ടൺകണക്കിന് കെട്ടിക്കിടക്കുന്നു; പ്ലാസ്റ്റിക് മാലിന്യം പഞ്ചായത്തുകൾക്ക് ബാധ്യത
text_fieldsഅടിമാലി: വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പഞ്ചായത്തുകൾക്ക് ബാധ്യതയാകുന്നു.
മാങ്കുളം, മൂന്നാർ, ദേവികുളം, രാജാക്കാട്, രാജകുമാരി, പള്ളിവാസൽ ഉൾപ്പെടെ ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകൾക്കും പ്ലാസ്റ്റിക് മാലിന്യം ബാധ്യതയായി മാറുകയാണ്. ക്ലീൻ കേരള ഇവ കൃത്യമായി എടുക്കാത്തതാണ് കാരണം. പഞ്ചായത്തുകൾ ഹരിത കർമസേനയെ ഉപയോഗിച്ചാണ് പ്ലാസ്റ്റിക് മാലിന്യം ശേവരിക്കുന്നത്.
ഇവ പഞ്ചായത്തുകൾ പലയിടങ്ങളിലായി സൂക്ഷിച്ച് ക്ലീൻ കേരളക്ക് കൈമാറുകയാണ് ചെയ്യുന്നത്. എന്നാൽ ലഭ്യമാകുന്ന പ്ലാസ്റ്റിക്കിന്റെ മൂന്നിലൊന്ന് പോലും ഇവർ ഏറ്റെടുക്കാത്തതിനാൽ ടൺ കണക്കിന് മാല്യമാണ് കെട്ടിക്കിടക്കുന്നത്.
മൂന്നാർ, ദേവികുളം പഞ്ചായത്തുകളിൽ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം പൊതുസ്ഥലങ്ങളിൽ പരന്നുകിടക്കുന്നതായി പരാതിയുണ്ട്. ദേവികുളത്തും ലഷ്മിയിലും ഉള്ള ഡംബിങ് യാർഡുകളിൽ പതിവായി വന്യമൃഗങ്ങൾ എത്തി മാലിന്യം ഭക്ഷിക്കുന്നു. മാലിന്യം സംസ്കരിക്കാൻ എത്തിയ രണ്ട് തൊഴിലാളികളെ കാട്ടാന ആക്രമിച്ച് പരിക്കേൽപ്പിച്ചത് അടുത്ത നാളിലാണ്.
ഇവിടെ മാലിന്യം നിറച്ച ചാക്കുകളും പൊട്ടിപ്പൊളിഞ്ഞ ചാക്കുകളിലെ പ്ലാസ്റ്റിക് മാലിന്യവും പരന്നുകിടക്കുന്നത്. വഴിയിൽ കിടക്കുന്ന മാലിന്യം മഴ പെയ്തതോടെ പല ഭാഗത്തേക്കും ചിതറിപ്പോയതായി നാട്ടുകാർ പരാതിപ്പെട്ടു. ഓരോ വീട്ടുകാരും പണം നൽകി കൈമാറുന്ന പ്ലാസ്റ്റിക് മാലിന്യം ഇങ്ങനെ അലക്ഷ്യമായി കൂട്ടിയിടുന്നതിനെതിരെ പലവട്ടം പരാതിപ്പെട്ടിട്ടും പഞ്ചായത്ത് അധികൃതർ നടപടി എടുക്കുന്നില്ല.
ഇവിടെ കൊണ്ടിടുന്ന ചാക്കുകൾ നായ്ക്കളും മറ്റും കടിച്ചുകീറിയാണ് മാലിന്യം പുറത്താകുന്നതെന്നു പറയുന്നു. പ്രത്യേക ഇരുമ്പ് കൂടുകളിൽ സൂക്ഷിച്ച ശേഷം പഞ്ചായത്ത് ഇടപെട്ട് സമയാസമയങ്ങളിൽ നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മാങ്കുളത്ത് സ്മാർട്ട് അംഗൻവാടിയോട് ചേർന്ന് വൻതോതിൽ പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത് കുട്ടികൾക്ക് പോലും ദോഷമായി മാറുകയാണ്.
പ്ലാസ്റ്റിക് നിരോധനം ജലരേഖയായി
അടിമാലി: 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് വിൽക്കുന്നതും വാങ്ങുന്നതും സർക്കാർ നിരോധിച്ചിട്ടുണ്ട്. എന്നാൽ ജില്ലയിലെമ്പാടും ഇത്തരം മാലിന്യങ്ങൾ വ്യാപകമായി വിപണിയിലുണ്ട്. വിനോദ സഞ്ചാര കേന്രങ്ങളിലും വന്യജീവി സങ്കേതങ്ങളിൽ പോലും മാലിന്യം അലക്ഷ്യമായി കിടക്കുന്നു. നേരത്തെ പരിശോധനകൾ നടന്നിരുന്നു. എന്നാൽ ഇപ്പോൾ ഇവയൊന്നും എവിടെയും നടക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.