വന്യമൃഗങ്ങളെ തുരത്താനുള്ള ഓട്ടത്തിനിടെ പച്ചക്കറി കൃഷിയുമായി റേഞ്ച് ഓഫിസർ
text_fieldsമൂന്നാർ ഫോറസ്റ്റ് റേഞ്ച് ഓഫിസർ എസ്. ബിജു ക്വാർട്ടേഴ്സിലെ പച്ചക്കറിത്തോട്ടത്തിൽ
അടിമാലി: ജനവാസ കേന്ദ്രത്തിൽ വന്യമൃഗങ്ങൾ കൃഷിക്ക് വലിയ നാശംവിതക്കുമ്പോൾ വന്യമൃഗങ്ങളെ വനത്തിലേക്ക് തുരത്താൻ ഓടുന്നതിനിടെ തന്റെ ക്വർട്ടേഴ്സിനോട് ചേർന്ന് പച്ചക്കറിത്തോട്ടം പരിപാലിച്ച് മാതൃകയാവുകയാണ് ഈ റേഞ്ച് ഓഫിസർ.
മൂന്നാർ ഫോറസ്റ്റ് റേഞ്ച് ഓഫിസർ എസ്.ബിജുവാണ് ക്വാർട്ടേഴ്സിനോട് ചേർന്നുള്ള ചുരുങ്ങിയ സ്ഥലത്ത് മികച്ച രീതിയിൽ പച്ചക്കറിത്തോട്ടം പരിപാലിക്കുന്നത്. തോട്ടം മേഖലയിലെ തൊഴിലാളികളുടെ അടുക്കളത്തോട്ടങ്ങൾവരെ നശിപ്പിക്കുന്ന ആനയും പന്നിയും കാട്ടുപോത്തുമൊക്കെ വിഹരിക്കുന്ന നാട്ടിലാണ് റേഞ്ച് ഓഫിസറുടെ വേറിട്ട കൃഷി. കാട്ടാന ഉൾപ്പെടെ വന്യമൃഗങ്ങളുടെ ശല്യം ഏറെയുള്ള മൂന്നാർ റേഞ്ചിലെ ജോലിക്കിടയിലെ മാനസികസമ്മർദം കുറക്കാൻ രാവിലെയുള്ള പച്ചക്കറികൃഷി ഏറെ ഗുണകരമാണെന്ന് റേഞ്ചർ പറഞ്ഞു.
കാബേജ്, കാരറ്റ്, ബീൻസ്, ബ്രോക്കോളി, വഴുതന, മത്തൻ, അഞ്ചുതരം ചീരകൾ, പച്ചമുളക്, കാപ്സിക്കം, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവയാണ് ബിജുവിന്റെ തോട്ടത്തിലുള്ളത്. ചാണകവും ജൈവ കീടനാശിനികളും ഉപയോഗിച്ചാണ് പച്ചക്കറി കൃഷി. പന്തളം സ്വദേശിയായ ബിജു ജോലി ചെയ്തിട്ടുള്ള എല്ലാ സ്ഥലങ്ങളിലും താമസസ്ഥലത്ത് സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറികൾ ഉൽപാദിപ്പിച്ചാണ് ഉപയോഗിക്കുന്നത്. മൂന്നാറിൽ വന്നപ്പോഴും കൃഷി തുടരുകയാണ്. ജോലിയിലെ പിരിമുറുക്കം കുറച്ച്, സ്വന്തമായി അധ്വാനിച്ച് ജൈവരീതിയിൽ കൃഷി ചെയ്യുന്ന പച്ചക്കറികൾ ഉപയോഗിച്ച് ഭക്ഷണം കഴിക്കുമ്പോൾ ലഭിക്കുന്ന സംതൃപ്തി വലുതാണെന്ന് ബിജു പറഞ്ഞു. ഭാര്യയും മകളും നാട്ടിലായതിനാൽ ക്വാർട്ടേഴ്സിൽ തനിച്ചാണ് ഭക്ഷണം പാകംചെയ്ത് കഴിക്കുന്നത്. വിളവെടുക്കുന്ന പച്ചക്കറികളിൽ ആവശ്യത്തിനെടുത്തശേഷം ബാക്കി മറ്റുള്ളവർക്ക് കൊടുക്കുന്നതാണ് രീതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.