ്യമായും എത്തുന്ന ഇത്തരം വാഹനങ്ങൾ കൊച്ചി-മധുര ദേശീയപാതയിൽ ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.