ഉൽപാദനം കുറഞ്ഞു; ഹൈറേഞ്ചില്‍ ഇരിപ്പുകായ ഏലം വിപണിയിൽ
text_fieldsഅടിമാലി: ഹൈറേഞ്ചിലെ ഏലം ഉൽപാദനം കുത്തനെ കുറഞ്ഞപ്പോള്‍ നേരത്തേ സംഭരിച്ചുവെച്ച ഏലക്ക വിപണിയില്‍ എത്തിത്തുടങ്ങി. നിറം നഷ്ടപ്പെടാതെ സൂക്ഷിച്ച ഇരിപ്പുകായക്ക് പുതുതായി വിളവെടുത്ത കായയുടെ ശരാശരി വിലയായ 2200 മുതല്‍ 2300 രൂപ കമ്പോളത്തില്‍ ലഭിക്കുന്നുണ്ട്.
എന്നാല്‍, നിറം നഷ്ടപ്പെട്ട ഗുണം കുറഞ്ഞ ഏലക്കാക്ക് പരമാവധി 2000 രൂപയേ ലഭിക്കുന്നുള്ളൂ. കടുത്ത വേനലില്‍ ഏലച്ചെടികള്‍ ഉണങ്ങി നശിച്ചതും തുടര്‍ന്നുള്ള കനത്ത മഴമൂലമുള്ള രോഗബാധയുമെല്ലാം ഇത്തവണ ഏലത്തിന്റെ വിളവ് കുറച്ചിട്ടുണ്ട്. പ്രധാന കമ്പോളങ്ങളില്‍ വിളവെടുത്ത് അധികമാകാത്ത എലക്കയുടെ വരവ് കുറഞ്ഞു. ഇതോടെയാണ് കര്‍ഷകര്‍ ഇരിപ്പുകായ എത്തിച്ചുതുടങ്ങിയത്. കൂടുതല്‍ കാലം സൂക്ഷിച്ചാല്‍ ഈര്‍പ്പം കയറി ഗുണം നഷ്ടപ്പെടുമെന്ന ഭീതിയില്‍ കര്‍ഷകരും വ്യാപാരികളും അവരുടെ പക്കലുള്ള ഏലക്ക വില്‍ക്കുന്നത് ഇരിപ്പുകായ കൂടുതലായി കമ്പോളങ്ങളിലെത്താന്‍ കാരണമാകുന്നു. ആഭ്യന്തര വിപണിയിലാണ് ഇത് കൂടുതലായും വില്‍ക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.
വില ഉയരുമെന്ന പ്രതീക്ഷയിലാണ് പലപ്പോഴും കര്‍ഷകരും വ്യാപാരികളും ഏലക്ക സംഭരിച്ചുവെക്കുന്നത്. സൂക്ഷ്മതയോടെ സംഭരിച്ചില്ലെങ്കില്‍ ഗുണം നഷ്ടപ്പെടുമെന്നതിനാല്‍ വന്‍കിട വ്യാപാരികള്‍ പ്രത്യേക സംഭരണ കേന്ദ്രങ്ങളെ ആശ്രയിക്കാറുണ്ട്.
ഗുണം നഷ്ടപ്പെട്ടാല്‍ സംഭരിച്ച ഏലക്കക്ക് വില വീണ്ടും ഇടിയുമെന്നതിനാല്‍ ഇതിനെ ഭാഗ്യപരീക്ഷണമായാണ് കര്‍ഷകരും വ്യാപാരികളും കാണുന്നത്. രണ്ട് മാസംകൂടി കഴിയുന്നതോടെ ഏലക്കയുടെ വിളവെടുപ്പ് സജീവമാകുമെന്നിരിക്കെ ഇപ്പോഴത്തെ വിലയില്‍ കുറവ് സംഭവിക്കാനുള്ള സാധ്യതകൂടി മുന്നില്‍ കണ്ടാണ് കര്‍ഷകര്‍ ഇരിപ്പുകായ വിപണിയിലേക്ക് എത്തിച്ചു തുടങ്ങിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.