പ്രസിഡന്റ് കൂറുമാറി; അടിമാലിയിൽ യു.ഡി.എഫിന് ഭരണനഷ്ടം
text_fieldsഅടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിൽ വീണ്ടും കസേരകളി. പ്രസിഡന്റ് കൂറുമാറി എൽ.ഡി.എഫിൽ ചേർന്നതോടെ യു.ഡി.എഫിന് ഭരണം നഷ്ടമായി. പ്രസിഡന്റ് സനിത സജിയാണ് യു.ഡി.എഫ് ബന്ധം അവസാനിപ്പിച്ച് എൽ.ഡി.എഫിനൊപ്പം ചേർന്നത്.
21 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫ് 11, യു.ഡി.എഫ് ഒമ്പത്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. തുടക്കത്തിൽ സ്വതന്ത്രൻ ഉൾപ്പെടെ 12 അംഗങ്ങളുടെ പിന്തുണയോടെ എൽ.ഡി.എഫിനായിരുന്നു ഭരണം. കഴിഞ്ഞവർഷം എൽ.ഡി.എഫിൽനിന്ന് സനിത സജിയും സ്വതന്ത്ര അംഗം വി.ടി. സന്തോഷും കൂറുമാറി യു.ഡി.എഫിൽ എത്തി. സനിത സജിയെ പ്രസിഡന്റാക്കി യു.ഡി.എഫ് അധികാരത്തിലെത്തുകയായിരുന്നു. എന്നാൽ, തുടക്കം മുതൽ പ്രശ്നങ്ങളായിരുന്നു.
ഇതിനൊടുവിലാണ് പ്രസിഡന്റ് കൂറുമാറി എൽ.ഡി.എഫിനൊപ്പം ചേർന്നത്. യു.ഡി.എഫ് നൽകിയ പ്രസിഡന്റ് പദത്തിൽ തുടരുമെന്നും ഇനി മുതൽ എൽ.ഡി.എഫിന് ഒപ്പമായിരിക്കും പ്രവർത്തിക്കുകയെന്നും സനിത സജി അറിയിച്ചു. യു.ഡി.എഫിന് കീഴിൽ വികസന പ്രവർത്തനം സാധ്യമല്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് മുന്നണി വിടാൻ തീരുമാനിച്ചത്. സി.പി.എം പഞ്ചായത്ത് അംഗങ്ങളും എൽ.ഡി.എഫ് അടിമാലി പഞ്ചായത്ത് കൺവീനർ എം. കമറുദ്ദീൻ, സി.പി.എം അടിമാലി ഏരിയ സെക്രട്ടറി ചാണ്ടി പി.അലക്സാണ്ടർ എന്നിവരും പ്രസിഡന്റിനൊപ്പം വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. എന്നാൽ, വിഷയത്തിൽ സി.പി.ഐ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ സ്ഥാനാർഥിയായി മത്സരിച്ച സനിത സജി പാർട്ടിയെ അപമാനിച്ചാണ് യു.ഡി.എഫിൽ ചേർന്നതെന്ന് സി.പി.ഐ നേതാക്കൾ പറയുന്നു.
ഇത് സംബന്ധിച്ച പരാതി തെരഞ്ഞെടുപ്പ് കമീഷന്റെ അന്തിമ തീർപ്പിനിരിക്കെ മുന്നണി താൽപര്യത്തിന് വിരുദ്ധമായി എൽ.ഡി.എഫിൽ എടുത്തതാണ് പ്രശ്നം. സി.പി.ഐയുടെ രണ്ട് അംഗങ്ങളിൽ ഒരാളാണ് സനിത സജി. തീരുമാനത്തോട് യോജിക്കാൻ കഴിയില്ലെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ. സലിംകുമാറും പറഞ്ഞു. കൂറുമാറിയയാൾ കുതന്ത്രം വഴി എൽ.ഡി.എഫിൽ തിരികെ എത്തുന്നത് അംഗീകരിക്കാനാവില്ല. കൂറുമാറ്റ നിരോധന നിയമപ്രകാരം കേസ് നിലനിൽക്കെ മറ്റ് മാർഗത്തിലൂടെ എൽ.ഡി.എഫിൽ വരാമെന്നത് ചിലരുടെ വ്യാമോഹമാണെന്ന് സി.പി.ഐ മുൻ ജില്ല സെക്രട്ടറി കെ.കെ. ശിവരാൻ പറഞ്ഞു. സനിത സജിക്കെതിരെ പാർട്ടി നൽകിയ കേസ് തുടരും. അന്തിമ വിധി ഉടൻ പ്രതീഷിക്കുന്നതായും ശിവരാമൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.