പഞ്ചായത്തോഫിസ് ജനുവരി ഒന്ന് മുതല്‍ ഇടമലക്കുടിയില്‍
text_fieldsഅടിമാലി: ദേവികുളത്ത് പ്രവര്‍ത്തിക്കുന്ന ഇടമലക്കുടി ഗ്രാമപഞ്ചായത്ത് ഓഫിസ് കാര്യാലയം ജനുവരി ഒന്ന് മുതല്‍ ഇടമലക്കുടിയിലേക്ക് മാറ്റി പ്രവര്‍ത്തനമാരംഭിക്കും. പട്ടികവർഗ വികസന ഡയറക്ടര്‍ അർജുന് പാണ്ഡ്യന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സൊസൈറ്റിക്കുടിയിൽ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഡയറക്ടറുടെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്.
ഇടമലക്കുടിയില്‍ മൊബൈല്‍ കവറേജും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും ലഭ്യമാക്കാൻ പട്ടികവർഗ വികസന വകുപ്പ് ബി.എസ്.എന്‍.എല്ലിന് 4.3 കോടി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ജോലികള്‍ ഡിസംബര്‍ 31നകം പൂര്‍ത്തീകരിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് കാര്യാലയം ഇടമലക്കുടിയിലെ സൊസൈറ്റിക്കുടിയില്‍ സജ്ജമാക്കാന്‍ തീരുമാനിച്ചത്. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ വകുപ്പ് ഡയറക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്കി. 7.2 കിലോമീറ്റര്‍ ദൂരം വരുന്ന ഇഡലിപ്പാറ-പെട്ടിമുടി റോഡിന്റെ നിർമാണജോലികള്‍ പൊതുമരാമത്ത് റോഡ്സ് വിഭാഗം വഴി നടപ്പാക്കാൻ 13.7 കോടി അനുവദിച്ചിരുന്നു. ഇതിന്റെ ജോലികള്‍ വേഗത്തിലാരംഭിക്കാന് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിന് നിർദേശം നല്കി. ഇടമലക്കുടി എല്‍.പി സ്കൂള്‍ അപ്ഗ്രേഡ് ചെയ്യുന്നതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മൂന്നാര്‍ എ.ഇ.ഒയോടും ഇടമലക്കുടിയില്‍ അനുവദിച്ച 10 സ്മാര്‍ട്ട് അംഗന്‍വാടികളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ ജില്ല വനിതാശിശുക്ഷേമ വികസന വകുപ്പിനോടും ജലജീവന്മിഷന് വഴി 806 കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കന്‍ ജല അതോറിറ്റി ഉദ്യോഗസ്ഥരോടും നിർദേശിച്ചു. നിലവില്‍ ഇടമലക്കുടിയിലെ മൂന്ന് കുടികളില്‍ വൈദ്യുതി എത്തിയിട്ടുണ്ട്.
അഞ്ച് കുടികളില്‍ കൂടി വൈദ്യുതി എത്തിക്കാനുള്ള പദ്ധതിക്ക് അനുമതിയായിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തനം നവംബറില്‍ ആരംഭിക്കും. ഇടുക്കി പൈനാവ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ അധികമായി പ്ലസ് വണ്‍ സീറ്റുകള്‍ അനുവദിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇടമലക്കുടിയില്‍ പട്ടികവർഗ വികസന വകുപ്പിന് കീഴില്‍ രണ്ട് പ്രീമെട്രിക് ഹോസ്റ്റലുകള്‍ നിര്‍മിക്കുന്നതിന് സ്ഥലം കണ്ടെത്തി നല്കാന് പഞ്ചായത്തിനോട് നിർദേശിച്ചു.
ഇഡലിപ്പാറ മുതല്‍ നടന്നാണ് അര്ജുന് പാണ്ഡ്യന് കോളനികൾ സന്ദർശിച്ച് സ്ഥിതി വിലയിരുത്തിയത്. തുടർന്ന് നടന്ന യോഗത്തില്‍ ഇടമലക്കുടി പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി, വൈസ് പ്രസിഡന്റ് കെ. മോഹന്‍ദാസ്,പഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാര്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍, കുടികളിലെ കാണിമാര്‍, പ്രദേശവാസികള്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.