ആദിവാസികളെ മറയാക്കി ഏലകൃഷി; നാലുപേര്‍ അറസ്റ്റില്‍
text_fieldsഅടിമാലി: ആദിവാസികളെ മറയാക്കി വനമേഖലയില്‍ ഏലകൃഷി ഇറക്കിയ സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ചിന്നാര്‍ വാഴപ്പിളളില്‍ രാജന്‍ (56), നേര്യമംഗലം പാറക്കല്‍ ജോമി ജോസഫ്(50), അടിമാലി ചാറ്റുപാറ പളളിപ്പറമ്പില്‍ പി.എം. ഷാജി(40), രാജാക്കാട് പുറക്കുന്നേല്‍ അഭിജിത്ത്(26) എന്നിവരെയാണ് അടിമാലി റേഞ്ച് ഓഫീസര്‍ കെ.വി. രതീഷിന്‍റെ നേത്യത്വത്തില്‍ അറസ്റ്റ് ചെയ്തത്.
മച്ചിപ്ലാവ് ഫോറസ്റ്റ് സ്‌റ്റേഷന് കീഴില്‍ തട്ടേക്കണ്ണി ആദിവാസി സങ്കേതത്തിലാണ് ഇവര്‍ ഏലം കൃഷി ചെയ്ത് വന്നിരുന്നത്. ഇവര്‍ ഉപയോഗിച്ചിരുന്ന നാല് വാഹനങ്ങളും പണി ആയുധങ്ങളും വനപാലകര്‍ കസ്റ്റഡിയില്‍ എടുത്തു. ആദിവാസികളുടെ പേരില്‍ പാട്ടവ്യവസ്ഥയില്‍ കരാര്‍ ഉണ്ടാക്കിയ ശേഷം വനഭൂമിയിലടക്കം ഏലകൃഷിയിറക്കിയ സംഭവത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു.
മച്ചിപ്ലാവ് സ്റ്റേഷന് കീഴില്‍ വിവിധയിടങ്ങളില്‍ വലിയതോതില്‍ വനഭൂമി കൈയ്യേറി ഏലകൃഷി നടത്തുന്നത് ശ്രദ്ധയില്‍പെട്ടതായും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മൂന്നാര്‍ ഡി.എഫ്.ഒ രാജു കെ. ഫ്രാന്‍സിസും പറഞ്ഞു. ഇത് സംബന്ധിച്ച് മാധ്യമം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
15 ഏക്കര്‍ സ്ഥലത്തെ കൈയ്യേറ്റം തിരിച്ച് പിടിക്കുകയും ചെയ്തു.15000 രൂപ മുതല്‍ 25000 രൂപ വരെ നല്‍കി 5 മുതല്‍ 10 വര്‍ഷത്തേക്ക് ഏലകൃഷി നടത്താന്‍ കരാര്‍ ഉണ്ടാക്കിയാണ് ഇവര്‍ ആദിവാസികളുടെ ഭൂമിയില്‍ കൃഷിയിറക്കിയതെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു. ഇത്തരത്തില്‍ മാങ്കുളം റേഞ്ചില്‍ അടുത്തിടെ രണ്ട് ഏക്കര്‍ ഭൂമി വനപാലകര്‍ തിരിച്ച് പിടിച്ചിരുന്നു. തുടര്‍ന്നുളള നടപടിയാണിതെന്നും വനപാലകര്‍ പറഞ്ഞു.
ഒന്നോ രണ്ടോ ഏക്കര്‍ ഭൂമിക്ക് പാട്ടകരാര്‍ നിർമിക്കുന്നവര്‍ അഞ്ച് മുതല്‍ 10 ഏക്കര്‍ ഭൂമിയില്‍ ഏലകൃഷി ഇറക്കുകയും ചെയ്യും. ഷോല ഫോറസ്റ്റിന്‍റെ ഭാഗമായി കിടക്കുന്ന വനത്തില്‍ അടിക്കാടുകള്‍ വെട്ടിമാറ്റി മണ്ണിളക്കി ഏലകൃഷി ഇറക്കുേമ്പാള് വ്യാപകമായി ജൈവ സമ്പത്ത് നശിക്കുകയും വന്യമൃഗങ്ങലുടെ ആവാസ വ്യവസ്ഥ തകരുകയും ചെയ്യും.
ഏലത്തിന്‍റെ ഉയര്‍ന്ന വിലയാണ് ആദിവാസികളുടെ മറവില്‍ വന നശീകരണം നടത്തി ഏലകൃഷി ഇറക്കുന്നതിന് കാരണം. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അറസ്റ്റ്. ആദിവാസികളെ കബളിപ്പിക്കുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി കേസ് പൊലീസിന് കൈമാറുമെന്നും റേഞ്ച് ഒഫീസര്‍ പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കും. വനംവകുപ്പ് ജീവനക്കാരായ വി.എസ്. സജീവ്, പി.ജി. സന്തോഷ്, അബൂബക്കര്‍ സിദ്ധീഖ് എന്നിവരും നേത്യത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.