നടുവൊടിച്ച് വിലക്കയറ്റം
text_fieldsഅടിമാലി: കൊടും വേനലിൽ കൃഷി മുഴുവൻ കരിഞ്ഞുണങ്ങിയതിന്റെ ആഘാതം മാറുന്നതിന് മുമ്പ് ഇതാ മഴയുടെ കെടുതിയുമെത്തി. നിത്യജീവിതം ചോദ്യചിഹ്നമായി മാറുന്നതിനിടയിൽ തൊട്ടതിനും പിടിച്ചതിനുമെല്ലാം വില കുതിച്ചു കയറുന്നു. സാധാരണക്കാരന്റെ ജീവിതമാണ് ഇതോടെ ദുസ്സഹമായിരിക്കുന്നത്.
പച്ചക്കറിക്കും മീനിനും ഇറച്ചിക്കും എല്ലാം വില കുതിക്കുകയാണ്. മീനിന്റെയും കോഴി ഇറച്ചിയുടെയും വില ആഴ്ചകളായി ഉയർന്ന് നിൽക്കുകയാണ്. വില കുതിച്ചുയർന്നതോടെ സാധാരണക്കാരും ഹോട്ടൽ നടത്തിപ്പുകാരും ഒരേപോലെ പ്രതിസന്ധിയിലാണ്. സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളംതെറ്റിക്കുന്നതാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെയുണ്ടായ വില വർധന.
പച്ചമുളകിന് 130 രൂപയും ബീൻസിന് 180 രൂപയുമാണ് ഇപ്പോൾ വില. വേനൽക്കാലത്തിനു ശേഷം പെട്ടന്നുണ്ടായ മഴക്കെടുതിയാണ് പച്ചക്കറി വിലവർധനക്ക് കാരണം. മല്ലിയില, ഇഞ്ചി, ബീൻസ്, പച്ചമുളക് തുടങ്ങിയവക്കാണ് ഇപ്പോൾ മാർക്കറ്റിൽ ഏറ്റവും ഉയർന്ന നിരക്ക്.
തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പച്ചക്കറികൾ എത്തുന്നത്. ഇവിടങ്ങളിലുണ്ടായ അപ്രതീക്ഷിതമായ മഴയാണ് മാർക്കറ്റിലേക്കുളള പച്ചക്കറികളുടെ വരവ് കുറഞ്ഞതിനും വില വർധിച്ചതിനും കാരണം. പച്ചമുളകിന് 100-150 രൂപ വരെയും ബീൻസിന് 160- 180 രൂപ വരെയും എത്തിയെന്നു വ്യാപാരികൾ പറയുന്നു. പച്ചമുളകിന് ഈ ആഴ്ചയാണ് ഏറ്റവും ഉയർന്ന നിരക്ക്.
നീണ്ട മുളക് 100 രൂപക്കും ഉണ്ട മുളക് 140 രൂപക്കും വിൽക്കുന്നു. പയറിന് മാത്രം വിലയിൽ നേരിയ കുറവുണ്ട്. പാവയ്ക്ക, വെണ്ടയ്ക്ക, സവാള, പയർ തുടങ്ങിയവയ്ക്കെല്ലാം സാധാരണ നിരക്ക് തന്നെ.
എന്നാൽ, വെളുത്തുള്ളി വില വീണ്ടും 250 കടന്നു. വില വർധിച്ചത് കാരണം വാങ്ങാൻ എത്തുന്ന ആളുകളുടെ എണ്ണവും കുറഞ്ഞതായി കച്ചവടക്കാർ പറയുന്നു. അടുത്ത ആഴ്ച വിലകുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം ഏത്തക്കായ വിലയും ഉയർന്നു. രണ്ടാഴ്ച മുമ്പു വരെ 40 രൂപ വിലയുണ്ടായിരുന്ന ഏത്തപ്പഴത്തിന് ഇപ്പോൾ 60 രൂപയായി.
കോഴി വില ഏകദേശം ഒരു മാസത്തോളമായി 180 രൂപയിൽ നിൽക്കുന്നു. ഏപ്രിൽ തുടക്കത്തിൽ ശരാശരി 135 രൂപ കിലോയ്ക്ക് വിലയുണ്ടായിരുന്ന കോഴിക്ക് ബുധനാഴ്ച വില 180 ആണ്. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത ശേഷവും 35 രൂപയോളമാണ് കോഴിക്ക് വില കൂടിയത്. വേനലിൽ തമിഴ്നാട്ടിൽ ഉൽപാദനം കുറഞ്ഞതാണു കാരണമായി പറയുന്നത്. 380 രൂപ വിലയുണ്ടായിരുന്ന പോത്തിറച്ചിക്ക് പിന്നെ 20 രൂപ കൂടി വർധിച്ചു.
കിലോയ്ക്ക് 250 രൂപയിൽ താഴെയുണ്ടായിരുന്ന കേര മീനിന് 300 കടന്നു. വറ്റയ്ക്ക് 750 രൂപയാണ്. മത്തി, അയല കിലോയ്ക്ക് 250 രൂപയോളമാണു വില. ട്രോളിങ് നിരോധനം വരും മുമ്പ് ഇതാണ് വിലയെങ്കിൽ അടുത്ത ദിവസങ്ങളിൽ ഇനിയും വില കൂടാനാണു സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.