വന നിയമ ഭേദഗതി ബിൽ മലയോരം പുകയുന്നു
text_fieldsഅടിമാലി: നവംബർ ഒന്നിന് കരട് വിജ്ഞാപനമിറക്കിയ 1961ലെ കേരള വന നിയമ ഭേദഗതി ബിൽ നിയമ സഭ അംഗീകരിച്ചാൽ വലിയ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന് കർഷ സംഘടനകൾ. കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് നിയമ ഭേദഗതി കൂടുതൽ പ്രതികൂലമായി ബാധിക്കുന്നതും വനംവകുപ്പിന്റെ കരിനിയമത്തിന് ഏറ്റവും കൂടുതൽ ബലിയാടാകേണ്ടി വരുന്നതും ഇടുക്കിയിലെ കുടിയേറ്റ കർഷകരായിരിക്കുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
ജനുവരിയിൽ ചേരുന്ന സമ്മേളനത്തിൽ ബിൽ നിയമമാക്കാനുള്ള തയാറെടുപ്പിലാണ് വനംവകുപ്പ്. ഇടുക്കിലെ 70 ശതമാനം കുടിയേറ്റ കർഷകരും വനാതിർത്തിയിൽ താമസിക്കുന്നവരും വനം വകുപ്പുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരുമാണ്. പലർക്കും പട്ടയവുമില്ല. ആകെയുള്ളത് കൈവശരേഖയാണ്. വനാതിർത്തിയിലെ പുഴകളിൽനിന്ന് മീൻ പിടിച്ചും വനമേഖലയിലൂടെ സഞ്ചരിച്ചുമാണ് ഇവിടത്തുകാരുടെ ജീവിതരീതി. പുതിയ നിയമം വരുന്നതോടെ ഇതെല്ലാം കുറ്റകൃത്യത്തിന്റെ ഭാഗമാകും. വനം വകുപ്പ് ഉദ്യോഗസ്ഥർ കർഷകരോടുള്ള വ്യക്തിവൈരാഗ്യം തീർക്കാനും കുടിയേറ്റ കർഷകരെ വേട്ടയാടാനും നിയമം ഉപയോഗിക്കുണെന്നും കർഷകർ പറയുന്നു.
വനം വകുപ്പിന്റെ സെക്ഷൻ 27, 62 വകുപ്പുകൾ പ്രകാരം വനത്തിൽ പ്രവേശിക്കുകയോ, വിറക് ശേഖരിക്കുകയോ ചെയ്താൽ 1000 രൂപ വരെയായിരുന്നു ഇതുവരെ വനം വകുപ്പിന് ചുമത്താവുന്ന പിഴ. എന്നാൽ, ഇത്തരം കുറ്റകൃത്യങ്ങൾക്ക് വനം വകുപ്പ് പലപ്പോഴും പിഴ ചുമത്താറില്ല. എന്നാൽ, പുതിയ നിയമം വരുന്നതോടെ ഈ പിഴ 25,000 രൂപയായി ഉയരും. വനത്തിലൂടെ സഞ്ചരിക്കുന്നതും വനാതിർത്തികളിലൂടെ ഒഴുകുന്ന പുഴയിൽ കുളിക്കുന്നതും വളർത്തുമൃഗങ്ങളെ മേയ്ക്കുന്നതും വിറക് എടുക്കുന്നതും വലിയ പിഴചുമത്താവുന്ന കുറ്റമായി മാറും. ഇതിനായി 1961ലെ കേരള വനം നിയമം ഭേദഗതി ചെയ്യാനുള്ള ഗസറ്റ് വിജ്ഞാപനം നവംബർ ഒന്നിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വനത്തിനുള്ളിൽവെച്ച് വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരവും പുതിയ നിയമം വഴി വനം വകുപ്പിന് ലഭിക്കും. വാച്ചർമാർക്കുവരെ അറസ്റ്റിന് അനുമതി നൽകുന്നതാണ് ഈ വ്യവസ്ഥ. ബീറ്റ് ഫോറസ്റ്റ് ഓഫിസറുടെ റാങ്കിൽ കുറയാത്ത ഏതെങ്കിലും ഫോറസ്റ്റ് ഓഫിസർക്ക് മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെയോ വാറന്റില്ലാതെയോ, ന്യായമായി സംശയിക്കുന്ന ആരെയും അറസ്റ്റ് ചെയ്ത് തടങ്കലിൽ വെക്കാം എന്നാണ് ഭേദഗതി ബില്ലിൽ പറയുന്നത്. വരുംനാളുകളിൽ ഇതിനെതിരെ പ്രക്ഷോഭം ശക്തമാക്കാനാണ് സംഘടനകളുടെ നീക്കം.
