റേഷനരി കേരളത്തിലേക്ക്; തമിഴ്നാട് അന്വേഷണം തുടങ്ങി
text_fieldsഅടിമാലി: തമിഴ്നാട്ടിൽ പാവപ്പെട്ടവർക്ക് മൂന്ന് രൂപക്ക് നൽകുന്ന റേഷനരി വൻ തോതിൽ കേരളത്തിലേക്ക് എത്തുന്നുവെന്ന വിവരത്തെത്തുടർന്ന് തമിഴ്നാട് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം തമിഴ്നാട് ഭക്ഷ്യവകുപ്പും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ 17 ടൺ അരിയും ലോറിയും പിടികൂടിയിരുന്നു. ലോറി ഡ്രൈവർ പാലക്കാട് സ്വദേശി ജോണി, മധുരയിലെ അരി മില്ല് ഉടമ ശ്രീനിവാസൻ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിടികൂടിയ റേഷനരി ഉത്തമപാളയം സിവിൽ സപ്ലൈസ് വിഭാഗത്തിന് കൈമാറി.
അരി കുമളി ചെക്ക്പോസ്റ്റ് വഴി കേരളത്തിലേക്ക് കടത്താനാണ് ഇവർ ലക്ഷ്യമിട്ടിരുന്നതെന്ന് ഉത്തമപാളയം പൊലീസ് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഒമ്പത് ചെക്ക് പോസ്റ്റുകൾവഴി അരി കേരളത്തിലേക്ക് കടത്താൻ വൻ സംഘങ്ങൾ പ്രവർത്തിക്കുന്നതായാണ് വിവരം. കൂടുതലും പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ചാണ് ഈ സംഘങ്ങൾ പ്രവർത്തിക്കുന്നത്.
ഈ ജില്ലയിലെ ചില കേന്ദ്രങ്ങളിൽ എത്തിക്കുന്ന അരി രാസ പദാർഥങ്ങളും കൃത്രിമ നിറങ്ങളും ചേർത്ത് കുത്തരിയാക്കിയാണ് വിൽപന. ഒരു കിലോ അരിക്ക് 30 രൂപവരെ ലാഭം ലഭിക്കുമെന്നതിനാൽ നിരവധി വമ്പൻമാരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. കേരളത്തിലെയും തമിഴ്നാട്ടിലെയും ചെക്ക് പോസ്റ്റ് ജീവനക്കാരും ഉയർന്ന പൊലീസ്-സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘത്തിന്റെ ഒത്താശയും ഇവർക്കുണ്ട്. കണ്ടെയ്നർ ലോറികളിൽവരെ നിർബാധം അരികടത്താൻ ഇത് സംഘത്തിന് അവസരമൊരുക്കുന്നു. ഇതിനെതിരെ തമിഴ്നാട്ടിൽ നടപടി ആരംഭിച്ചതോടെ അന്തർസംസ്ഥാന ബസ് മാർഗവും ഇടുക്കിയിൽ തോട്ടം മേഖലയിൽ തൊഴിലിനായി എത്തുന്നവരുടെ മറവിലും അരി കടത്ത് ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.