അടിമാലി താലൂക്ക് ആശുപത്രി ഡോക്ടർമാരെ തേടി രോഗികൾ
text_fieldsഅടിമാലി: പനി ബാധിച്ചതിനാൽ ഡോക്ടറെ കണ്ടു മരുന്നു വാങ്ങാൻ രാവിലെ എട്ടിന് എത്തിയതാണ് നൂറാംകര ആദിവാസി കോളനിയിലെ വയോധികയായ അമ്മിണിയമ്മ. ഏറെനേരത്തിന് ശേഷം ഡോക്ടറെ കണ്ടപ്പോൾ രക്തം പരിശോധിക്കാൻ എഴുതിക്കൊടുത്തു. ഉച്ചക്കുശേഷം റിസൽട്ടുമായി എത്തിയപ്പോൾ ഡോക്ടറുമില്ല ഒ.പി പൂട്ടുകയും ചെയ്തു. മരുന്നു വാങ്ങാതെ ശാപവാക്കുകളുമായി അമ്മിണിയമ്മ തിരിച്ചുപോയി. അടിമാലി താലൂക്ക് ആശുപത്രിയിലെത്തിയ ഒരു രോഗിയുടെ മാത്രം അവസ്ഥയല്ല ഇത്. സാധാരണ കാഴ്ചയാണ്. രാവിലെ എട്ടുമുതൽ രണ്ടുവരെയാണ് ഒ.പി. എന്നാൽ, ഒ.പിയിൽ ഡോക്ടർ എത്തുമ്പോൾ ഒമ്പത് കഴിയും. 22 ഡോക്ടർമാർ ഉണ്ടെങ്കിലും ഒ.പിയിൽ കാണുക മൂന്നോ നാലോ ഡോക്ടർമാർ മാത്രം.
പിന്നെ ചികിത്സക്ക് കാത്തുനിൽക്കുന്ന രോഗികളുടെ ഉന്തും തള്ളും. അതിനിടെ ചിലപ്പോൾ രോഗികളോട് കയർത്ത് ഡോക്ടറുടെ ഇറങ്ങിപ്പോക്ക്. ഡ്യൂട്ടിയിലുള്ള ഡോക്ടർ ആത്മാർഥമായി ജോലി ചെയ്താലും രോഗികളുടെ ബാഹുല്യം പ്രശ്നമാണ്. എത്ര ശ്രമിച്ചാലും സമയത്ത് പരിശോധന സാധിക്കാതെ വരുന്ന സാഹചര്യമാണ് ഡോക്ടർമാരുടെ കുറവുമൂലം സംഭവിക്കുന്നത്. ഒ.പിയിൽ സീനിയർ ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ലെന്ന പരാതി മുമ്പേ ഉണ്ട്. കഴിഞ്ഞദിവസം ഉച്ചക്കുശേഷം ഒരു ഡോക്ടറുടെ സേവനം മാത്രമാണ് അത്യാഹിത വിഭാഗത്തിൽ ലഭിച്ചത്. ദിവസവും ഉച്ചക്ക് രണ്ടോടെ സ്പെഷലിസ്റ്റ് വിഭാഗം ഡോക്ടർമാരുടെ ഒ.പി അവസാനിച്ചാൽ അത്യാഹിത വിഭാഗത്തിൽ വലിയ തിരക്കാണ്. ഇതിന് പരിഹാരം ഒ.പി വൈകീട്ടുവരെ നീട്ടുകയാണ്. രോഗികളുടെ എണ്ണത്തിനുസരിച്ച് പലപ്പോഴും ഡോക്ടർമാർ മതിയാകുന്നില്ല എന്നതാണു സത്യം. അപകടം, പൊലീസ് കേസുകൾ എന്നിവയുമായി ബന്ധപ്പെട്ട് രോഗികൾ എത്തിയാൽ അത്യാഹിത വിഭാഗത്തിലെ ഒ.പി ടിക്കറ്റ് എടുത്തു കാത്തുനിൽക്കുന്നവരുടെ എണ്ണവും വർധിക്കും. രാത്രി എട്ടിന് ശേഷം ഡോക്ടർമാരുടെയും രോഗികളുടെയും ദുരിതവും ഇരട്ടിയാകും. അത്യാഹിത വിഭാഗത്തിൽ രാത്രിയിൽ സ്പെഷലിസ്റ്റ് ഡോക്ടർമാരെ നിയോഗിച്ചാൽ അടുത്ത ദിവസം പകൽ ഒ.പിയിൽ ഡോക്ടറുടെ സേവനം ലഭ്യമാകില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
