തുലാമഴ ശക്തം; അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു
text_fieldsഅടിമാലി: തുലാമഴ ശക്തമായതോടെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു. ലോവർ പെരിയാർ, പൊന്മുടി, കല്ലാർ ഡാമുകളാണ് തുറക്കാൻ മുന്നറിയിപ്പ് നൽകിയത്. ബുധനാഴ്ച വൈകീട്ട് മൂന്നിന് പൊന്മുടി ഡാം തുറന്നു.
പന്നിയാർ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ പൊന്മുടി ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിൽ എത്തിയതിനാലാണ് ഒരു ഷട്ടർ 10 സെന്റീമീറ്റർ തുറന്നത്.
707.75 മീറ്ററാണ് പൊന്മുടി ഡാമിന്റെ പരമാവധി സംഭരണ ശേഷി. വൃഷ്ടിപ്രദേശത്ത് കനത്ത മഴ ലഭിച്ചതോടെ ഡാമിലെ ജലനിരപ്പ് 706.50 മീറ്ററിൽ എത്തിയിരുന്നു. 2022 ജൂലൈ 14നാണ് ഇതിനു മുമ്പ് പൊന്മുടി ഡാമിന്റെ ഷട്ടർ തുറന്ന് ജലനിരപ്പ് ക്രമീകരിച്ചത്.
കാലവർഷത്തിൽ മഴ കുറഞ്ഞതോടെ പൊന്മുടി ഡാമിലും ജലനിരപ്പ് താഴ്ന്നത് വൈദ്യുതി വകുപ്പിനെ ആശങ്കയിലാക്കിയിരുന്നു. എന്നാൽ, ഒരാഴ്ചയായി പന്നിയാർ പുഴയുടെ തീരങ്ങളിൽ പെയ്ത കനത്ത മഴയിൽ ഡാമിലെ ജലനിരപ്പ് ഉയർന്നു.
ചൊവ്വാഴ്ച 706.10 മീറ്റർ ആയിരുന്നു ഡാമിലെ ജലനിരപ്പ്. എന്നാൽ, കല്ലാർകുട്ടി അണക്കെട്ടിൽ കാര്യമായി ജലനിരപ്പ് ഉയർന്നിട്ടില്ല. വെള്ളം കുറവായതിനാൽ നേര്യമഗലം പവർ ഹൗസിന്റെ പ്രവർത്തനം കാര്യക്ഷമമല്ല.
ഒരാഴ്ചയായി നാല് ജനറേറ്ററുകളിൽ രണ്ടെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്.
ലോവർ പെരിയാർ അണക്കെട്ട് തുറക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും വെള്ളം കുറവായതിനാൽ തുറന്നിട്ടില്ല. അണക്കെട്ടിന്റെ ഭാഗമായ കരിമണൽ പവർ ഹൗസിലെ മൂന്ന് ജനറേറ്ററിൽ ഒരെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്.
കല്ലാർ ഡാമിന്റെ ഷട്ടര്‍ തുറന്നു
നെടുങ്കണ്ടം: ചൊവ്വാഴ്ച രാത്രിയില്‍ മണിക്കൂറുകൾ പെയ്ത ശക്തമായ മഴയില്‍ നെടുങ്കണ്ടം കല്ലാര്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഡാമിന്റെ ഷട്ടര്‍ തുറന്നു. ബുധനാഴ്ച രാവിലെ ഏഴോടെ ഒരുഷട്ടര്‍ 10 സെ.മീറ്റര്‍ ഉയര്‍ത്തിയാണ് വെള്ളം തുറന്നുവിട്ടത്. അര്‍ധരാത്രിതന്നെ കല്ലാര്‍ പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ തുടങ്ങിയിരുന്നു. പുലര്‍ച്ചെ 3.30ഓടെ രണ്ട് ഷട്ടര്‍ തുറക്കാന്‍ കലക്ടര്‍ അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് ആവശ്യമായ അനുമതിയും അനൗണ്‍സ്മെന്റും നടത്തി രാവിലെ ഏഴിന് ഒന്നാം നമ്പര്‍ ഷട്ടര്‍ ഉയര്‍ത്തുകയായിരുന്നു.
ഡാം തുറന്നുവിട്ടതോടെ തൂവല്‍ അരുവിയില്‍ ജലനിരപ്പ് ഉയരുകയും തൂവല്‍ ചപ്പാത്തിനു മുകളിലൂടെ വെള്ളം ഒഴുകുകയും ചെയ്തു. ഇതിനിടെ താന്നിമൂട് - കല്ലാര്‍ റോഡില്‍ വെള്ളം കയറാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ബുധനാഴ്ച പകല്‍ മഴയുടെ ശക്തി കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.