ഭക്ഷണവും മരുന്നും നൽകിയ പണമെങ്കിലും തരൂ പ്ലീസ്
text_fieldsഅടിമാലി: ആദിവാസികൾക്ക് സൗജന്യ ഭക്ഷണവും മരുന്നും നൽകിയ ഇനത്തിൽ വൻതുക കുടിശ്ശിക. അടിമാലി താലൂക്കാശുപത്രി കാന്റീൻ നടത്തിപ്പുകാരനും സപ്ലൈകോ മെഡിക്കൽ സ്റ്റോറിനുമാണ് വൻതുക നൽകാനുള്ളത്.
തുക കുറച്ചെങ്കിലും നൽകിയില്ലെങ്കിൽ ഇനി ടെസ്റ്റ് നടത്തില്ലെന്ന ലാബുകാരുടെ ഭീഷണിക്ക് വഴങ്ങി അടുത്തിടെ വന്ന 15 ലക്ഷം രൂപ വീതിച്ച് നൽകി അൽപം ആശ്വാസം നേടി. എന്നാൽ, ആശുപത്രിയുടെ സ്വന്തം ആംബുലൻസ് ഓടിയ വകയിൽ അഞ്ച് ലക്ഷത്തിലേറെയാണ് കിട്ടാനുള്ളത്. ആദിവാസികളുടെ മരുന്ന്, ഭക്ഷണം, യാത്ര തുടങ്ങിയവ എല്ലാം സൗജന്യമാണ്.
ഈ തുക പട്ടിക വർഗ ക്ഷേമ വകുപ്പാണ് നൽകേണ്ടത്. 2022 നവംബർ മുതലുള്ള തുകയാണ് കുടിശ്ശിക വന്നത്. 15 ലക്ഷം കിട്ടിയത് പലർക്കായി വീതിച്ച് നൽകിയെങ്കിലും ചെലവാക്കിയ തുകയുടെ 20 ശതമാനം മാത്രമേ ആകുന്നുള്ളു. ചെക്ക് ലഭിച്ചവർ ട്രഷറി നിയന്ത്രണം മൂലം പിന്നെയും ദുരിതത്തിലാണ്. കഴിഞ്ഞ ദിവസം മാങ്കുളത്ത് നിന്ന് വന്ന ആദിവാസി വയോധികന് ടെസ്റ്റിന് നിർദേശിച്ചു. ഇത് സ്വകാര്യ ലാബിലാണ് ചെയ്യേണ്ടത്.
എന്നാൽ, വൻതുക കുടിശ്ശിക ഉള്ളതിനാൽ ടെസ്റ്റ് നടത്തിയില്ല. ട്രൈബൽ പ്രമോട്ടറെ കണ്ട് കാര്യം പറഞ്ഞു. പ്രമോട്ടറും കൈ മലർത്തി. ഇതോടെ തിരികേ പോകേണ്ട അവസ്ഥ വന്നു. ആശുപത്രിയിലെ ലാബിൽ തൈറോയിഡ് പരിശോധനക്ക് നിലവിൽ സംവിധാനമില്ല. എക്സ്റേ ഉച്ചക്ക് ശേഷം പ്രവർത്തനമില്ല. 12 മണിയോടെ ഒ.പി അവസാനിക്കും.
പിന്നീട് അത്യാഹിത വിഭാഗത്തിൽ രോഗികളുടെ കൂട്ട ഇടിയാണ്. ഇതടക്കം പരിഹാരം കാണണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
24 ഡോക്ടർമാരുള്ള ഇവിടെ 12 സ്ഥിരം നഴ്സുമാരാണ് ഉള്ളത്. ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. 1964 സ്റ്റാഫ് പാറ്റേൺ മാറ്റാത്തതാണ് കാരണം. 120 കിടക്കകളുള്ള ആശുപത്രിയിൽ പ്രതിദിനം 1500 ലേറെ പേർ ചികിത്സ തേടി എത്തുന്നു. ബ്ലഡ് ബാങ്ക്, ഡയാലിസിസ് യൂനിറ്റ് , സ്കാനിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും ഇവയെല്ലാം അടച്ചിട്ട മുറിയിൽ തുരുമ്പെടുക്കുന്നു. ഇതിനെല്ലാം എന്ന് പരിഹാരം കാണുമെന്ന ആശങ്കയിലാണ് ആശുപത്രിയെ ആശ്രയിക്കുന്ന മൂന്ന് താലൂക്കുകളിലെ ജനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.