ഉത്തരവ് മരവിപ്പിക്കണം-സി.പി.എം
ചെറുതോണി: ഗസറ്റ് വിജ്ഞാപനത്തിലൂടെ നവംബര്‍ ഒന്നിന് പുറത്തിറങ്ങിയ വന നിയമ ഭേദഗതി ഉത്തരവ് മരവിപ്പിക്കണമെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു. ഉത്തരവില്‍ വരുത്തിയ മാറ്റങ്ങളും പിഴത്തുക വര്‍ധിപ്പിക്കലും വനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ കുറക്കാൻ ഒരു പരിധിവരെ സഹായകരമാകുമെങ്കിലും ഭേദഗതിയില്‍ അപകടകരമായ ജനവിരുദ്ധ നിയമങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ഒറ്റ നോട്ടത്തില്‍ വനം വകുപ്പിന് പൊലീസിന്റെ അധികാരം നല്കുന്ന തെറ്റായ നിയമ ഭേദഗതിയാണ് ഉണ്ടായിട്ടുള്ളത്.
വന സംരക്ഷണമാണ് വനം വകുപ്പിന്റെ ചുമതല എന്നിരിക്കെ പൊലീസിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ഭേദഗതിയിലൂടെ ആരെ വേണമെങ്കിലും കസ്റ്റഡിയിലെടുക്കാനും തടങ്കലില്‍ വെക്കാനും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിയും എന്നതും ഭീതി ജനിപ്പിക്കുന്നതും ദുരുപയോഗം ചെയ്യപ്പെടുന്നതുമാണ്. ഇതുവരെ പ്രോസിക്യൂഷന് അഥവ കുറ്റാന്വേഷണ വിഭാഗമാണ് കേസ് തെളിയിക്കേണ്ടിയിരുന്നതെങ്കില് പുതിയ ഭേദഗതി പ്രകാരം കുറ്റാരോപിതര്‍ തന്നെ കേസ് തെളിയിക്കണം.
നിയമ ഭേദഗതിയുടെ സമീപനത്തില്‍തന്നെ ഉദ്യോഗസ്ഥ മേധാവിത്വം അരക്കിട്ടുറപ്പിക്കുന്നതാണെന്ന് വ്യക്തമാണ്. വനം വകുപ്പിനെ സമാന്തര സര്‍ക്കാറായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചുകൊടുക്കുന്നതാണ് പുതിയ നിയമ ഭേദഗതിയെന്നും ഒരു കാരണവശാലും ഈ നിയമ ഭേദഗതി ജില്ലയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ജില്ല സെക്രട്ടറി സി.വി. വര്‍ഗീസ് പറഞ്ഞു.
വന നിയമ ഭേദഗതി ബിൽ പിൻവലിക്കണം -ഡി.സി.സി
തൊടുപുഴ: സംസ്ഥാന സർക്കാർ കൊണ്ടുവന്ന വന നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ഡി.സി.സി നേതൃയോഗം ആവശ്യപ്പെട്ടു. വനപാലകർക്ക് പൊതുജനത്തിന്റെമേൽ കുതിരകയറാനും അറസ്റ്റ് ചെയ്ത് തുറങ്കിലടക്കാനും അധികാരം നൽകുന്ന ഈ ബിൽ ഏകാധിപതിൾക്കുപോലും ഭൂഷണമല്ല. ഒരു കിലോമീറ്റർ ബഫർ സോണും നിർമാണ നിരോധനവും അടിച്ചേൽപിച്ച ഇടതു സർക്കാർ ബില്ലുമായി മുന്നോട്ടുപോകായാൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് ജില്ല നേതൃയോഗം മുന്നറിയിപ്പു നൽകി. മിഷൻ 25ന്റെ ഭാഗമായി നേതൃസംഗമം എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹൻ ഉദ്ഘാടനം ചെയ്തു.
ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു അധ്യക്ഷത വഹിച്ചു. ജോസഫ് വാഴക്കൻ, എസ്. അശോകൻ, ഇ.എം. ആഗസ്തി, റോയി കെ. പൗലോസ്, എ.കെ. മണി, ഇബ്രാഹിംകുട്ടി കല്ലാർ, ജോയി വെട്ടിക്കുഴി, തോമസ് രാജൻ, എം.എൻ. ഗോപി, എ.പി. ഉസ്മാൻ, എം.കെ. പുരുഷോത്തമൻ, നിഷ സോമൻ, സി.പി. കൃഷ്ണൻ, പി.വി. സ്കറിയ, സിറിയക് തോമസ്, ഷിബിലി സാഹിബ്, എൻ.ഐ. ബെന്നി, ജോൺ നെടിയപാല, ലീലാമ്മ ജോസ്, പി.എസ്. ചന്ദ്രശേഖരപിള്ള തുടങ്ങിയവർ സംസാരിച്ചു.
നിയമ ഭേദഗതി കിരാതം-സി.പി.ഐ
ഇടുക്കി: വനം വകുപ്പിന് അമിതാധികാരം നൽകുന്ന വനനിയമ ഭേദഗതി കരട് ബിൽ പിൻവലിക്കണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ. സലിംകുമാർ ആവശ്യപ്പെട്ടു. വനം വകുപ്പ് ഇപ്പോൾ തന്നെ സമാന്തര സർക്കാറിനെപ്പോലെയാണ് പ്രവർത്തിക്കുന്നത്. ഉദ്യോഗസ്ഥർക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കുന്ന വ്യവസ്ഥകളാണ് പുതിയ ബില്ലിലുള്ളത്.
ഇത് വനത്തോടു ചേർന്നുള്ള പ്രദേശത്തെ കൃഷിക്കാർക്കും മറ്റു ജനവിഭാഗങ്ങൾക്കും ദോഷം ചെയ്യും. ജനവിരുദ്ധ വ്യവസ്ഥകളാണ് കരട് ബില്ലിൽ അടിമുടിയുള്ളത്. ഇടുക്കി പോലുള്ള ജില്ലകളിൽ വനം വകുപ്പിനെതിരെ പ്രതിഷേധം പലയിടത്തും നിലവിലുണ്ട്. വ്യാപകമായ സമരങ്ങളും നടന്നുവരുകയാണ്. പുതിയ അധികാരങ്ങൾ വനം വകുപ്പിന് കിട്ടിയാൽ അവയെല്ലാം പ്രതിഷേധക്കാരെ കുടുക്കാൻ അവർ ഉപയോഗിക്കും. ആരും ഈ നിയമത്തിന്റെ ഇരയായിത്തീരാം.
വനവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ അറസ്റ്റിലാകുന്നയാളെ പൊലീസ് സ്റ്റേഷനിലാണ് ഹാജരാക്കേണ്ടതെന്ന നിയമവും മാറ്റിയെഴുതുകയാണ്. തൊട്ടടുത്ത പൊലീസ് സ്റ്റേഷന് പകരം ഫോറസ്റ്റ് ഓഫിസിൽ ഹാജരാക്കാമെന്ന വ്യവസ്ഥ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. കുറ്റാരോപിതര്‍തന്നെ കേസ് തെളിയിക്കണമെന്ന വ്യവസ്ഥയും അപലപനീയമാണ്. ഉദ്യോഗസ്ഥ മേധാവിത്വം മാത്രം ലക്ഷ്യമിട്ടുള്ള ഭേദഗതികൾ പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ബിൽ റദ്ദാക്കണം -കേരള കോൺഗ്രസ് എം
തൊടുപുഴ: ജനദ്രോഹപരമായ കരട് വന നിയമ ഭേദഗതി ബിൽ റദ്ദ് ചെയ്യണമെന്ന് കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു. 1961ൽ പ്രാബല്യത്തിൽ വന്നതും ഭേദഗതികൾ വന്നതുമായ കേരള ഫോറസ്റ്റ് ആക്ട് പരിഷ്കരിക്കാനുള്ള കരട് വിജ്ഞാപനം കർഷക വിരുദ്ധവും മൗലിക അവകാശങ്ങളുടെ ലംഘനവുമാണ്. ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഗൗരവമേറിയതും ജനവിരുദ്ധമായതും മൗലിക അവകാശങ്ങൾ ഹനിക്കപ്പെടുന്ന നിർദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ ബിൽ.