നൈറ്റ് ഡ്യൂട്ടി, കോടതി, മറ്റ് ആശുപത്രികളിലെ അധിക ചുമതല, മെഡിക്കൽ ക്യാമ്പുകൾ എന്നിവക്ക് ഡോക്ടർമാർ മാറുമ്പോൾ 10ൽ താഴെ ഡോക്ടർമാർ മാത്രമാകും ഉണ്ടാകുക എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, രാവിലെയും വൈകീട്ടും സ്വകാര്യ പ്രാക്ടീസിന് കൃത്യമായി ഡോക്ടർമാർ ഉണ്ടെന്നതുകൂടി പരിശോധിച്ചാൽ കള്ളക്കളി മനസ്സിലാകും. ചില ഡോക്ടർമാർ ഒ.പിയിൽ എത്താത് കോടതിയിൽ കേസിനുവരെ കാരണമായിട്ടുണ്ട്. 1500ന് മുകളിൽ രോഗികളാണ് ഒ.പിയിൽ എത്തുന്നത്.
ഓപറേഷൻ തിയറ്റർ പൊളിക്കാൻ നീക്കം
അടിമാലി: താലൂക്ക് ആശുപത്രിയിൽ മികച്ച നിലയിൽ പ്രവർത്തിക്കുന്ന ഓപറേഷൻ തിയറ്റർ പൊളിക്കാൻ നീക്കം. കാത്ത് ലാബിനായി നിർമിച്ച കെട്ടിടത്തിലേക്ക് തിയറ്റർ മാറ്റണമെന്നാണ് ആവശ്യം. ഇത് കാത്ത് ലാബ് വരുന്നത് അട്ടിമറിക്കുകയെന്ന ലക്ഷ്യംവെച്ചാണ്. ഓപറേഷൻ തിയറ്റർ, ഒ.പി, വാർഡ് എന്നിവ പുതിയ കെട്ടിടത്തിൽ വന്നാൽ കാത്ത് ലാബ് വരുന്നതിന് സൗകര്യമില്ലാതാകും. മാത്രമല്ല നേത്ര വിഭാഗവുമായി ബന്ധപ്പെട്ട് അനുവദിച്ച ഓപറേഷൻ തിയറ്റർ തുടങ്ങാതെയും ഇരിക്കാം.
ഇതിന് തടസ്സമായി പറയുന്നത് ആവശ്യമായ ഉപകരണങ്ങൾ എത്തിയിട്ടില്ലെന്നാണ്. എന്നാൽ, ഇത്തരം ആവശ്യങ്ങൾ സർക്കാറിലേക്ക് അറിയിക്കാത്തതാണെന്ന ആക്ഷേപമാണ് ഉയരുന്നത്. പുതുതായി കൂടുതൽ സൗകര്യങ്ങൾ എത്തിക്കാതിരിക്കാൻ ഗൂഢസംഘം തന്നെ പ്രവർത്തിക്കുന്നു.
ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടനം 23ന്
അടിമാലി: താലൂക്ക് ആശുപത്രിയിൽ അനുവദിച്ച ഡയാലിസിസ് യൂനിറ്റിന്റെ ഉദ്ഘാടനം 23ന് മന്ത്രി വീണ ജോർജ് നിർവഹിക്കും. അഞ്ച് ഡയാലിസിസ് മെഷീനാണുള്ളത്. വൃക്ക രോഗികൾക്ക് ആവശ്യമായ ലാബ് പരിശോധക്കുള്ള സംവിധാനവും ഒരുക്കിയിട്ടില്ല. ടെക്നിഷനെ നിയമിച്ചു. ഡയാലിസിസ് ആവശ്യമായി വരുന്നവർ പേര് രജിസ്റ്റർ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.