പ്ലസ് ടു, കോളജ് വിദ്യാഭ്യാസം: ഉപരിപഠനത്തിന് സൗകര്യം കുറവ്, കുട്ടികള്‍ പ്രതിസന്ധിയിൽ
text_fieldsഅടിമാലി (ഇടുക്കി): ഉപരിപഠനത്തിന് മതിയായ സൗകര്യമില്ലാത്തത് വിദ്യാർഥികളെ പ്രതിസന്ധിയിലാക്കുന്നു. എസ്.എസ്.എല്‍.സിക്ക് ശേഷമുള്ള പഠനത്തിന് സൗകര്യം കുറവായതിനാല്‍ ആദിവാസികളുടെയും തോട്ടം തൊഴിലാളികളുടെയും കുട്ടികളിൽ ചിലരെങ്കിലും പഠനം ഉപേക്ഷിക്കുന്ന അവസ്ഥയുമുണ്ട്. ഈ സാഹചര്യത്തിൽ പുതിയ അധ്യയനവര്‍ഷം അടുത്തിരിക്കെ പ്ലസ്ടുകളും കോളജുകളും അധികമായി തുടങ്ങണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
ദേവികുളം താലൂക്കില്‍ രണ്ട് വിദ്യാഭ്യാസ ഉപജില്ലകളാണ് ഉള്ളത്. അടിമാലി ഉപജില്ലയില്‍ സര്‍ക്കാര്‍ കോളജുകള്‍ ഒന്നുമില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആദിവാസികള്‍ വസിക്കുന്ന അടിമാലി പഞ്ചായത്തില്‍ സര്‍ക്കാര്‍ സ്കൂളുകളിലൊന്നിലും പ്ലസ്ടുവില്ല. രണ്ട് മാനേജ്മെന്റ് സ്കൂളുകളാണുള്ളത്. ഇവിടെയാണെങ്കില്‍ മതിയായ സീറ്റുമില്ല. ഇതോടെ അടുത്ത പഞ്ചായത്തുകളിലോ മറ്റ് ജില്ലകളിലോ പോകേണ്ട അവസ്ഥയാണ്.
ഇത് പിന്നാക്ക വിഭാഗങ്ങളുടെ പഠനം മുടങ്ങാൻ കാരണമാകുന്നു. മൂന്നാര്‍ ഉപജില്ലയിലും പ്ലസ് ടു കോഴ്സുകളുടെ കുറവ് വലിയ വെല്ലുവിളി തന്നെയാണ്. അടിമാലി പഞ്ചായത്തില്‍ 10 ഹൈസ്കൂളുകളുണ്ട്. ഈ സ്കൂളുകളില്‍നിന്ന് 1000ലേറെ വിദ്യാർഥികള്‍ എസ്.എസ്.എല്‍.സിക്ക് ശേഷമുള്ള ഉപരിപഠനത്തിന് യോഗ്യരാകുന്നു. വെള്ളത്തൂവല്‍, പള്ളിവാസല്‍, ബൈസണ്‍വാലി, മാങ്കുളം, കൊന്നത്തടി പഞ്ചായത്തുകളും അടിമാലിയെ ആശ്രയിക്കുന്നു.
ഈ പ്രശ്നം പരിഹരിക്കാന്‍ അടിമാലി, ദേവിയാര്‍ സ്കൂളുകളില്‍ പ്ലസ്ടു തുടങ്ങണമെന്നാണ് ആവശ്യം.കുട്ടികള്‍ 50മുതല്‍ 100 കിലോമീറ്റര്‍ സഞ്ചരിച്ചാണ് പഠനം തുടരുന്നത്. എന്നാല്‍, കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകള്‍ ലഭിക്കാത്ത അവസ്ഥയും നിലനില്‍ക്കുന്നുണ്ട്. ഹൈറേഞ്ചിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ താല്പര്യമുള്ള സയന്‍സ്, കോമേഴ്സ് ഗ്രൂപ്പുകള്‍ വേണ്ടത്ര ഇല്ലാത്തതും തിരിച്ചടിയാണ്. വീടിന് സമീപമുള്ള സ്കൂളുകളില്‍ പ്രവേശനം ലഭിക്കാതെ വിദൂരത്തുള്ള സ്കൂളുകളില്‍ പ്രവേശനം തരപ്പെട്ടാലും അതു കുട്ടികള്‍ക്കു ഗുണകരമാകുന്നില്ല.
പെണ്‍കുട്ടികളുടെ താമസസൗകര്യത്തിന് ഹോസ്റ്റല്‍ സൗകര്യമുള്ള സ്കൂളുകള്‍ ജില്ലയില്‍ പരിമിതമാണെന്നതും തിരിച്ചടിയാണ്. തമിഴ്നാടിനോട് ചേര്‍ന്നുകിടക്കുന്ന ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് മേഖലകളിലെ തമിഴ് മീഡിയം സ്കൂളുകളിലേക്ക് മലയാളം മീഡിയത്തില്‍നിന്ന് പത്താംക്ലാസ് വിജയിച്ചവര്‍ക്ക് പ്ലസ് വണ്‍ പ്രവേശനം ലഭിച്ചാല്‍ത്തന്നെ ഇവിടങ്ങളില്‍ പഠനത്തിനു താൽപര്യം കുറവായാണു കാണുന്നത്. ഇതു തമിഴ് മീഡിയം സ്കൂളുകളില്‍ പലപ്പോഴും പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കാന്‍ കാരണമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.