റോഡരികിലെ മരങ്ങള്‍ മുറിക്കുന്നില്ല: വനംവകുപ്പിനെതിരെ പ്രതിഷേധം
text_fieldsഅടിമാലി: കൊച്ചി-ധനുഷ് കോടി ദേശീയപാതക്കരികിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള 15 കിലോമീറ്റർ വന പ്രദേശത്ത് അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിക്കുന്നതിൽ വനംവകുപ്പ് കാണിക്കുന്ന കാലതാമസത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജില്ല ദുരന്തനിവാരണ അധ്യക്ഷയായ കലക്ടർ മൂന്നാർ ഡി.എഫ്.ഒക്ക് നൽകിയ ഉത്തരവിനെ തുടർന്ന് വനംവകുപ്പ് തന്നെ നടത്തിയ പരിശോധനയിൽ ഈ വനപാതയിൽ 259 മരങ്ങൾ അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റ് നടപടിക്രമങ്ങള്‍ ഒന്നും പൂര്‍ത്തിയാക്കാതെ ഇവ മുറിച്ചുനീക്കുന്നതിന് ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയിട്ടും ബന്ധപ്പെട്ടവര്‍ അനങ്ങുന്നില്ല.
ശക്തമായ മഴസമയത്ത് ഇതുവഴി യാത്ര ചെയ്യുന്നത് ദുരന്തത്തിന് കാരണമാകുമെന്ന് കാണിച്ച് കഴിഞ്ഞ മാസം നേര്യമംഗലം റേഞ്ച് ഓഫീസർ കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതേത്തുടർന്ന് കലക്ടർ ഇതുവഴി വാഹന ഗതാഗതം നിരോധിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.
ഉത്തരവ് പിൻവലിച്ച് കലക്ടർ ഇറക്കിയ വിജ്ഞാപനത്തിൽ 15 ദിവസത്തിനകം ഈ പാതയിലെ അപകടാവസ്ഥയിലുള്ള മുഴുവൻ മരങ്ങളും മുറിച്ച് നീക്കണമെന്നും ഇല്ലെങ്കിൽ ഉത്തരവാദി മൂന്നാർ ഡി. എഫ്. ഒ മാത്രമായിരിക്കും എന്നും വ്യക്തമാക്കി. ഇതുപ്രകാരം നടന്ന പരിശോധനയിലാണ് അപകടാവസ്ഥയിലുള്ള 259 മരങ്ങൾ കണ്ടെത്തിയത്. എന്നാൽ, കലക്ടറുടെ ഉത്തരവ് നടപ്പാക്കിയെന്ന് വരുത്താൻ ചിലയിടങ്ങളിലെ ചെറിയ മരങ്ങൾ മുറിച്ച് നീക്കിയതല്ലാതെ കാര്യമായ നടപടി വനം വകുപ്പ് സ്വീകരിച്ചില്ല.
മാത്രമല്ല, മരങ്ങൾ മുറിച്ച് നീക്കാൻ അടിമാലി ഗ്രാമ പഞ്ചായത്ത് അപേക്ഷ നൽകിയിട്ടില്ലെന്ന മുടന്തൻ ന്യായവും വകുപ്പ് സ്വീകരിക്കുന്നു. കഴിഞ്ഞ വർഷം ഈ ഭാഗത്ത് അപകടാവസ്ഥയിലായ മരങ്ങൾ മുറിക്കാൻ പഞ്ചായത്ത് മുന്നിട്ടിറങ്ങിയിരുന്നു. ക്രിമിനൽ കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തി പഞ്ചായത്തിനെ പിന്തിരിപ്പിച്ച വനം വകുപ്പ് ജനങ്ങളുടെ ജീവന് പുല്ലുവിലയാണ് കൽപിച്ചത്. കലക്ടർ നൽകിയ 15 ദിവസം കഴിഞ്ഞിട്ട് ഒന്നരമാസം കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.