വന്യമൃഗങ്ങളെ വനത്തിന്റെ പരിധിയിൽ നിലനിർത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിർബന്ധിതരാകുന്ന വിധത്തിലുള്ള വകുപ്പുകൾ വന നിയമത്തിൽ കൂട്ടിച്ചേർക്കപ്പെടണം. കൂടാതെ പ്രദേശത്തിന്റെ അത്യാവശ്യ വികസനംപോലും തടസ്സപ്പെടുത്തുന്ന നിലവിലുള്ള നിയമങ്ങൾക്ക് പരിഷ്കരണങ്ങൾ വരുത്താനും സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിജ്ഞാപനത്തിന്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിക്കും
നെടുങ്കണ്ടം: വന നിയമ ഭേദഗതി ബില്ലിന്റെ പകർപ്പ് കത്തിച്ച് പ്രതിഷേധത്തിന് തുടക്കമിടാനൊരുങ്ങി കർഷക കോൺഗ്രസ്. നെടുങ്കണ്ടം കല്ലാർ വനം വകുപ്പ് ഓഫിസിന് മുന്നിൽ വ്യാഴാഴ്ചയാണ് വിജ്ഞാപനത്തിന്റെ പകർപ്പ് കത്തിച്ച് സമരം നടത്തുന്നത്.
കേരള ഫോറസ്റ്റ് ആക്ട് പുതിയ നിയമഭേദഗതി വിജ്ഞാപനം ജനങ്ങളുടെ മൗലിക അവകാശത്തിനുമേലുള്ള കടന്നുകയറ്റവും വെല്ലുവിളിയുമാണെന്ന് കർഷക കോൺഗ്രസ് ആരോപിച്ചു. മൗലിക അവകാശങ്ങളെ ഹനിക്കുന്ന കരിനിയമങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപിക്കാനും നിയമമാക്കി മാറ്റാനുമുള്ള വിജ്ഞാപനം ഹൈറേഞ്ചിലെ ജനങ്ങൾക്ക് ഇടിത്തിയാകുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥന്മാർക്ക് നിയമം ദുരുപയോഗം ചെയ്യാനുള്ള പ്രചോദനമാകുമെന്നും കർഷക കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു.
ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ വനം വകുപ്പ് ഓഫിസുകളിലേക്ക് പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജോയി കുന്നുവിള, ബിജു വട്ടമറ്റം, സാജു വാക്കോട്ടിൽ, ആന്റണി പെരുമ്പറ, ജോസുകുട്ടി കുര്യാക്കോസ്, പി.ജെ. ജേക്കബ്, ജോസ് അമ്മൻചേരില്‍ തുടങ്ങിയവർ പറഞ്ഞു.
സർവകക്ഷി യോഗം വിളിക്കണം-കേരള കർഷക യൂനിയൻ
ചെറുതോണി: വനംവകുപ്പിന് പരമാധികാരം നൽകി ഇടതു സർക്കാർ ഇറക്കിയ കരട് വിജ്ഞാപനം സംബന്ധിച്ച് 13 ജില്ലകളിലും സർവകക്ഷി യോഗം ചേരണമെന്നും ജനങ്ങളുടെ അഭിപ്രായങ്ങൾകൂടി പരിഗണിക്കണമെന്നും കേരള കർഷക യൂനിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ ആവശ്യപ്പെട്ടു. ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷികളുടെയും കർഷക സംഘടനകളുടെയും പ്രതിനിധികളെയും പങ്കെടുപ്പിക്കണം. ജനങ്ങളുടെ അഭിപ്രായം പരിഗണിക്കാൻ സർക്കാർ തയാറാകാത്തപക്ഷം കേരള കർഷക യൂനിയൻ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.