നിരോധനം കര്‍ശനം; പക്ഷേ പ്ലാസ്റ്റിക് മാലിന്യം സര്‍വത്ര
text_fieldsഅടിമാലി: പ്ലാസ്റ്റിക് നിരോധനം കർശനമെങ്കിലും സർവത്ര പ്ലാസ്റ്റിക് മാലിന്യം എന്നതാണ് ജില്ലയിലെ സ്ഥിതി. നടപടിയെടുക്കേണ്ട അധികൃതർ തന്നെ ഒത്താശ ചെയ്യുന്നതിനാൽ നിരോധിച്ച എല്ലാ പ്ലാസ്റ്റിക്കുകളും വിപണിയിൽ തിരിച്ചെത്തി. പൊതുഇടങ്ങൾ, വന്യജീവി സങ്കേതങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങി എല്ലായിടത്തും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞിരിക്കുകയാണ്. മൂന്നാർ, ദേവികുളം പഞ്ചായത്തുകളിലെ മാലിന്യ നിക്ഷേപ സ്ഥലങ്ങളിൽ ഏറ്റവും കൂടുതലായി എത്തുന്നത് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ തന്നെ. കല്ലാറിലെ ഡബ്ബിങ് യാർഡിൽ മാലിന്യം ഭക്ഷിക്കാൻ കാട്ടാനകൾ നിത്യവും എത്തുന്നുണ്ട്. മറ്റ് വന്യ മൃഗങ്ങളും എത്തുന്നു.
ഇവയുടെ ആരോഗ്യവും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സാന്നിധ്യം കാരണം അപകടാവസ്ഥയിലാണെന്ന് വനംവകുപ്പ് ചൂണ്ടിക്കാട്ടുന്നു. വിനോദ സഞ്ചാരികൾ കൂടുതൽ എത്തുന്ന പൊതുഇടങ്ങളില്‍ പ്ലാസ്റ്റിക് കുമിഞ്ഞുകൂടിയിട്ടും നടപടിയില്ല. പഞ്ചായത്ത് അധികൃതര്‍പോലും പ്ലാസ്റ്റിക് ഉപഭോക്താക്കളായി മാറുന്ന സ്ഥിതിയുണ്ട്. ഹരിതകർമ സേന അംഗങ്ങള്‍ 50 രൂപ യൂസര്‍ഫീസ് ഈടാക്കി വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നു. വീടുകളിൽ നിന്ന് പ്ലാസ്റ്റിക് വലിയ രീതിയിൽ ശേഖരിച്ചിട്ടും തെരുവിൽ എത്തുന്നതിന്റെ ഉറവിടം കണ്ടെത്താൻ നടപടി ഇല്ല. വ്യാപാര സ്ഥാപനങ്ങളിൽ നിരോധിത പ്ലാസ്റ്റിക് കണ്ടെത്തിയാൽ പിഴക്കൊപ്പം പിടികൂടുന്ന പ്ലാസ്റ്റിക് നശിപ്പിക്കാനും നിയമമുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയിട്ട് മാസങ്ങളായി. പൊതു നിരത്തിൽ മാലിന്യം തള്ളിയാലും നേരത്തെ പിടികൂടുമായിരുന്നു. ഇത്തരം നടപടികളും നിലച്ചു. ചിലയിടങ്ങളിൽ പേരിന് മാത്രം നടപടി ഉണ്ട്.
അതേസമയം പൊതുവിടങ്ങളിലെ മാലിന്യ കൂമ്പാരങ്ങള്‍ക്ക് നേരെ പഞ്ചായത്ത് കണ്ണടക്കുകയാണ്. പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്ന പഞ്ചായത്തുകള്‍ തന്നെ പ്ലാസ്റ്റിക് ഫ്ലക്സുകള്‍ ഉപയോഗിക്കുന്നു. സ്കൂള്‍ കലോത്സവം മുതല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുപരിപാടികളില്‍ വരെ പ്ലാസ്റ്റിക് ഫ്ലക്സുകളാണ് ഉപയോഗിക്കുന്നത്. ഇതിനെതിരെ ആരോഗ്യവകുപ്പും കണ്ണടക്കുകയാണ്. ഗ്രാമപഞ്ചായത്തിന് മുമ്പില്‍ പോലും പ്ലാസ്റ്റിക് ഫ്ലക്സുകളുടെ വ്യാപനം കാണാം. നിരോധനത്തിന്റെ പേരില്‍ സാധാരണക്കാരെ പിഴിയുന്ന പഞ്ചായത്ത് അധികാരികള്‍ പൊതുവിടങ്ങളിലെ പ്ലാസ്റ്റിക് ശേഖരത്തിന്റെ മുന്നില്‍ കണ്ണടക്കുകയാണ്. പ്ലാസ്റ്റിക് ഉപയോഗത്തിലെ ഭവിഷ്യത്തുകള്‍ വിവരിച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണ ക്ലാസുകള്‍ നടപ്പാക്കുന്ന സ്കൂള്‍ അധികൃതരും സ്വന്തം പരിപാടികള്‍ വരുമ്പോള്‍ അത് മറക്കുന്ന സ്ഥിതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.