പള്ളിവാസൽ എക്സ്റ്റൻഷൻ പദ്ധതി പൂർത്തിയാകുന്നു
text_fieldsഅടിമാലി: പള്ളിവാസൽ ജലവൈദ്യുതി പദ്ധതിയുടെ വിപുലീകരണ നിർമാണം അവസാനഘട്ടത്തിൽ. പദ്ധതി ഭാഗമായുള്ള പെൻസ്റ്റോക് പൈപ്പ് സ്ഥാപിക്കുന്നത് പൂർത്തിയായി.
പവർഹൗസിലെ രണ്ട് ജനറേറ്ററുകൾ സ്ഥാപിക്കുന്നത് പൂർത്തിയായ ശേഷം ജനുവരിയിൽ പദ്ധതി കമീഷൻ ചെയ്യാനാണ് വൈദ്യുതി വകുപ്പിന്റെ തീരുമാനം. പുതിയ പദ്ധതി പ്രവർത്തനം ആരംഭിക്കുന്നതോടെ 60 മെഗാവാട്ട് വൈദ്യുതി കൂടി ഉൽപാദിപ്പിക്കാൻ കഴിയും. നിലവിൽ പള്ളിവാസൽ ജലവൈദ്യുതി പദ്ധതിപ്രകാരം 37.5 മെഗാവാട്ട് വൈദ്യുതിയാണ് ഉൽപാദിപ്പിക്കുന്നത്. മാട്ടുപ്പെട്ടിയിൽ വൈദ്യുതി ഉൽപാദനശേഷം പുറന്തള്ളുന്ന വെള്ളം പഴയ മൂന്നാർ ഹെഡ് വർക്സ് ഡാമിൽ തടഞ്ഞുനിർത്തി പള്ളിവാസലിൽ എത്തിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. വൈദ്യുതി ഉൽപാദനത്തിനുശേഷം ഹെഡ് വർക്സ് ഡാമിൽനിന്ന് പുറന്തള്ളുന്ന വെള്ളം ഉപയോഗിച്ച് 60 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനായി 2007 ജനുവരി 20നാണ് വിപുലീകരണ പദ്ധതി നിർമാണം ആരംഭിച്ചത്.
175.86 കോടിയായിരുന്നു അടങ്കൽ തുക. എന്നാൽ, വിവിധ കാരണങ്ങൾ മൂലം അടങ്കൽ തുക 430 കോടി വരെ ഉയർത്തിയിരുന്നു. പദ്ധതി കമീഷൻ ചെയ്യുമ്പോൾ ഈ തുക വീണ്ടും ഉയരുമെന്നാണ് കരുതുന്നത്.
വിപുലീകരണ പദ്ധതിയുടെ ഭാഗമായി മുതിരപ്പുഴയിൽ പഴയ മൂന്നാർ ഹൈഡൽ പാർക്കിന് സമീപമാണ് ഇൻടേക്ക് വാൽവ് നിർമിച്ചിരിക്കുന്നത്. ഇവിടെനിന്ന് ടണൽ വഴി വെള്ളം മീൻകെട്ടിലുള്ള വാൽവ് ഹൗസിലെത്തിക്കും.
ഇവിടെ നിന്നു വെള്ളം പെൻസ്റ്റോക് പൈപ്പുവഴി നിലവിലെ പവർഹൗസിനു സമീപം നിർമിച്ച പുതിയ പവർ ഹൗസിലെത്തിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നതാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.