ദേശീയപാതയിലെ അശാസ്ത്രീയ നിർമാണത്തിനെതിരെ പ്രതിഷേധം
text_fieldsഅടിമാലി: കൊച്ചി - ധനുഷ്കോടി ദേശീയപാതയുടെ വികസന പ്രവൃത്തി എന്ന പേരിൽ നടക്കുന്ന അശാസ്ത്രീയ നിർമാണത്തിനെതിരെ ബഹുജനപ്രക്ഷോഭം ആരംഭിക്കുമെന്ന് അടിമാലിയിലെ വ്യാപാരി നേതാക്കളും വിവിധ രാഷ്ട്രീയ നേതാക്കളും അറിയിച്ചു. ദേശീയപാതയുടെ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരത്തിൽ 100 അടി വീതി രാജഭരണകാലം മുതൽ ഉള്ളതാണെന്ന് ഹൈകോടതി ഉത്തരവ് ഉണ്ടായിട്ടും ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്.
ഇതിനെതിരെ വനം മന്ത്രി അടിയന്തരമായി ഇടപെടണമെന്നും, അപകടകരമായ മരങ്ങൾ മുറിച്ചുനീക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും നേതാക്കൾ പറഞ്ഞു. ഹൈകോടതി വിധി അടിയന്തരമായി നടപ്പാക്കുന്നതിന് സർവേ രേഖകൾ പരിശോധിച്ച് സ്ഥലം അളന്നുതിരിച്ച് അതിർത്തി നിശ്ചയിച്ച് ഭൂമി ഏറ്റെടുത്ത് നടപടി സ്വീകരിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു. ഇപ്പോൾ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ റോഡരികിൽ താമസിക്കുന്ന ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
കട്ടിങ് സൈഡിൽ കോൺക്രീറ്റ് മതിലുകൾ ഉയർത്തുന്നത് ഭാവിയിൽ ഈ റോഡിനുള്ള എല്ലാ വികസന പ്രവർത്തനങ്ങളെയും തടയുന്നതിന് തുല്യമാണെന്നും, റോഡിന് ആവശ്യമായ പുറമ്പോക്ക് ഭൂമി പോലും പുറത്തിട്ടുകൊണ്ടാണ് കോൺക്രീറ്റ് മതിലുകൾ ഉയർത്തുന്നതെന്നും നേതാക്കൾ ആരോപിച്ചു.
ദേശീയപാതയോരത്ത് താമസിക്കുന്ന ജനങ്ങൾക്ക് തങ്ങളുടെ ഭൂമിയിലേക്ക് കയറുന്നതിന് ഗതാഗത സൗകര്യം പോലും നിലവിലില്ല. ഈ ഭൂമി ഭാവിയിൽ ഒരാവശ്യത്തിനും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. റോഡ് വികസനത്തിന്റെ പേരിൽ അനുവദിച്ചിരിക്കുന്ന വലിയ തുക കോൺക്രീറ്റ് മതിലുകൾ നിർമിക്കുന്നതിന് മാത്രം ഉപയോഗിച്ച് റോഡിന്റെ വികസനം തടസ്സപ്പെടുത്തുകയാണ് ഉദ്യോഗസ്ഥരും കരാറുകാരും. റോഡിൽ നടക്കുന്ന ഓട നിർമാണവും അശാസ്ത്രീയമാണ്. ഇത് മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാക്കാനിടയാക്കും. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ഇത് പുനഃപരിശോധിക്കണമെന്നും വ്യാപാരി നേതാക്കൾ ആവശ്യപ്പെട്ടു. അനുവദിച്ച തുകയുടെ നിർമാണം പൂർത്തിയാക്കി റോഡിന്റെ ഉടമസ്ഥാവകാശം സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കൈമാറാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.
ഈ കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തി ബഹുജനപ്രക്ഷോഭം ആരംഭിക്കുമെന്ന് വ്യാപാരി നേതാക്കളായ പി.എം. ബേബി, കെ.ആർ. വിനോദ്, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളായ ബാബു പി. കുര്യാക്കോസ്, എം. കമറുദ്ദീൻ, കോയ അമ്പാട്ട്, എം. സൈനുദ്ദീൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.